മുൾമുനയിൽ അതിർത്തി ; പൂഞ്ചിൽ വ്യാപക ഷെല്ലിങ്, മരണം

border in tension

പാകിസ്ഥാന്റെ ഷെല്ലിങ് 
രൂക്ഷമായതോടെ 
ജമ്മു കശ്മീര്‍ പൂഞ്ചിലെ 
മെന്ദറിൽനിന്ന് 
പലായനം ചെയ്യുന്നവർ

avatar
അഖില ബാലകൃഷ്ണൻ

Published on May 10, 2025, 12:44 AM | 3 min read


ന്യൂഡൽഹി

‘നിങ്ങൾക്ക്‌ യുദ്ധമെന്തന്നറിയില്ല. പതിക്കുന്ന ബോംബുകൾക്ക്‌ മുസ്ലിം, ഹിന്ദു വ്യത്യാസമില്ല. ആക്രമണം ഞങ്ങളുടെ വീടുകൾക്ക്‌ നേർക്കാണ്‌.’–- പാകിസ്ഥാൻ ഷെല്ലാക്രമണത്തിൽ വീടുകൾ നഷ്‌ടപ്പെട്ട ഉറിയിലെ സാധാരണ മനുഷ്യരുടെ വാക്കുകൾ.


വ്യാഴാഴ്‌ച രാത്രി കശ്‌മീരിലെ നിയന്ത്രണ രേഖയ്‌ക്ക്‌ കുറുകെ ജനവാസകേന്ദ്രങ്ങൾക്ക്‌ നേരെ പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ഉറിയിലെ തജൽ ഗ്രാമത്തിൽ ഒരു സ്‌ത്രീ കൊല്ലപ്പെട്ടു. നാല് പേർക്ക്‌ പരിക്കേറ്റു. ഇരുപതിലേറെ വീടുകൾ തകർന്നു. സമീപമുള്ള വീടുകളെല്ലാം തകർന്ന്‌ വീഴുമ്പോൾ കുടുംബം മുഴുവൻ ഒരു മുറിയിൽ ശ്വാസമടക്കി കഴിഞ്ഞ അനുഭവവും പ്രദേശവാസി പറഞ്ഞു. ഷെല്ലാക്രമണത്തിൽ പരിക്കേറ്റവർ ജമ്മുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്‌. വീട്‌ നഷ്ടപ്പെട്ടവരെ സംബയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്‌ മാറ്റി. ചൊവ്വാഴ്‌ച 15 പേർ കൊല്ലപ്പെട്ട പൂഞ്ചിൽ വെള്ളിയാഴ്‌ച വീണ്ടുമുണ്ടായ ഷെല്ലാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പുലർച്ചെ 3.50നും 4.45നും ഇടയിലുണ്ടായ അതിതീവ്ര ആക്രമണത്തെ തുടർന്ന്‌ പ്രദേശം ഇരുട്ടിലായി. രജൗരി ജില്ലയിലും അതിർത്തി ലംഘിച്ച്‌ വെടിവയ്‌പും ഷെല്ലാക്രമണവുമുണ്ടായി.


പുഞ്ചിൽ ചൊവ്വാഴ്‌ച നടന്ന ആക്രമണത്തിൽ സ്‌കൂൾ തകർന്നതായും റിപ്പോർട്ടുകളുണ്ട്‌. കെട്ടിടങ്ങൾക്ക്‌ വ്യാപക നാശനഷ്ടങ്ങളുണ്ട്‌. ഉറിയിൽനിന്നും പൂഞ്ചിൽനിന്നും അഭയസ്ഥാനം തേടി ജനങ്ങൾ ബാരാമുള്ളയിലേക്കും മറ്റും പാലായനം തുടരുകയാണ്‌. വ്യോമാക്രമണത്തെ തുടർന്ന്‌, പടിഞ്ഞാറൻ രാജസ്ഥാനിലെ അതിർത്തി ഗ്രാമങ്ങൾ പൂർണമായും ഒറ്റപ്പെട്ടു. സംഘർഷം രൂക്ഷമായതോടൈ ജയ്‌സാൽമീർ, ബാർമേർ, ബിക്കാനീർ, ശ്രീഗംഗാനഗർ തുടങ്ങിയ ജില്ലകൾ തുടർച്ചയായി ബ്ലാക്ക്‌ഔട്ടിലായി. സ്‌ഫോടന ശബ്‌ദം മുഴങ്ങിയതോടെ ജനങ്ങൾ ആശങ്കയിലായി.


