print edition ത്രിപുരയിൽ സിപിഐ എം ഓഫീസുകൾക്കുനേരെ അക്രമം അഴിച്ചുവിട്ട് ബിജെപി

ന്യൂഡൽഹി
ബിഹാർ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിന്റെ മറവിൽ ത്രിപുരയിൽ സിപിഐ എം ഓഫീസുകൾക്ക് നേരെ ബിജെപിയുടെ വ്യാപക ആക്രമണം. ധർമനഗർ, കമാൽപ്പുർ, ഉദയ്‌പ്പുർ, ജുലായ്‌ബാരി തുടങ്ങിയ സ്ഥലങ്ങളിൽ സിപിഐഎം ഓഫീസുകൾ ആക്രമിക്കപ്പെട്ടു. പലയിടത്തും ഓഫീസുകൾക്ക് തീയിടുകയും വസ്‌തുവകകൾ കൊള്ളയടിക്കുകയും ചെയ്‌തു.
കമാൽപ്പുരിലെ മണിക് ഭണ്ഡാറിൽ സിപിഐഎം സബ്‌ഡിവിഷൻ ഓഫീസിന് ബിജെപി അക്രമികൾ തീയിട്ടു. ഓഫീസിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു. 2018 ന് ശേഷം ഇൗ ഓഫീസിന് നേരെ ഒമ്പതുവട്ടം ബിജെപി ആക്രമണമുണ്ടായിട്ടുണ്ട്. മണിക് ഭണ്ഡാറിൽ തന്നെ സിപിഐഎം പ്രവർത്തകനായ തുന്നൽ തൊഴിലാളിയുടെ കടയും അക്രമികൾ തകർത്തു.
ബിജെപി ആക്രമണത്തെ പ്രതിപക്ഷ നേതാവും സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗവുമായ ജിതേന്ദ്ര ചൗധരി അപലപിച്ചു. ത്രിപുരയിൽ ക്രമസമാധാനം പൂർണമായും തകർന്നുവെന്നും ബിജെപിയുടെ അക്രമരാഷ്ട്രീയത്തിനെതിരായി എല്ലാ ജനാധിപത്യ വിശ്വാസികളും കൈക്കോർക്കണമെന്നും ചൗധരി പറഞ്ഞു. പൊലീസിനോട് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി മണിക്ക് സാഹ പ്രതികരിച്ചു.









0 comments