കോടികൾ കൈപ്പറ്റി ബിജെപി; സംഭാവനയായി വാങ്ങിയത്‌ 2,243 കോടിയിലധികം രൂപ

BJP BOND
വെബ് ഡെസ്ക്

Published on Apr 07, 2025, 05:42 PM | 3 min read

ന്യൂഡൽഹി: 2023-24 സാമ്പത്തിക വർഷത്തിൽ ദേശീയ പാർടികളിൽ ഏറ്റവും കൂടുതൽ സംഭാവന വാങ്ങിയത്‌ ബിജെപിയെന്ന്‌ റിപ്പോർട്ട്‌. 2,243 കോടിയിലധികം രൂപയാണ്‌ സംഭാവനയായി ബിജെപി വാങ്ങിയതെന്ന്‌ തെരഞ്ഞെടുപ്പ് അവകാശ സംഘടനയായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ (എഡിആർ) റിപ്പോർട്ട് പറയുന്നു. തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയാണ്‌ എഡിആർ റിപ്പോർട്ട്. 20,000 രൂപയ്ക്ക് മുകളിൽ വാങ്ങിയ സംഭാവനകളാണ്‌ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്‌. 2023-24 കാലയളവിൽ ബിജെപി 1,754.06 കോടിരൂപ ചെലവഴിച്ചതയി തെരഞ്ഞെടുപ്പ് കമീഷൻ റിപ്പോർട്ട്‌ ചെയ്‌തിരുന്നു.


ഇത്തവണ ദേശീയ പാർടികൾക്ക് ലഭിച്ച ആകെ സംഭാവന 2,544.28 കോടി രൂപയാണ്‌. ആകെ ലഭിച്ച സംഭാവനയുടെ 88 ശതമാനവും ബിജെപി വാങ്ങിയ സംഭാവനകളാണ്. 281.48 കോടി രൂപയുമായി കോൺഗ്രസ് രണ്ടാം സ്ഥാനത്താണ്. കമ്മ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്), നാഷണൽ പീപ്പിൾസ് പാർടി (എൻപിഇപി), ആം ആദ്മി പാർടി (എഎപി) എന്നിവ ചെറിയ തുകകൾ മാത്രമാണ് സംഭാവനയായി വാങ്ങിയതെന്നും എഡിആർ റിപ്പോർട്ട് പറയുന്നു.


2022-23 സാമ്പത്തിക വർഷത്തിൽ ബിജെപി വാങ്ങിയ സംഭാവന 719.858 കോടി രൂപയായിരുന്നു. ഇത്‌ 2023-24 സാമ്പത്തിക വർഷത്തിൽ 2,243.94 കോടി രൂപയായി ഉയർന്നു. അതായത്‌ 211.72 ശതമാനം വർധനവാണ്‌ സംഭാവനയിൽ ഉണ്ടായത്‌. 2022-23 സാമ്പത്തിക വർഷത്തിൽ കോൺഗ്രസ്‌ വാങ്ങിയ സംഭാവനകൾ 79.924 കോടി രൂപയിൽ നിന്ന് 2023-24 സാമ്പത്തിക വർഷത്തിൽ 281.48 കോടി രൂപയായി ഉയർന്നു. 252.18 ശതമാനം വർധനവാണ്‌ ഉണ്ടായിരിക്കുന്നതെന്ന്‌ റിപ്പോർട്ട് പറയുന്നു. ബിജെപി 42 ദിവസം വൈകിയാണ് സംഭാവനാ റിപ്പോർട്ട് സമർപ്പിച്ചത്.


2023-24 സാമ്പത്തിക വർഷത്തിൽ ദേശീയ പാർടികൾക്ക് കോർപ്പറേറ്റ്/ബിസിനസ് മേഖലകളിൽ നിന്ന് 3,755 സംഭാവനകൾ വാങ്ങിയതായി റിപ്പോർട്ട് പറയുന്നു. അതായത് 2,262.55 കോടി രൂപ (മൊത്തം സംഭാവനയുടെ 88.92 ശതമാനം). അതേസമയം 8,493 വ്യക്തിഗത ദാതാക്കൾ 270.872 കോടി രൂപ (മൊത്തം സംഭാവനയുടെ 10.64 ശതമാനം) സംഭാവന കൈപ്പറ്റി. ഈ സംഭാവനകളിൽ 2,064.58 കോടി രൂപ കൈപ്പറ്റിയത്‌ ബിജെപിയാണെന്ന്‌ റിപ്പോർട്ട് പറയുന്നു. 2023-24 സാമ്പത്തിക വർഷത്തിൽ 4,628 വ്യക്തിഗത ദാതാക്കളിലൂടെ ബിജെപി 169.126 കോടി രൂപ വാങ്ങി.