വ്യോമാക്രമണം നടന്നെന്ന്‌ കരുതപ്പെടുന്ന മേഖലകളിലെ അപകടവിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഡ്രോൺ അവശിഷ്ടങ്ങൾ ലഭിച്ചതായി റിപ്പോർട്ടുണ്ട്‌. അതിർത്തി ജില്ലകളിൽ സ്‌കൂളുകൾ അനിശ്ചിത കാലത്തേക്ക്‌ അടച്ചെന്ന്‌ അധികൃതർ അറിയിച്ചു. സൈനികരല്ലാത്തവർ അതിർത്തിമേഖലകളിലേക്ക്‌ പോകരുതെന്ന്‌ നിർദേശമുണ്ട്‌. അതേസമയം, പഞ്ചാബ്‌ അതിർത്തി ജില്ലകളിൽ കരിഞ്ചന്തയും പൂഴ്‌ത്തിവയ്‌പും വ്യാപകമാകുന്നതായി സർക്കാർ അറിയിച്ചു. ഭക്ഷ്യക്ഷാമവും ഇന്ധനക്ഷാമവുമുണ്ടാകുമെന്ന്‌ ആശങ്കപടർന്നതിനെ തുടർന്ന്‌ പെട്രോൾ പമ്പുകളിൽ നീണ്ട നിരയുണ്ടായി. കൈവശമുള്ള സ്റ്റോക്ക്‌ വിവരങ്ങൾ സമർപ്പിക്കണമെന്ന്‌ കച്ചവടക്കാർക്ക്‌ സർക്കാർ നിർദേശം നൽകി.


തയ്യാറെടുപ്പുകൾ 
വിലയിരുത്തി 
ആരോഗ്യമന്ത്രാലയം

യുദ്ധസാഹചര്യത്തെ നേരിടുംവിധം രാജ്യത്തെ ആരോഗ്യസംവിധാനങ്ങൾ സജ്ജമാണോയെന്ന്‌ വിലയിരുത്തുന്നതിനായി കേന്ദ്രമന്ത്രി ജെ പി നദ്ദയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ആംബുലൻസുകളുടെയും ആശുപത്രി കിടക്കകളുടെയും ലഭ്യത, മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും ശേഖരം, എമർജൻസി യൂണിറ്റുകളിലെയും ഐസിയുവുകളിലെയും മറ്റും സൗകര്യങ്ങൾ, മൊബൈൽ ട്രോമാകെയർ യൂണികളുടെ എണ്ണം, രക്തദാനത്തിനുള്ള സൗകര്യങ്ങൾ തുടങ്ങിയവ യോഗം വിലയിരുത്തി.


അവശ്യമരുന്നുകളുടെ ലഭ്യത, രക്തബാങ്കുകളിൽ ആവശ്യമായ രക്തം, ആവശ്യത്തിന്‌ ഓക്‌സിജൻ കിറ്റുകൾ, ട്രോമാകെയർ കിറ്റുകൾ എന്നിവ ഉറപ്പുവരുത്തണമെന്ന്‌ ആശുപത്രികൾക്കും മെഡിക്കൽ കോളേജുകൾക്കും നിർദേശം നൽകി. മെഡിക്കൽ എമർജൻസിയുണ്ടായാൽ നേരിടുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രാലയം 24 മണിക്കൂർ കമാൻഡ്‌ ആൻഡ്‌ കൺട്രോൾ റൂം തുറന്നു.


പ്രതിരോധ–ആഭ്യന്തര മന്ത്രാലയങ്ങളിൽ 
ഉന്നതതല യോഗം

പാകിസ്ഥാനുമായുള്ള ഏറ്റുമുട്ടൽ രൂക്ഷമായതോടെ പ്രതിരോധ–- ആഭ്യന്തര മന്ത്രാലയങ്ങളിൽ ഉന്നതതല യോഗങ്ങൾ ചേർന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംയുക്ത സേനാമേധാവി അനിൽ ചൗഹാൻ, കരസേനാ മേധാവി ഉപന്ദ്ര ദ്വിവേദി, നാവിക മേധാവി ദിനേഷ്‌ കെ ത്രിപാഠി, വ്യോമസേനാ മേധാവി എ പി സിങ്‌, പ്രതിരോധ സെക്രട്ടറി രാജേഷ്‌ കുമാർ സിങ്‌ എന്നിവർ യോഗത്തിൽ പങ്കെടുത്തു. അതിർത്തിയിലെയും നിയന്ത്രണരേഖയിലെയും സുരക്ഷാസാഹചര്യവും മൂന്ന്‌ സേനാവിഭാഗങ്ങളുടെയും തയ്യാറെടുപ്പും യോഗം വിലയിരുത്തി.


