'നേതൃത്വം ക്ഷണിച്ചില്ല' ബംഗാളിൽ അമിത് ഷായുടെയും പരിപാടിയിൽ നിന്ന് വിട്ടുനിന്ന് ബിജെപി മുൻ മേധാവി

photo credit: pti ദിലീപ് ഘോഷ്
കൊൽക്കത്ത: പ്രധാന മന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുത്ത പരിപാടികളിൽ നിന്ന് വിട്ട് നിന്ന് മുൻ എംപിയും സംസ്ഥാന മുൻ ബിജെപി മേധാവിയുമായ ദിലീപ് ഘോഷ്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത ബിജെപിയുടെ സംഘടനാ യോഗത്തിൽ നിന്നാണ് ദിലീപ് ഘോഷ് വിട്ടുനിന്നത്. ഒരു ആഴ്ചയ്ക്കുള്ളിൽ ഇത് രണ്ടാം തവണയാണ് അദ്ദേഹം ഇത്തരത്തിൽ പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുന്നത്. മറ്റൊന്ന് മെയ് 29 ന് വടക്കൻ പശ്ചിമ ബംഗാളിലെ അലിപുർദുവാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പൊതുയോഗമായിരുന്നു.
ദിഘയിലെ പുർബ മേദിനിപൂരിൽ പുതുതായി നിർമിച്ച ജഗന്നാഥ ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് ശേഷം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി ഘോഷ് കൂടിക്കാഴ്ച നടത്തിയിരുന്നു. ടിഎംസി മേധാവിയുമായി അടുപ്പം പുലർത്തുകയും പാർടി അണികളുടെ വികാരങ്ങളെ വഞ്ചിക്കുകയും ചെയ്തുവെന്ന് നിരവധി ബിജെപി നേതാക്കൾ ആരോപിച്ചതോടെ ഇത് വലിയ വിവാദത്തിന് കാരണമായി.
ആരാധനാലയം സന്ദർശിക്കാൻ തനിക്ക് എല്ലാ അവകാശവുമുണ്ടെന്നും ബിജെപി വിശ്വസ്തൻ എന്ന നിലയിൽ തന്റെ സത്യസന്ധതയെയും യോഗ്യതയെയും ആർക്കും ചോദ്യം ചെയ്യാൻ കഴിയില്ലെന്നും ഘോഷ് വാദിച്ചിരുന്നുവെങ്കിലും വിവാദം കെട്ടടങ്ങാതെ തുടർന്നു. അതിനുശേഷം അഗദ്ദഹത്തെബിജെപിയുടെ ഒരു പരിപാടിയിലേയ്ക്കും ക്ഷണിച്ചില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
"ജൂൺ 1 ന് അമിത് ഷായുടെ പരിപാടിയിലേക്ക് എന്നെ ക്ഷണിച്ചിട്ടില്ല. അത് പ്രശ്നമല്ല. പാർടിയിലെ ഉന്നത നേതാക്കളോടൊപ്പം എപ്പോഴും കാണപ്പെടുന്ന ചില ആളുകളുണ്ട്.'' അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. മെയ് 29 നും മോദിയുടെ പൊതുയോഗത്തിന് മുമ്പ്, സംസ്ഥാന ബിജെപി നേതൃത്വം തന്നെ ക്ഷണിച്ചിട്ടില്ലെന്ന് ദിലീപ് ഘോഷ് നേരത്തെ പറഞ്ഞിരുന്നു.









0 comments