ചൈന നിരസിച്ച വിമാനങ്ങൾ വാങ്ങാൻ എയർ ഇന്ത്യ
ബോയിങ് ദുരന്തം തുടർക്കഥ

അഖില ബാലകൃഷ്ണൻ
Published on Jun 14, 2025, 01:30 AM | 2 min read
ന്യൂഡൽഹി
ലോകംകണ്ട ഏറ്റവും വലിയ വിമാന അപകടമായ ടെനറീഫ് മുതൽ സാങ്കേതിക പിഴവ് മൂലവും അല്ലാതെയുമുള്ള ആകാശദുരന്തങ്ങൾക്ക് പിന്നിൽ കേൾക്കുന്ന പേരാണ് ബോയിങ്. 1916ൽ അമേരിക്ക ആസ്ഥാനമായി സ്ഥാപിതമായ ലോകത്തിലെ തന്നെ ഏറ്റവും സ്വാധീനമുള്ള എയ്‌റോസ്‌പേസ് കമ്പനികളിൽ ഒന്ന്. വാണിജ്യ, സൈനിക, ബഹിരാകാശ വിമാനങ്ങളുടെ വിപുലമായ ശ്രേണിതന്നെ ബോയിങ് പുറത്തിറക്കി. ഏറ്റവും വിറ്റഴിക്കപ്പെടുന്ന ഇന്ധനക്ഷമതയുള്ള ഡ്രീംലൈനർ വിമാനങ്ങളുടെ പേരിൽ പ്രശംസിക്കപ്പെടുമ്പോഴും സാങ്കേതിക തകരാറുകളുടെ പേരിലുള്ള കുപ്രസിദ്ധിയും ഏറെ.
ലോകവ്യോമയാന ചരിത്രത്തിൽ ഏറ്റവും അധികം ജീവനെടുത്ത വിമാനാപകടമാണ് 1977 മാർച്ച് 27നുണ്ടായ ടെനറീഫ് ദുരന്തം. സ്പെയിനിലെ ടെനറീഫ് വിമാനത്താവളത്തിൽ രണ്ട് ബോയിങ് 747 വിമാനങ്ങൾ റൺവേയിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 583 പേർ മരിച്ചു. ഏറ്റവും വലിയ രണ്ടാമത്തെ വിമാനാപകടം നടന്നതും മറ്റൊരു ബോയിങ് വിമാനം തകർന്നാണ്. ടോക്കിയോയിൽ നിന്നും ഒസാക്കയിലേക്ക് പറന്നുയർന്ന ബോയിങ് 747 വിമാനത്തിന് 12 മിനിറ്റിനുള്ളിൽ സാങ്കേതിക തകരാറുണ്ടായി. തകമഗഹാര പർവതത്തിൽ തകർന്നുവീണ വിമാനത്തിലുണ്ടായിരുന്ന 520 പേരും മരിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ആകാശദുരന്തവും ലോകത്തിലെ മൂന്നാമത്തേതുമായ 1996ൽ ഹരിയാനയിലെ ചർഖി ദാദ്രിയിലുണ്ടായ വിമാന കൂട്ടിയിടി. 13 മലയാളികളുൾപ്പെടെ 351 യാത്രക്കാർ കൊല്ലപ്പെട്ട ദുരന്തത്തിൽ കൂട്ടിയിടിച്ച ഒരുവിമാനം സൗദി എയർലൈൻസിന്റെ ബോയിങ് 747-–-100 ബിയായിരുന്നു.

എയർ ഇന്ത്യ സ്വന്തമാക്കിയ ആദ്യ ബോയിങ് വിമാനവും ദുരന്തത്തിലാണ് കലാശിച്ചത്. 1978ലെ പുതുവർഷദിനത്തിൽ ‘ആകാശത്തിലെ കൊട്ടാര’മെന്ന് വിശേഷിക്കപ്പെട്ട ആഡംബര വിമാനം എംപറർ അശോക ബാന്ദ്രയിൽ നിന്നും പറന്നുയർന്ന് രണ്ട് മിനിറ്റിനുള്ളിൽ അറബിക്കടലിൽ പതിച്ചു. വിമാനത്തിലുണ്ടായിരുന്ന 213 പേരും കൊല്ലപ്പെട്ടു. വർഷങ്ങളുടെ അന്വേഷണങ്ങൾക്ക് ശേഷവും മറ്റു അപകടകാരണങ്ങൾ കണ്ടെത്താത്തതിനാൽ പൈലറ്റിന്റെ പിഴവായി വിലയിരുത്തി. 2010ൽ മംഗലാപുരത്തും ബോയിങ് 737–-800 വിമാനമാണ് അപകടത്തിൽപെട്ടത്.
2018ലും 2019ലും ബോയിങ്ങിന്റെ 737 മാക്സ് സീരീസ് വിമാനദുരന്തങ്ങൾ ആഗോളതലത്തിൽ കമ്പനിയുടെ സാങ്കേതിക നിലവാരത്തിൽ ചോദ്യങ്ങളുയർത്തി. വിമാനത്തിന്റെ ഫ്ലൈറ്റ് കൺട്രോൾ സിസ്റ്റത്തിലെ പ്രശ്നങ്ങളാണ് അപകടത്തിന് കാരണമെന്ന് അന്വേഷണത്തിൽ കണ്ടെത്തിയി രുന്നു.
ചൈന നിരസിച്ച വിമാനങ്ങൾ വാങ്ങാൻ എയർ ഇന്ത്യ
സുരക്ഷാഭീഷണി മുൻനിർത്തി ചൈന ഒഴിവാക്കിയ ബോയിങ് വിമാനങ്ങൾ എയർ ഇന്ത്യ വാങ്ങാൻ ഒരുങ്ങുന്നു. ബോയിങ് 737 മാക്‌സ് ശ്രേണിയിൽപ്പെട്ട വിമാനങ്ങൾക്കുവേണ്ടി ഏപ്രിൽ മുതൽ എയർ ഇന്ത്യ ചർച്ച നടത്തുന്നു. വിമാനത്തിനുള്ളിലെ ലിഥിയം ബാറ്ററി, കോക്‌പിറ്റ് റെക്കോഡറുകൾ എന്നിവയ്‌ക്ക് പുറമേ മാക്‌സ് വിമാനങ്ങളുടെ ഘടനയിലും ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ചൈന വിമാനങ്ങൾ നിരസിച്ചത്. 50 വിമാനങ്ങൾ വിമാനകമ്പനികൾ ഓർഡർ നൽകിയിരുന്നുവെങ്കിലും സുരക്ഷാഭീഷണി ശ്രദ്ധയിൽപ്പെട്ടതോടെ വാങ്ങരുതെന്ന് സർക്കാർ നിർദേശിച്ചു. ഇതോടെ വാങ്ങിയ വിമാനങ്ങൾ അമേരിക്കയിലേയ്‌ക്ക് തിരിച്ചയച്ചു.









0 comments