ബിഎംഡബ്ല്യു കാർ സ്‌കൂട്ടറിൽ പാഞ്ഞുകയറി; ആശുപത്രിയിൽ നിന്ന് മടങ്ങുകയായിരുന്ന അഞ്ചുവയസുകാരി മരിച്ചു

നോയിഡ: ബിഎംഡബ്ല്യു കാർ സ്‌കൂട്ടറിൽ പാഞ്ഞുകേറി അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ നോയിഡയിലെ ആശുപത്രിക്ക് സമീപം ശനിയാഴ്‌ച രാത്രി 12.20ഓടെയാണ് അപകടമുണ്ടായത്. ഹോണ്ട ആക്‌ടീവ സ്‌കൂട്ടറിലേക്കാണ് ബിഎംഡബ്ല്യു പാഞ്ഞുകയറിയത്.
ഗുൽ മുഹമ്മദ്, മകൾ ആയത്, ബന്ധുവായ രാജ എന്നിവർ സ്‌കൂട്ടറിൽ ആശുപത്രിയിൽ നിന്ന് മടങ്ങവേ ബിഎംഡബ്ല്യു വന്ന് ഇടിക്കുകയായിരുന്നു. അപകടമുണ്ടായപ്പോൾ തന്നെ ഡ്രൈവർ ഓടിപ്പോയെങ്കിലും കാർ രജിസ്‌ട്രേഷൻ നമ്പർ പ്രകാരം നടത്തിയ അന്വേഷണത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യാഷ് ശർമ (22), അഭിഷേക് റാവത്ത് എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ യാഷ് ആണ് വണ്ടിയോടിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ആയതിന് സുഖമില്ലാത്തതിനാലാണ് ഗുൽ സ്കൂട്ടറിലെത്തിയതെന്നും ഡോക്‌ടറെ കാണിച്ച് മടങ്ങുമ്പോഴാണ് അപകടമെന്നും പൊലീസ് പറഞ്ഞു. അപകടത്തെത്തുടർന്ന് സംഭവസ്ഥലത്ത് വച്ചു തന്നെ ആയത് മരണപ്പെട്ടു. പരിക്കേറ്റ ഗുൽ മുഹമ്മദും രാജയും ചികിത്സയിലാണ്. ഭാരതീയ ന്യായ സംഹിത പ്രകാരം സെക്ഷൻ 281, 125,106(1) എന്നീ വകുപ്പുകൾ ചേർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.









0 comments