ജമ്മു–-കശ്‌മീരിലെ അതിർത്തിമേഖലയിലും നിയന്ത്രണരേഖയിലുമായി പാക്‌ സേന നടത്തുന്ന ഷെല്ലാക്രമണം വലിയ നാശനഷ്ടമുണ്ടാക്കിയ സാഹചര്യത്തിലാണ്‌ യോഗം ചേർന്നത്‌. വ്യാഴം രാത്രിയിലും വെള്ളി പുലർച്ചെയുമായി പടിഞ്ഞാറൻ അതിർത്തിയിൽ പാക്‌ സേന ആക്രമണം കടുപ്പിച്ചിരുന്നു. പാക്‌ ആക്രമണവും ഇന്ത്യൻ പ്രതിരോധവും തുടർന്നുള്ള പ്രത്യാക്രമണവും സൈനിക തലവൻമാർ വിശദീകരിച്ചു. ആഭ്യന്തര മന്ത്രി അമിത്‌ ഷായുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ ബിഎസ്‌എഫ്‌ ഡിജിയും സിആർപിഎഫ്‌ ഡിജിയുമടക്കമുള്ളവർ പങ്കെടുത്തു.



വ്യോമമേഖല അടച്ചു ഡൽഹിയിൽ 
138 വിമാനം റ​ദ്ദാക്കി

ഡൽഹി വിമാനത്താവളത്തിൽ വെള്ളിയാഴ്ച 138 വിമാനം റദ്ദാക്കി. പുലർച്ചെ അഞ്ചുമുതൽ ഉച്ചയ്ക്ക്‌ രണ്ടുവരെ 129 ആഭ്യന്തര വിമാന സർവീസുകളും ഒമ്പത്‌ അന്താരാഷ്ട്ര വിമാന സർവീസുകളുമാണ്‌ റദ്ദാക്കിയത്‌. ഡൽഹിയുടെ വടക്കൻ മേഖലയിലെ വ്യോമാതിർത്തി അടച്ചതും അതിർത്തി ജില്ലകളിൽ വിമാനത്താവളങ്ങൾ അടച്ചതുമാണ്‌ ആഭ്യന്തര വിമാനങ്ങൾ റദ്ദാക്കാൻ കാരണം. ഇന്ത്യാ –-പാക്‌ വ്യോമമേഖല അടച്ചത്‌ അന്തരാഷ്ട്ര സർവീസുകളെയും ബാധിച്ചു. രണ്ട്‌ ദിവസത്തിനിടെ 230ഓളം വിമാനസർവീസുകൾ ഡൽഹിയിൽ റദ്ദാക്കി. രാജ്യമാകെ നിലവിൽ 27 വിമാനത്താവളങ്ങളാണ്‌ അടച്ചത്‌.


പൂഞ്ചിൽ വ്യാപക ഷെല്ലിങ്, മരണം

അതിര്‍‌ത്തിയിൽ ജനവാസകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് വെള്ളി പുലര്‍ച്ചെ പാകിസ്ഥാന്‍ നടത്തിയ കനത്ത ഷെല്ലിങ്ങിൽ ഒരു പ്രദേശവാസി മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. പൂഞ്ചിലെ സെക്ടറിലെ ലോറനിലെ മുഹമ്മദ് അബ്രാര്‍ ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു.രജൗരി, പൂഞ്ച്, ജമ്മു ജില്ലകളിൽ പാക് സെന്യം ഷെല്ലിങ്ങും വെടിവയ്‍പുമുണ്ടായി. വെള്ളി പുലര്‍ച്ചെ 3.50 മുതൽ 4.45 വരെ ശക്തമായ സ്ഫോടനങ്ങളുണ്ടായി. തുടര്‍ന്ന് അതിര്‍ത്തി മേഖലകളിൽ വ്യാപക ബ്ലാക്ക് ഔട്ട് നടപ്പാക്കി. സൈന്യം ശക്തമായി തിരിച്ചടിച്ചു.






deshabhimani section

Related News

View More
0 comments
Sort by

Home