ഭാര്യയെയും 3 മക്കളെയും വെടിവെച്ചു കൊന്നു; യുപിയിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

ലഖ്നൗ: ഉത്തർപ്രദേശിൽ ഭാര്യയെയും മക്കളെയും വെടിവെച്ചു കൊന്ന കേസിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. സഹാരൻപൂർ ജില്ലയിൽ ഗംഗോ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ബിജെപി നേതാവ് യോഗേഷ് രോഹില്ല ഭാര്യയെയും മൂന്ന് മക്കളെയും വെടിവെച്ചു കൊന്നത്.
ബിജെപി എക്സിക്യൂട്ടീവ് അംഗമായ പ്രതിയെ സംഭവസ്ഥലത്ത് നിന്നാണ് പിടികൂടിയത്. കുറ്റകൃത്യത്തിന് ഉപയോഗിച്ച പിസ്റ്റളും കണ്ടെടുത്തിട്ടുണ്ട്. വെടിവെയ്പ്പിനെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് സഹാറൻപൂർ എസ്എസ്പി രോഹിത് സജ്വാൻ ഉൾപ്പെടെയുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
ഭാര്യയ്ക്ക് വിവാഹേതര ബന്ധം ഉണ്ടെന്ന് സംശയിച്ചാണ് പ്രതി ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഭാര്യ നേഹയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്നും നിരവധി തവണ ശ്രമിച്ചിട്ടും ഈ ബന്ധം അവസാനിപ്പിക്കാൻ ഭാര്യ തയ്യാറായില്ലെന്നും വിശ്വസിച്ചതിനാൽ താൻ മാനസികമായി വിഷമിച്ചിരുന്നുവെന്നും രോഹില്ല പറഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഭാര്യയുടെ അവിഹിത ബന്ധം സമൂഹത്തിൽ തന്റെ പേരിന് കളങ്കം വരുത്തിയതായി പ്രതി വിശ്വസിച്ചിരുന്നുവെന്നും ഇതിൽ പ്രകോപിതനായ രോഹില്ല, ലൈസൻസുള്ള ഒരു റിവോൾവർ ഉപയോഗിച്ച് ഭാര്യയ്ക്കും മൂന്ന് കുട്ടികൾക്കും നേരെ വെടിയുതിർക്കുകയായിരുന്നുവെന്നും അഡീഷണൽ പോലീസ് സൂപ്രണ്ട് (എഎസ്പി) (റൂറൽ) സാഗർ ജെയിൻ പറഞ്ഞു.









0 comments