ബോളിവുഡ് നടൻ ധർമ്മേന്ദ്ര ആശുപത്രിയിൽ; ആരോഗ്യനില ഗുരുതരം

മുംബൈ: ആരോഗ്യം മോശമായതിനെ തുടർന്ന് പ്രശസ്ത ബോളിവുഡ് നടൻ ധർമ്മേന്ദ്ര ആശുപത്രിയിൽ. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് നവംബർ ഒന്നിനാണ് നടനെ മുംബൈയിലുള്ള ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു.
ധർമ്മേന്ദ്ര വെന്റിലേറ്ററിലാണെന്ന റിപ്പോർട്ടുകൾ മകൻ സണ്ണി ഡിയോളിന്റെ പ്രതിനിധി നിഷേധിച്ചു. നടൻ ഇപ്പോഴും ആശുപത്രിയിലാണ്. വീട്ടിലേക്ക് പോകാൻ ഡോക്ടർമാർ നിർദ്ദേശിച്ചിട്ടില്ല. നിരീക്ഷണത്തിലാണ്. അദ്ദേഹം ഉടൻ സുഖം പ്രാപിക്കുമെന്നും ബന്ധപ്പെട്ടവർ പ്രതികരിച്ചു.
1960-ൽ പുറത്തിറങ്ങിയ ദിൽ ഭി തേരാ ഹം ഭി തേരേയിലൂടെയാണ് ധർമേന്ദ്ര തൻ്റെ അഭിനയ ജീവിതം ആരംഭിച്ചത്. 60കളിലും 70കളിലും 80കളിലും ഹിന്ദി സിനിമകളുടെ നിറസാന്നിധ്യമായിരുന്നു. ഹഖീഖത്ത്, ഫൂൽ ഔർ പത്തർ, മേരാ ഗാവ് മേരാ ദേശ്, സീത ഔർ ഗീത, ചുപ്‌കെ ചുപ്‌കെ, ഷോലെ തുടങ്ങിയ സിനിമകളിലെ തൻ്റെ വിസ്മയകരമായ പ്രകടനത്തിലൂടെ ധർമേന്ദ്ര ബിഗ് സ്‌ക്രീനുകൾ ഭരിച്ചു.
കുറച്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം, 2023 ൽ കരൺ ജോഹറിന്റെ റോക്കി ഔർ റാണി കീ പ്രേം കഹാനി എന്ന ചിത്രത്തിലൂടെ അദ്ദേഹം ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തി. ജയ ബച്ചൻ, ഷബാന ആസ്മി, രൺവീർ സിംഗ്, ആലിയ ഭട്ട് എന്നിവരും ചിത്രത്തിൽ അഭിനയിച്ചു. 2025 ഡിസംബർ 25 ന് റിലീസ് ചെയ്യാൻ പോകുന്ന ഇക്കിസാണ് വരാനിരിക്കുന്ന ചിത്രം. അമിതാഭ് ബച്ചന്റെ ചെറുമകൻ അഗസ്ത്യ നന്ദയാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.
വരുന്ന ഡിസംബറിൽ നടന് 90 വയസ് തികയും. ആദ്യ ഭാര്യ പ്രകാശ് കൗറിനൊപ്പം മുംബൈയ്ക്കടുത്തുള്ള ഖണ്ടാല ഫാം ഹൗസിലാണ് ധർമേന്ദ്ര താമസിക്കുന്നത്. 1980 നടി ഹേമ മാലിനിയെ ധർമേന്ദ്ര വിവാഹം ചെയ്തിരുന്നു.








0 comments