ഡൽഹി, ബോംബെ ഹൈക്കോടതികളിൽ ബോംബ് ഭീഷണി

ന്യൂഡൽഹി: ഡൽഹി ഹൈക്കോടതിയിൽ ബോംബ് ഭീഷണി. നിരവധി ജഡ്ജിമാർ കാരണം പറയാതെ നടപടികൾ മാറ്റിവച്ചു. കോടതിമുറികൾ ഒഴിഞ്ഞുകിടന്നതായാണ് റിപ്പോർട്ട്. രാവിലെ 8.38 ഓടെ കോടതി പരിസരത്ത് സ്ഫോടനം നടക്കുമെന്നായിരുന്നു ഭീഷണി സന്ദേശം. ഡൽഹി ഹൈക്കോടതിയുടെ ഔദ്യോഗിക ഇമെയിൽ ഐഡിയിലേക്കാണ് സന്ദേശം എത്തിയത്.
അഗ്നിരക്ഷാ സേനയുടെ രണ്ട് വാഹനങ്ങൾ, രണ്ട് ആംബുലൻസുകൾ, ബോംബ് സ്ക്വാഡ് എന്നിവ മുൻകരുതൽ നടപടിയുടെ ഭാഗമായി കോടതി പരിസരത്ത് നിലയുറപ്പിച്ചു. കോടതി മുറികളിൽ നിരീക്ഷണം തുടരുകയാണ്. ജഡിജിമാരുടെ ചേമ്പറിന്റെ സുരക്ഷ വർധിപ്പിച്ചു. ഭീഷണി സന്ദേശം ലഭിച്ചെന്ന് റിപ്പോർട്ടുകൾ വന്നതോടെ അഭിഭാഷകരും മറ്റ് കോടതി ജീവനക്കാരും കോടതി കെട്ടിടത്തിൽ നിന്ന് പുറത്തേക്ക് മാറി.
ബോംബെ ഹൈക്കോടതിയിലും സമാനഭീഷണി സന്ദേശം ലഭിച്ചു. ബോംബ് ഭീഷണിയെ തുടർന്ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് സൗത്ത് മുംബൈയിലെ ഫോർട്ട് പ്രദേശത്തുള്ള ബോംബെ ഹൈക്കോടതി പരിസരം ഒഴിപ്പിച്ചു. ചീഫ് ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ ഉൾപ്പെടെയുള്ള ജഡ്ജിമാർ പെട്ടെന്ന് കോടതിമുറിയിൽ നിന്ന് പുറത്തിറങ്ങിയതോടെ ബോംബെ ഹൈക്കോടതിയിലെ നടപടികൾ സ്തംഭിച്ചു.









0 comments