ബിഹാറിലെ പട്ടിക പുതുക്കൽ ആരുടെ താത്പര്യം
പേര് ഉറപ്പാക്കാൻ ആവശ്യപ്പെട്ട രേഖകളിൽ പകുതിയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ തന്നെ നിബന്ധനകൾ പാലിക്കാത്തവ

ബിഹാറിലെ സമഗ്ര വോട്ടർപട്ടിക പുതുക്കൽ തീവ്രയജ്ഞ പരിപാടിക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയരുമ്പോഴും പദ്ധതി തുടങ്ങി 15 ദിവസത്തിനകം 4.53 കോടി ഫോമുകൾ പൂരിപ്പിച്ച് തിരിച്ചെത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. എന്നാൽ ഇവയ്ക്ക് ആധാരമാക്കിയ രേഖകളുടെ സൂക്ഷ്മ പരിശോധന സംബന്ധിച്ച് വിവരമില്ല. കമ്മീഷൻ ആവശ്യപ്പെട്ട രേഖകൾ തന്നെ നിയമപരമായ നിബന്ധനകൾ പാലിക്കാൻ കഴിയുന്നവയല്ല എന്നും വ്യക്തമാവുന്നു.
പുതുക്കലിനായി കമ്മീഷൻ ആവശ്യപ്പെട്ട 11 പ്രധാന രേഖകളിൽ കുറഞ്ഞത് അഞ്ചെണ്ണമെങ്കിലും അപേക്ഷകന്റെ ജനന സ്ഥലമോ ജനനത്തീയതിയോ സൂചിപ്പിക്കാത്തവയാണ്. വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള മുൻവ്യവസ്ഥകളിൽ സ്ഥലവും ജനനത്തീയതിയും നിർബന്ധം പറയുന്നുമുണ്ട്.
ഈ സാഹചര്യത്തിൽ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിടുക്കം രാഷ്ട്രീയമായി എതിർക്കപ്പെടുന്നു. ഒപ്പം ഇത് നിയമപരമായി നിലനിൽക്കില്ല എന്ന നിരീക്ഷണങ്ങളും കൂടുതൽ ശക്തമായി. 1950 ലെ ജനപ്രാതിനിധ്യ നിയമ പ്രകാരം വോട്ടർപട്ടിക പുതുക്കാനുള്ള യോഗ്യതാ തീയതി അതത് വർഷം ജനുവരി ഒന്നാണ്. ബിഹാറിൽ ജൂലൈയ് ഒന്നിനാണ് പ്രക്രിയ തുടങ്ങിയത്. ഇതിനിടെ എതിർപ്പുകൾ ഇല്ലാതാക്കാനായി, 57.48 ശതമാനം ഫോമുകൾ പൂരിപ്പിച്ചെത്തി എന്നാണ് കമ്മീഷൻ ഇപ്പോൾ അവകാശപ്പെട്ടിരിക്കുന്നത്.
ബിഹാറിലെ പാതി വോട്ടർമാരാണ് ഇത്. ഇനിയും ശേഷിക്കുന്നത് പത്ത് ദിവസങ്ങളാണ്. ഈ മാസം 25 ആണ് അവസാന തീയതി. സുപ്രീം കോടതിയിൽ കമ്മീഷന്റെ നടപടിക്ക് എതിരായ ഹർജിയും പരിഗണനയിലാണ്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം രാഷ്ട്രീയ ലക്ഷ്യങ്ങളുള്ളതാണ് എന്ന് ആരോപിച്ച് ബുധനാഴ്ച പ്രതിപക്ഷ കക്ഷികൾ ബിഹാറിൽ ബന്ദ് ആചരിച്ചു. ഇതിനെ പ്രതിരോധിക്കാനാണ് ഇതുവരെയുള്ള കണക്കുകൾ മുഖ്യ കമ്മീഷണർ ഗ്യാനേഷ് കുമാർ എക്സിൽ പോസ്റ്റ് ചെയ്തത്.
ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വോട്ടർ തിരിച്ചറിയൽ കാർഡുകൾ (ഇലക്ടറുടെ ഫോട്ടോ ഐഡന്റിറ്റി കാർഡ്) അല്ലെങ്കിൽ പാൻ കാർഡുകൾ എന്നിവ അപേക്ഷകർക്ക് ഹാജരാക്കാൻ കഴിയുന്ന 11 സൂചക രേഖകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. പതിനൊന്ന് രേഖകളിൽ അഞ്ച് എണ്ണം കമ്മീഷൻ പറയുന്ന ഉപാധിയായ തീയതിയും അപേക്ഷകന്റെ പേരും ഉള്ളവയുമല്ല. ദേശീയ പൗരത്വ രജിസ്റ്റർ (NRC), കുടുംബ രജിസ്റ്റർ എന്നിവ ബിഹാറിൽ നിലവിൽ ഇല്ല.
Related News
പൂരിപ്പിച്ച് എത്തിയ ഫോമുകളിൽ 10% മാത്രമേ കമ്മീഷൻ ആവശ്യപ്പെട്ട രേഖകളാൽ പിന്തുണയ്ക്കപ്പെട്ടിട്ടുള്ളൂ എന്നും ബി എൽ ഒ മാരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. രേഖകൾ സമർപ്പിക്കാൻ ഇനിയും കാത്തിരിക്കുന്നവരിൽ 25% പേർക്ക് അവ നൽകാൻ കഴിയാത്ത അവസ്ഥയിലാണെന്നും വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്നുമാണ് നേരത്തെയും ഇപ്പോഴും ഉയരുന്ന വിമർശനം.
2024 ലെ പൊതുതെരഞ്ഞെടുപ്പിൽ ബീഹാറിൽ 7.9 കോടി വോട്ടർമാരുണ്ടായിരുന്നു. അതിൽ 2003 ലെ പുനരവലോകന പട്ടികയിൽ ഉണ്ടായിരുന്ന 4.96 കോടി വോട്ടർമാർ വിശദാംശങ്ങൾ സമർപ്പിക്കേണ്ടതില്ല എന്നാണ് ഇസിഐ വ്യക്തമാക്കിയിട്ടുള്ളത്. ഈ കണക്കുകളും ഇതുവരെ തിരിച്ചെത്തിയ ഫോമുകളുടെ അവകാശവാദവും കണക്കിലെടുത്താൽ പോലും നേരത്തെ വിമർശിക്കപ്പെട്ടത് പോലെ രണ്ട് കോടിയിൽ അധികം വോട്ടർമാർ സമ്മതിദാനാവകാശത്തിൽ നിന്നും പുറത്താവുന്ന സാഹചര്യം തുടരുകയാണ്.
ഉപാധിവെച്ച രേഖകൾ
1. ജനന സർട്ടിഫിക്കറ്റ്
2. പാസ്‌പോർട്ട്
3. മെട്രിക്കുലേഷൻ അല്ലെങ്കിൽ ഉന്നത വിദ്യാഭ്യാസ സർട്ടിഫിക്കറ്റ്
4. സർക്കാർ നൽകിയ തിരിച്ചറിയൽ രേഖകൾ അല്ലെങ്കിൽ പെൻഷൻ ഉത്തരവുകൾ
5. സ്ഥിര താമസ സർട്ടിഫിക്കറ്റ്
6. വനാവകാശ സർട്ടിഫിക്കറ്റ്
7. ജാതി സർട്ടിഫിക്കറ്റ് (എസ്‌സി/എസ്ടി/ഒബിസി)
8. എൻആർസി രേഖ (ബാധകമെങ്കിൽ)
9. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന കുടുംബ രജിസ്റ്റർ
10. ഭൂമി അല്ലെങ്കിൽ വീട് അനുവദിക്കൽ സർട്ടിഫിക്കറ്റ്
11. 1987-ന് മുമ്പുള്ള സർക്കാർ അല്ലെങ്കിൽ പൊതുമേഖലാ സ്ഥാപനം നൽകിയ തിരിച്ചറിയൽ രേഖകൾ

