പണമെറിഞ്ഞോ ജയം? തെരഞ്ഞെടുപ്പിനായി ബിജെപി ചെലവഴിച്ചത് 1,500 കോടിയോളം

ന്യൂഡൽഹി: 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും അതിനിടയിലുള്ള നിയമസഭാ തെരഞ്ഞെടുപ്പിലുമായി ബിജെപി ചെലവഴിച്ചത് 1,494 കോടി രൂപയെന്ന് റിപ്പോർട്ട്. ഇത് മൊത്തം തെരഞ്ഞെടുപ്പ് ചെലവിന്റെ 44.56 ശതമാനമാണെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) റിപ്പോർട്ടിൽ പറയുന്നു.
32 ദേശീയ, പ്രാദേശിക പാർടികളുടെ തെരഞ്ഞെടുപ്പ് ചെലവുകളാണ് റിപ്പോർട്ടിന്റെ ഭാഗമായി വിശകലനം ചെയ്‌തത്. അതിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് കോൺഗ്രസാണ്. 620 കോടി രൂപ (മൊത്തം ഫണ്ടിന്റെ 18.5 ശതമാനം).
2024 മാർച്ച് 16 നും ജൂൺ 6 നും ഇടയിൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, ഒഡീഷ, സിക്കിം എന്നിവിടങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും രാഷ്‌ട്രീയ പാർടികൾ ചെലവഴിച്ച ആകെ തുക 3,352.81 കോടിയാണ്. ഇതിൽ ദേശീയ പാർടികൾ മാത്രം 2,204 കോടി രൂപയിലധികം ചെലവഴിച്ചു. ഇത് മൊത്തം ചെലവിന്റെ 65.75 ശതമാനമാണ്.
ദേശീയ പാർടികൾ 6,930.246 കോടി രൂപ (93.08 ശതമാനം)യും പ്രാദേശിക പാർടികൾ 515.32 കോടി രൂപ (6.92 ശതമാനം)യുമാണ് സംഭാവനയായി സ്വീകരിച്ചത്. പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞ് 90 ദിവസത്തിനുള്ളിലും നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന് 75 ദിവസത്തിനുള്ളിലും രാഷ്ട്രീയ പാർടികൾ തെരഞ്ഞെടുപ്പ് കമീഷന് കണക്കുകൾ സമർപ്പിക്കണമെന്നാണ് നിയമം. എന്നാൽ ഇതിൽ കാലതാമസമുണ്ടായതായി എഡിആർ ചൂണ്ടിക്കാട്ടി. ആം ആദ്മി പാർടി (എഎപി) 168 ദിവസം വൈകിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. ബിജെപി 154 ദിവസം വൈകി. പ്രചാരണത്തിനായി പാർടികൾ മൊത്തത്തിൽ 2,008 കോടി രൂപ ചെലവഴിച്ചു. - ഇത് മൊത്തം പ്രഖ്യാപിത ചെലവിന്റെ 53 ശതമാനത്തിലധികം വരും. യാത്രാ ചെലവുകൾക്കായി ആകെ 795 കോടി രൂപയും വെർച്വൽ പ്രചാരണങ്ങൾക്കായി 132 കോടിയിലധികം രൂപയും ഉപയോഗിച്ചു, 28 കോടി രൂപ സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലം പ്രസിദ്ധീകരിക്കുന്നതിനായി ചെലവഴിച്ചു. തെരഞ്ഞെടുപ്പ് ചെലവിലെ സുതാര്യതയില്ലായ്മയെക്കുറിച്ച് എഡിആർ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്.









0 comments