പാക് പ്രകോപനം: മൂന്നാം രാത്രിയിലും ഇരുട്ടിലായി ഇന്ത്യയുടെ അതിർത്തി ഗ്രാമങ്ങൾ

ന്യൂഡൽഹി: തുടർച്ചയായ മൂന്നാം രാത്രിയിലും ഇരുട്ടിലായി ഇന്ത്യയുടെ അതിർത്തി ഗ്രാമങ്ങൾ. ശനിയാഴ്ച വൈകിട്ട് ഇന്ത്യക്കും പാകിസ്ഥാനുമിടയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതോടെ നിയന്ത്രണങ്ങളിൽ അയവുണ്ടായിരുന്നു. എന്നാൽ രാത്രി കരാർ ലംഘിച്ച് പലയിടത്തും പാക് ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ അതിർത്തി ജില്ലകളിൽ വീണ്ടും ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. ഡ്രോണ്‍ ആക്രമണ സാധ്യതകൾ പ്രതിരോധിക്കുന്നതിനും ഡ്രോണുകളുടെ ലക്ഷ്യനിർണയം തടയുന്നതിനുമായായിരുന്നു നീക്കം.
ജമ്മു കശ്മീരിൽ ശ്രീനഗറിലെ ബട്ടവാര, ഉത്തര കാശ്മീരിലെ ബാരാമുള്ള, അനന്ത്നാഗ്, ബന്ദിപോര, സഫാപോര തുടങ്ങിയ പ്രദേശങ്ങളിൽ രാത്രി പാക് ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടു. ആക്രമണ ശ്രമങ്ങൾ സൈന്യം പരാജയപ്പെടുത്തി. പിന്നാലെ അനന്തനാഗ്, ദോഡ, ജമ്മു, കത്ര, ഭവാൻ, കത്തുവ, നഗ്രോത്ത, രാജൗരി, റിയാസി, ആർ എസ് പുര, ശ്രീനഗർ, ഉദ്ധംപൂർ ഉൾപ്പെടെ നിരവധി അതിർത്തി നഗരങ്ങളിൽ അധികൃതർ അടിയന്തരമായി ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. വാഹനങ്ങളുടെ ലൈറ്റുകള്‍ അടക്കം അണക്കണമെന്ന് നിര്‍ദേശമുണ്ട്.
പഞ്ചാബിലെ പല ജില്ലകളും കഴിഞ്ഞ രാത്രിയും ഇരുട്ടിലായിരുന്നു. നേരത്തെ പിൻവലിച്ചിരുന്ന ബ്ലാക്ക് ഔട്ട് സുരക്ഷാ മുൻകരുതൽ എന്ന നിലയ്ക്ക് വീണ്ടും പ്രാബല്യത്തിൽ വരുത്തുന്നതായി അധികൃതർ അറിയിച്ചു. ഹോഷിയാർപൂർ, ഫിറോസ്പൂർ, ഫസിൽക്ക, പഠാൻകോട്ട്, പട്യാല, മൊഗ, കപൂർതല, മുക്‌തസർ, അമൃത്‍സർ എന്നീ ജില്ലകളിലാണ് ബ്ലാക്ക് ഔട്ട് നടപ്പിലാക്കിയത്. ഹരിയാനയിലെ അംബാല, രാജസ്ഥാനിലെ ബാലോത്ര, ബാർമേർ, ഗുജറാത്തിലെ ഭുജ്, കച്ച് എന്നിവിടങ്ങളിലും ചണ്ഡീഗഡിലും ബ്ലാക്ക് ഔട്ടായിരുന്നു.
രാത്രി ജനങ്ങൾ വീടുകളിൽ ഇരിക്കണമെന്നും സ്വമേധയാ ലൈറ്റുകൾ ഓഫ് ചെയ്യണമെന്നും പലയിടങ്ങളിലും അധികൃതർ നിർദേശം പുറപ്പെടുവിച്ചു. ചിലയിടങ്ങളിൽ രാത്രി തന്നെ നിയന്ത്രണങ്ങൾ പിൻവലിച്ചു. മറ്റു ചിലയിടങ്ങളിൽ ഞായറാഴ്ച പുലർച്ച വരെ തുടരും.









0 comments