2023-24 സാമ്പത്തിക വർഷത്തിൽ കോർപ്പറേറ്റ്/ബിസിനസ് മേഖലകളിൽ നിന്ന് 102 സംഭാവനകളിലൂടെയായി കോൺഗ്രസ്‌ കൈപ്പറ്റിയത്‌ 190.3263 കോടി രൂപയും വ്യക്തിഗത ദാതാക്കളിലൂടെ 90.899 കോടി രൂപയുമാണ്‌. 2023-24 സാമ്പത്തിക വർഷത്തിൽ മൊത്തം കോർപ്പറേറ്റ് സംഭാവനകളുടെ (197.97 കോടി രൂപ) ഒമ്പത് മടങ്ങിലധികം തുകയാണ്‌ ബിജെപി വാങ്ങിയത്‌. അതായത്‌ 2064.58 കോടി രൂപ. ബിജെപിയ്ക്കും കോൺഗ്രസിനും ചേർന്ന് ആകെ 880 കോടി രൂപ സംഭാവന നൽകിയതായി പ്രൂഡന്റ് ഇലക്ടറൽ ട്രസ്റ്റ് പറഞ്ഞു.ബിജെപിക്ക് 723.675 കോടി രൂപയും (ബിജെപി ലഭിച്ച ആകെ ഫണ്ടിന്റെ 32.25 ശതമാനം) കോൺഗ്രസിന് 156.4025 കോടി രൂപയുമാണ്‌ (ലഭിച്ച ആകെ ഫണ്ടിന്റെ 55.56 ശതമാനം) പ്രൂഡന്റ് നൽകിയത്‌.


രാഷ്ട്രീയ പാർടികളുടെ കൊർപ്പറേറ്റ്‌ സംഭാവനകളുടെ മുഖ്യ ഉറവിടമാണ്‌ പ്രൂഡന്റ് ഇലക്ടറൽ ട്രസ്റ്റ്. സത്യ ഇലക്ടറൽ ട്രസ്റ്റ് എന്നാണ്‌ പ്രൂഡന്റിന്റെ മുൻ പേര്‌. ബിജെപിയ്ക്ക്‌ ലഭിക്കുന്ന ഫണ്ടിന്റെ ഭൂരിഭാഗവും പ്രുഡന്റിൽ നിന്നാണ്‌. 2013-14 മുതൽ ബിജെപിക്ക് ഏറ്റവും കൂടുതൽ ഫണ്ട് നൽകുന്നത്‌ പ്രൂഡന്റ് ഇലക്ടറൽ ട്രസ്റ്റ്.


ട്രയംഫ് ഇലക്ടറൽ ട്രസ്റ്റ് നാല് സംഭാവനകളിലായി 127.50 കോടി രൂപ ബിജെപിക്ക് സംഭാവന ചെയ്തു. ഡെറിവ് ഇൻവെസ്റ്റ്‌മെന്റ്‌സ് ബിജെപിയ്ക്ക്‌ 50 കോടി രൂപയും കോൺഗ്രസിന് 3.20 കോടി രൂപയും സംഭാവന നൽകി. 2023-24 സാമ്പത്തിക വർഷത്തിൽ ആക്മി സോളാർ എനർജി പ്രൈവറ്റ് ലിമിറ്റഡ് അഞ്ച് സംഭാവനകളിലൂടെയായി 51 കോടി രൂപയും, ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ് ഒറ്റ സംഭാവനയിലൂടെ 50 കോടി രൂപയും, രുങ്ത സൺസ് പ്രൈവറ്റ് ലിമിറ്റഡ് ഒറ്റ സംഭാവനയിലൂടെ 50 കോടി രൂപയും, ദിനേശ് ചന്ദ്ര ആർ അഗർവാൾ ഇൻഫ്രാക്കോൺ പ്രൈവറ്റ് ലിമിറ്റഡ് ഒറ്റ സംഭാവനയിലൂടെ 30 കോടി രൂപയും ബിജെപിക്ക് നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. പ്രൂഡന്റ് ഇലക്ടറൽ ട്രസ്റ്റിൽ നിന്ന്‌ ബിജെപി 723.78 കോടി രൂപയുടെ 31 സംഭാവനകൾ സ്വീകരിച്ചതായാണ്‌ എഡിആർ കണക്കുകൾ വ്യക്തമാക്കുന്നത്‌. എന്നാൽ ബിജെപിയുടെ റിപ്പോർട്ടിൽ 30 സംഭാവനകൾ ലഭിച്ചതായാണ്‌ പറയുന്നത്‌.


2023-24 സാമ്പത്തിക വർഷത്തെ ജയഭാരത് ഇലക്ടറൽ ട്രസ്റ്റ് ബിജെപിയ്ക്ക് 5 കോടി രൂപ സംഭാവന നൽകി. എന്നാൽ, അതേ സാമ്പത്തിക വർഷത്തെ ബിജെപിയുടെ സംഭാവന റിപ്പോർട്ടിൽ ഈ സംഭാവനയെക്കുറിച്ച് പരാമർശിക്കുന്നില്ലെന്ന് എഡിആർ പറഞ്ഞു. രാഷ്‌ട്രീയ പാർടികൾ സ്വീകരിക്കുന്ന സംഭാവന റിപ്പോർട്ടുകൾ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) വാർഷിക പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ദാതാക്കളുടെ വിശദാംശങ്ങൾ വിവരാവകാശ നിയമപ്രകാരം പൊതുജനങ്ങൾക്ക് ലഭ്യമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.


2024 മാർച്ച് 31 ലെ കണക്കനുസരിച്ച് ബിജെപിയുടെ പക്കൽ 7,113.80 കോടി രൂപയായിരുന്നു ബാങ്ക് ബാലൻസുള്ളതായി തെരഞ്ഞെടുപ്പ്‌ കമീഷൻ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇലക്‌ട്രൽ ബോണ്ട്‌ വഴി മാത്രം ബിജെപി സ്വന്തമാക്കിയത്‌ 1,685 കോടിയായിരുന്നു.






deshabhimani section

Related News

View More
0 comments
Sort by

Home