ഡൽഹി ഹൗസിന്റെ നെയിംപ്ലേറ്റ് മാറ്റി ബിജെപി നേതാക്കൾ; തുഗ്ലക് ലെയ്ൻ വിവേകാനന്ദ മാർഗാക്കി

ന്യൂഡൽഹി: ഡൽഹിയിലെ തുഗ്ലക് ലെയിനിന്റെ പേര് മാറ്റി ബിജെപി നേതാക്കൾ. ബിജെപി രാജ്യസഭാ എംപി ദിനേശ് ശർമ്മയും കേന്ദ്രമന്ത്രി കൃഷൻ പാൽ ഗുജാറുമാണ് തുഗ്ലക് ലെയിനിന്റെ പേര് മാറ്റിയത്. ഇവരുടെ വസതികളുടെ നെയിംപ്ലേറ്റുകളിൽ തുഗ്ലക് ലെയിൻ എന്നത് സ്വാമി വിവേകാനന്ദ മാർഗ് എന്നാക്കി മാറ്റി.
ഡൽഹിയിലെ റോഡുകൾക്ക് നൽകിയിരിക്കുന്ന മുസ്ലീം ഭരണാധികാരികളുടെ പേരുകൾ മാറ്റണമെന്ന് ബിജെപി നേതാക്കൾ മുമ്പും ആവശ്യം ഉന്നയിച്ചിരുന്നു. പിന്നാലെയാണ് പുതിയ വസതിയുടെ ഗൃഹപ്രവേശ ചടങ്ങ് നടത്തിയ ദിനേശ് ശർമ്മ, പ്രവേശന കവാടത്തിൽ സ്വാമി വിവേകാനന്ദ മാർഗ് എന്ന് എഴുതിയ നെയിംപ്ലേറ്റിന്റെ ഫോട്ടോ സാമൂഹിക മാധ്യമമായ എക്സിൽ പോസ്റ്റ് ചെയ്യുന്നത്.
"ഇന്ന്, എന്റെ കുടുംബത്തോടൊപ്പം ഞാൻ ഗൃഹപ്രവേശ ചടങ്ങ് നടത്തി. ന്യൂഡൽഹിയിലെ സ്വാമി വിവേകാനന്ദ മാർഗിലുള്ള (തുഗ്ലക്ക് ലെയ്ൻ) എന്റെ പുതിയ വസതിയിലേക്ക് ഔപചാരികമായി താമസം മാറി," എന്നാണ് ദിനേശ് ശർമ്മ എക്‌സിൽ കുറിച്ചത്.
ഗണ്യമായ ന്യൂനപക്ഷ സമുദായ ജനസംഖ്യയുള്ള വടക്കുകിഴക്കൻ ഡൽഹി നിയോജകമണ്ഡലത്തിന്റെ പേര് "ശിവ് വിഹാർ" അല്ലെങ്കിൽ "ശിവ് പുരി" എന്ന് പുനർനാമകരണം ചെയ്യണമെന്ന് കഴിഞ്ഞ മാസം മുസ്തഫാബാദ് എംഎൽഎ മോഹൻ ബിഷ്ത് നിർദേശിച്ചിരുന്നു. മണ്ഡലത്തിലെ ഹിന്ദു ജനസംഖ്യ കൂടുതലാണ്. 58% ശതമാനമാണ് ഭൂരിപക്ഷം. പേര് മാറ്റേണ്ടത് അവരുടെ അവകാശമാണെന്നായിരുന്നു ബിജെപി എംഎൽഎയുടെ വാദം.
ബിജെപി സർക്കാരിന്റെ ഭരണ കാലത്ത് നിരവധി സ്ഥലങ്ങളുടെ പുനർനാമകരണം നടത്തിയിട്ടുണ്ട്. ഹിന്ദു തീർത്ഥാടന കേന്ദ്രമായ പ്രയാഗുമായി ബന്ധപ്പെട്ട് 2018-ൽ അലഹബാദിനെ പ്രയാഗ്‌രാജ് എന്ന് പുനർനാമകരണം ചെയ്തു. അതേ വർഷം, മുഗൾ സരായ് റെയിൽവേ സ്റ്റേഷന്റെ പേര് ബിജെപി പ്രത്യയശാസ്ത്രജ്ഞൻ ദീൻ ദയാൽ ഉപാധ്യായ ജംഗ്ഷൻ എന്ന് പേര് മാറ്റി. 2018-ൽ തന്നെ ഫൈസാബാദ് ജില്ലയുടെ പേര് അയോധ്യ എന്ന് മാറ്റിയിരുന്നു.









0 comments