എന്തിന് പേര് മാറ്റണമെന്ന് സെൻസർ ബോർഡിനോട് കോടതി; ഹിന്ദി സിനിമ 'ജാനകി'ക്ക് അനുമതി നിഷേധിച്ചതിൽ വിശദീകരണം തേടി

മുംബൈ: പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹിന്ദി ചിത്രം ജാനകി'ക്ക് അനുമതി നിഷേധിച്ച് സെൻസർ ബോർഡ്. ജാനകി, രഘുറാം എന്നീ പേരുകൾ സിനിമയിൽ നിന്ന് മാറ്റണമെന്ന് നിർമാതാക്കളോട് ബോർഡ് ആവശ്യപ്പെട്ടു. സെൻസർ ബോർഡ് നടപടിക്കെതിരെ നിർമാതാക്കൾ ബോംബെ ഹൈക്കോടതിയിൽ ഹർജി നൽകി. എന്തിനാണ് പേരുകൾ മാറ്റേണ്ടതെന്ന് വിശദീകരിക്കണമെന്ന് സെൻസർ ബോർഡിനോട് കോടതി നിർദേശിച്ചു.
ഛത്തീസ്ഗഢി ഭാഷയിൽ നിർമിച്ച സിനിമയാണ് ജാനകി. കൗശൽ ഉപാധ്യയ സംവിധാനം ചെയ്ത് ദിലേഷ് സാഹു, അനുകൃതി ചൗഹാൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായ ചിത്രം ഛത്തീസ്ഗഢിൽ വലിയ വിജയം നേടിയിരുന്നു. തുടർന്നാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പും റിലീസ് ചെയ്യാൻ നിർമാതാക്കൾ തീരുമാനിച്ചത്.
മതപരമായോ സാമൂഹ്യപരമായോ ഉള്ള വികാരങ്ങളെ വ്രണപ്പെടുത്താൻ സാധ്യതയുള്ളതിനാൽ ജാനകി, രഘുറാം എന്നീ പേരുകൾ മാറ്റമെന്ന് സെൻസർ ബോർഡ് നിർമാതാക്കളോട് ആവശ്യപ്പെട്ടു. ഈ ആവശ്യം നിർമാതാക്കൾ അംഗീകരിച്ചില്ല. പിന്നീട് പലതണ ബോർഡിനെ സമീപിച്ചിട്ടും ഫലമുണ്ടാകാതായതോടെയൈാണ് കോടതിയിൽ പോയത്. ഒക്ടോബർ ആറിന് മുൻപ് സെൻസർ ബോർഡ് കൃത്യമായ മറുപടി നൽകണമെന്നും അന്ന് കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന മലയാള ചിത്രത്തിനും ഇതേ ആവശ്യം ഉന്നയിച്ച് സെൻസർ ബോർഡ് അനുമതി നിഷേധിച്ചിരുന്നു. പിന്നീട് ജെഎസ്കെ എന്ന പേരിലാണ് ചിത്രം റിലീസ് ചെയ്തത്. സിനിമയിലെ നായികയുടെ പേര് ജാനകി എന്നാണെന്നും, അത് ശ്രീരാമന്റെ ഭാര്യയായ സീതയുടെ മറ്റൊരു പേരായതിനാൽ ഹിന്ദു മതവിശ്വാസികളെ അപമാനിക്കുന്നതാണെന്നുമായിരുന്നു ബോർഡിന്റെ ആരോപണം.









0 comments