വോട്ടര്‍ പട്ടികയില്‍ തമിഴ്, കന്നഡ പേരുള്ള ആയിരങ്ങൾ , 4.21 ലക്ഷം വോട്ടർമാർക്ക് വിലാസമില്ല
അന്തിമവോട്ടര്‍പ്പട്ടികയില്‍ വ്യാപക ക്രമക്കേട് ; പകുതി വോട്ടർമാരും 21 ലക്ഷം വീടുകളിൽ

റിതിൻ പൗലോസ്
Published on Oct 10, 2025, 04:30 AM | 1 min read
ന്യൂഡൽഹി
ബിഹാറിലെ വോട്ടർപ്പട്ടികയുടെ തീവ്രപുനഃപരിശോധന(എസ്‌ഐആർ) യ്‌ക്ക് ശേഷമുള്ള അന്തിമപട്ടികയിൽ വ്യാപക ക്രമക്കേട് തെളിയിക്കുന്ന കണക്കുകൾ സുപ്രീംകോടതിയിൽ. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്‌മാല്യ ബാഗ്‌ചി എന്നിവരുടെ ബെഞ്ചിൽ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്(എഡിആർ) വേണ്ടി വസ്‌തുതാവിശകലനം നടത്തിയ സാമൂഹ്യപ്രവർത്തകൻ യോഗേന്ദ്ര യാദവാണ് ഇത് പുറത്തുകൊണ്ടുവന്നത്. അനധികൃത കുടിയേറ്റക്കാരെ പുറന്തള്ളാനാണ് എസ്‌ഐആർ എന്ന കമീഷന്റെ വാദം പൊളിക്കുന്നതാണ് കണക്കുകള്‍. 7.42 കോടി പേരുടെ അന്തിമപട്ടികയിൽ നീക്കപ്പെട്ട പൗരത്വമില്ലാത്തവർ 390പേർ മാത്രം.
അന്തിമപട്ടികയിൽനിന്ന് പുറത്തായ 3.66 ലക്ഷംപേർക്കും സൗജന്യനിരക്കിൽ അപ്പീൽ ഫയൽ ചെയ്യാനുള്ള സഹായമെത്തിക്കാൻ ബിഹാർ ലീഗൽ സർവീസസ് അതോറ്റിയോട് സുപ്രീംകോടതി ഉത്തരവിട്ടു. കേസ് വ്യാഴാഴ്‌ച വീണ്ടും പരിഗണിക്കും.
ഞെട്ടിക്കുന്ന വിവരങ്ങള്‍
തെരഞ്ഞെടുപ്പ് കമീഷൻ ആശ്രയിക്കുന്ന കേന്ദ്രസർക്കാരിന്റെ സാങ്കേതിക സമിതിയുടെ വിവരങ്ങളാണ് യാദവ് നിരത്തിയത്. സംസ്ഥാനത്തെ 21 ലക്ഷം വീടുകളിൽനിന്നാണ് ആകെയുള്ള 7.42 കോടി വോട്ടർമാരിൽ 3.20കോടിയും. പട്‌ന സഹേബ് അടക്കമുള്ള മണ്ഡലങ്ങളിൽ തമിഴ്, കന്നഡ പേരുള്ള ആയിരങ്ങൾ പട്ടികയിലുണ്ട്. 4.21 ലക്ഷം വോട്ടർമാർക്ക് വിലാസമില്ല. കരട് പട്ടികയിൽ ഇരട്ടവോട്ട് 4.90 ലക്ഷമായിരുന്നെങ്കിൽ അന്തിമപട്ടികയിൽ അത് 5.25ലക്ഷമായി.
സ്‌ത്രീകളെ വ്യാപകമായി പുറത്താക്കി ലിംഗാനുപാതം അട്ടിമറിച്ചു. 880 വോട്ടർമാർ ഒറ്റവീട്ടിൽ. 2,200 വീടുകളിലുള്ളത് 4.4ലക്ഷം വോട്ടർമാർ. പുതുതായി കൂട്ടിച്ചേർത്ത 21.31 ലക്ഷം പേരിൽ കന്നിവോട്ടർമാർ 20 ശതമാനത്തിൽ താഴെമാത്രം. 40 ശതമാനം പേരും 25 വയസ്സിന് മുകളിലുള്ളവർ. 80, 100 വയസ് പിന്നിട്ട ആയിരക്കണിക്കിന് ‘കന്നിവോട്ടർമാരെ’ തിരുകിക്കയറ്റി. രണ്ടുലക്ഷം എതിർപ്പുകളിൽ 1.40 ലക്ഷം പേരും സ്വന്തം പേര് നീക്കാൻ സ്വയം അപേക്ഷ നൽകിയത് ദുരൂഹം. അനധികൃത കുടിയേറ്റക്കാരെപ്പറ്റി ലഭിച്ചത് 1087 പരാതികൾ മാത്രം. 796 ‘അനധികൃത കുടിയേറ്റക്കാർ’ പേര് നീക്കാൻ സ്വയം അപേക്ഷിച്ചത് എന്തിനെന്ന് കമീഷൻ പറയണമെന്നും യാദവ് ആവശ്യപ്പെട്ടു.









0 comments