പരാജയവും കഴിവുകേടും മറയ്ക്കാൻ ബിജെപി വർഗീയ രാഷ്ട്രീയം കളിക്കുന്നു: അഖിലേഷ് യാദവ്

photo credit: facebook
ലഖ്‌നൗ: പരാജയം മറയ്ക്കാനും തങ്ങളുടെ കഴിവുകേടിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനും വേണ്ടി ബിജെപി വർഗീയ രാഷ്ട്രീയം കളിക്കുകയാണെന്ന് സമാജ്‌വാദി പാർടി അധ്യക്ഷൻ അഖിലേഷ് യാദവ്.
"കുംഭമേളയിൽ കൊല്ലപ്പെട്ടതും കാണാതായതുമായ ആളുകളുടെ എണ്ണം വെളിപ്പെടുത്താത്ത് നഷ്ടപരിഹാരം നൽകുന്നത് ഒഴിവാക്കാനാണെന്ന് അഖിലേഷ് യാദവ് എക്‌സിൽ കുറിച്ചു. ബിജെപിയുടെ പരാജയവും കഴിവുകേടും മറച്ചുവെക്കാൻ അവർ ഏതറ്റം വരെയും പോകും. കുംഭമേളയുടെ മറവിൽ ബിജെപി സർക്കാർ വർഗീയ രാഷ്ട്രീയം കളിക്കുകയാണ് അഖിലേഷ് യാദവ് പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം കുംഭമേളയിൽ തിക്കിലും തിരക്കിലും പെട്ട് 30 പേരാണ് മരിച്ചിരിക്കുന്നത്. കുംഭമേള നടത്തിപ്പിൽ ആദിത്യ നാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന് പിഴവുകൾ പറ്റിയതായി അഖിലേഷ് യാദവ് നേരത്തെയും ചൂണ്ടിക്കാട്ടിയിരുന്നു. ബിജെപി സർക്കാർ കുംഭമേള സ്വയം പ്രമോഷനുള്ള സ്ഥലമായാണ് കണക്കാക്കാക്കുന്നതെന്നും കുംഭമേളയിൽ ആസൂത്രണം ചെയ്യുന്നതിൽ സർക്കാരിന് തെറ്റുപറ്റിയെന്നും ആളുകൾക്ക് ടോയ്‌ലറ്റ് പോലുള്ള പ്രാഥമിക ആവശ്യങ്ങൾക്ക് ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നതും സർക്കാരിന്റെ കണ്ണിൽപ്പെടുന്നില്ല എന്നും അഖിലേഷ് യാദവ് പറഞ്ഞിരുന്നു.
ജനുവരി 29ന് കുംഭമേളക്കിടെ, അധികൃതരുടെ അനാസ്ഥ വരുത്തിവച്ച തിക്കിലും തിരക്കിലുംപെട്ട് 40 പേർക്കെങ്കിലും ജീവൻ നഷ്‌ടപ്പെട്ടതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്. 60 പേർക്ക് പരിക്കേറ്റു. സംഭവംനടന്ന് 12 മണിക്കൂറിനുശേഷം 30 മരണം യുപി സർക്കാർ സ്ഥിരീകരിക്കുകയായിരുന്നു. മോർച്ചറിയിൽനിന്നുള്ള വിവരം ഉൾപ്പെടുത്തി അന്താരാഷ്‌ട്ര മാധ്യമങ്ങളടക്കം മരണവിവരം പുറത്തുവിട്ടശേഷമാണ് ഇത്രയും ആള്‍നാശമുണ്ടായെന്ന് ഡിഐജി വൈഭബ് കൃഷ്‌ണ സ്ഥിരീകരിച്ചത്. ദുരന്തത്തെ കേന്ദ്ര–-സംസ്ഥാന ബിജെപി സർക്കാരുകൾ നിസാരവൽക്കരിക്കുകയാണെന്ന് വിമർശനവും ശക്തമായിരുന്നു.









0 comments