ജനങ്ങളെ തിരിഞ്ഞുനോക്കാത്ത മുൻ എംപിക്കെതിരെ പ്രതിഷേധം: യുവതിയെ ഉപദ്രവിക്കുമെന്ന് ഭീഷണി മുഴക്കി ബിജെപി നേതാവ്

കൊൽക്കത്ത : പൊതുമധ്യത്തിൽ യുവതിയെ ഉപദ്രവിക്കുമെന്ന് ഭീഷണി മുഴക്കി ബിജെപി നേതാവ്. മുൻ എംപിയും മുതിർന്ന ബിജെപി നേതാവുമായ ദിലീപ് ഘോഷാണ് വിവാദത്തിലകപ്പെട്ടത്. മുൻ എംപിക്കെതിരെ പ്രതിഷേധം നടത്തിയ യുവതിയെയാണ് ശ്വാസം മുട്ടിക്കുമെന്നും ഉപദ്രവിക്കുമെന്നും ഭീഷണിപ്പെടുത്തിയത്. ഖരഗ്പൂരിൽ വച്ചാണ് സംഭവം. പുതുതായി നിർമിച്ച റോഡ് ഉദ്ഘാടനം ചെയ്യാനാണ് ദിലിപ് ഘോഷ് എത്തിയത്. ഈ സന്ദർഭത്തിലാണ് എംപിയായിരുന്നപ്പോൾ ജനങ്ങളെ തിരിഞ്ഞുനോക്കാതിരുന്ന ദിലീപിനെ യുവതി ചോദ്യം ചെയ്തത്.
നിങ്ങൾ ഇത്രയും കാലം എവിടെയായിരുന്നു?, എംപിയായിരുന്നപ്പോൾ ഒരു തവണ പോലും നിങ്ങളെ ഇവിടെ കണ്ടിട്ടില്ല. ഇപ്പോൾ കൗൺസിലർ പ്രദിപ് സർക്കാർ റോഡ് പണിഞ്ഞപ്പോൾ ഉദ്ഘാടനം ചെയ്യാനാണോ നിങ്ങൾ വന്നത് എന്നാണ് യുവതി ദിലിപിനോട് ചോദിച്ചത്.
ചോദ്യത്തെതുടർന്ന് രോഷാകുലനായ ബിജെപി നേതാവ് യുവതിയോട് കയർക്കുകയായിരുന്നു. എന്റെ പണം കൊണ്ടാണ് ഞാൻ റോഡ് പണിതത്. നിങ്ങളുടെ അച്ഛന്റെ പണം കൊണ്ടല്ല എന്നായിരുന്നു ദിലിപിന്റെ മറുപടി. ഒരു എംപിയായിരുന്ന നിങ്ങൾ ഇങ്ങനെ സംസാരിക്കുന്നത് ശരിയല്ല എന്ന് യുവതി പറഞ്ഞപ്പോൾ വീണ്ടും ആക്രോശിക്കുകയാണ് ബിജെപി നേതാവ് ചെയ്തത്. നിങ്ങളുടെ നാല് തലമുറയെ വാങ്ങാൻ എനിക്ക് സാധിക്കും, ശബ്ദമുയർത്തിയാൽ ഞാൻ നിങ്ങളെ ശ്വാസം മുട്ടിക്കും. പ്രതിഷേധക്കാരെ തൃണമുൽ പട്ടികൾ എന്നും ബിജെപി നേതാവ് വിളിച്ചു. ദിലിപ് ഘോഷിന്റെ പ്രവർത്തിക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.









0 comments