ലക്ഷ്യം വെച്ചത് ആരെ
2011 ലെ സാമൂഹിക-സാമ്പത്തിക, ജാതി സെൻസസ് അനുസരിച്ച്, ബീഹാറിലെ 1.78 കോടി ഗ്രാമീണ കുടുംബങ്ങളിൽ 65.58 ശതമാനത്തിലധികം പേർക്കും സ്വന്തമായി ഭൂമിയില്ല, ഇത് ഭൂമിയോ താമസമോ അടിസ്ഥാനമാക്കിയുള്ള രേഖകൾ നിർമ്മിക്കാനുള്ള അവരുടെ കഴിവിനെ പരിമിതപ്പെടുത്തുന്നു.
വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, 2023 വരെ ബീഹാറിൽ 27.44 ലക്ഷം സാധുവായ പാസ്‌പോർട്ടുകൾ മാത്രമേ നൽകിയിട്ടുള്ളൂ - ഇത് സംസ്ഥാന ജനസംഖ്യയുടെ വെറും 2 ശതമാനം മാത്രമാണ്.
അതുപോലെ, 2022 ലെ ബീഹാർ ജാതി സർവേ കാണിക്കുന്നത് 20.49 ലക്ഷം പേർ (1.57 ശതമാനം) മാത്രമാണ് സർക്കാർ സർവീസിൽ ജോലി ചെയ്യുന്നത്, ഇത് സർക്കാർ തൊഴിൽ സർട്ടിഫിക്കറ്റുകൾ കൈവശം വച്ചിരിക്കാവുന്ന മറ്റൊരു ചെറിയ കൂട്ടമാണ്.
ഇതേ റിപ്പോർട്ട് അനുസരിച്ച്, 2022 ൽ ബീഹാറിലെ മൊത്തം ജനസംഖ്യ 13.07 കോടിയായിരുന്നു. ഇതിൽ ഒബിസികൾ 3.54 കോടി (27 ശതമാനം), ഇബിസികൾ 4.70 (36 ശതമാനം), പട്ടികജാതിക്കാർ 2.6 കോടി (20 ശതമാനം), പട്ടികവർഗക്കാർ (എസ്ടി) 22 ലക്ഷം (1.6 ശതമാനം) എന്നിങ്ങനെയായിരുന്നു. ഈ സമുദായങ്ങൾ കൂടി ജനസംഖ്യയുടെ 84 ശതമാനത്തിലധികമാണ്. എന്നിരുന്നാലും, ഈ സമുദായങ്ങളിൽ നിന്നുള്ള എത്ര പേർക്ക് സർട്ടിഫിക്കറ്റുകൾ ലഭിച്ചു എന്നതിനെക്കുറിച്ചുള്ള ഒരു വിവരവും ലഭ്യമല്ല.
കുടിയേറ്റ തൊഴിലാളികൾ, ദിവസ വേതനക്കാർ, നിരക്ഷരരായ പൗരന്മാർ എന്നിവരുൾപ്പെടെ ബീഹാറിലെ ഏറ്റവും ദുർബലരായ പലർക്കും, രേഖകളുടെ സങ്കീർണ്ണതയിലൂടെ സഞ്ചരിക്കുക എന്നത് പലപ്പോഴും സങ്കല്പിക്കാവുന്നത് പോലുമല്ല.









0 comments