ബിഹാറിൽ നിലപാട് കടുപ്പിച്ച് ഇന്ത്യ കൂട്ടായ്‌മ; വോട്ട് അധികാർ യാത്ര ഇന്നുമുതല്‍

ന്യൂഡൽഹി
: പൗരത്വ രജിസ്റ്റർ ഒളിച്ചുകടത്താനും വോട്ടർമാരെ കൂട്ടമായി പുറന്തള്ളാനും ലക്ഷ്യമിട്ട് ബിഹാറിൽ നടപ്പാക്കുന്ന വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയ്‌ക്കെതിരെ പ്രതിപക്ഷ ഇന്ത്യ കൂട്ടായ്‌മയുടെ ‘വോട്ട് അധികാർ യാത്രയ്‌ക്ക്’ ഞായറാഴ്‌ച തുടക്കം. റോഹ്‌താസ് ജില്ലയിലെ സസാറമിൽ നിന്നാരംഭിച്ച് സംസ്ഥാനത്തെ 23 ജില്ലകളിലൂടെ 1300 കിലോമീറ്റർ സഞ്ചരിക്കും. 14 ദിവസം നീളുന്ന യാത്ര സെപ്‌തംബർ ഒന്നിന് പട്‌നയിൽ വൻറാലിയോടെ അവസാനിക്കും.
വോട്ടർപ്പട്ടികയിൽനിന്ന് ജനങ്ങളെ പുറന്തള്ളാനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ നീക്കത്തെക്കുറിച്ച് വോട്ടർമാരെ ബോധവത്‌കരിക്കാനാണ് യാത്ര. ബിഹാർ പ്രതിപക്ഷ നേതാവും ആർജെഡി ചെയർമാനുമായ തേജസ്വി യാദവ്, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, മുതിർന്ന സിപിഐ എം നേതാവ് സുഭാഷിണി അലി, സിപിഐ എംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ തുടങ്ങിയ നേതാക്കൾ പങ്കാളികളാകും.
സെപ്‌തംബർ ഒന്നിന് പട്‌നയിൽ ചേരുന്ന മഹാറാലിയിൽ തേജസ്വിക്കും രാഹുലിനും പുറമെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, എസ്‌പി പ്രസിഡന്റ് അഖിലേഷ് യാദവ് തുടങ്ങിയവർ പങ്കെടുക്കും. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായുള്ള പ്രതിപക്ഷ മഹാസഖ്യത്തിന്റെ പ്രചാരണ പരിപാടി കൂടിയായി യാത്ര മാറും.
വിവാദങ്ങൾക്കിടെ തെര. കമീഷന്റെ വാർത്താസമ്മേളനം ഇന്ന്
ബിഹാർ വോട്ടർപ്പട്ടിക പുനഃപരിശോധന, വോട്ട് മോഷണം തുടങ്ങിയ വിവാദങ്ങൾ കത്തിനിൽക്കെ ഞായറാഴ്‌ച വാർത്താസമ്മേളനം നടത്താനൊരുങ്ങി തെരഞ്ഞെടുപ്പ് കമീഷൻ. നാഷണൽ മീഡിയാ സെന്ററിൽ പകൽ മൂന്നിനാണ് വാർത്താസമ്മേളനം. നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകൾ പ്രഖ്യാപിക്കുന്ന അവസരങ്ങളിൽ മാത്രമാണ് കമീഷൻ സാധാരണ വാർത്താസമ്മേളനം വിളിക്കാറുള്ളത്.
ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധനയടക്കമുള്ള കമീഷൻ നടപടികളെ ചോദ്യംചെയ്‌ത് പ്രതിപക്ഷ ഇന്ത്യ കൂട്ടായ്‌മയുടെ ‘വോട്ട് അധികാർ യാത്ര’യ്‌ക്ക് തുടക്കമാകുന്ന ദിവസംതന്നെയാണ് അസാധാരണ വാർത്താസമ്മേളനം.
ബിഹാറിലെ കരടു വോട്ടർപ്പട്ടികയിൽനിന്ന് പുറന്തള്ളിയ 65 ലക്ഷം വോട്ടർമാരുടെ പേരും കാരണവും പ്രസിദ്ധീകരിക്കാൻ സുപ്രീംകോടതി കമീഷനോട് നിർദേശിച്ചിരുന്നു. ആധാറും വോട്ടർകാർഡും വോട്ടർപ്പട്ടികയിൽ പേരുചേർക്കുന്നതിനുള്ള രേഖകളായി പരിഗണിക്കാനും ഉത്തരവിട്ടു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബംഗളൂരു സെൻട്രൽ ലോക്‌സഭ മണ്ഡലമടക്കം ഒട്ടനവധി ഇടങ്ങളിൽ വോട്ടുതിരിമറി നടന്നതായ ആക്ഷേപം പ്രതിപക്ഷം മുന്നോട്ടുവച്ചിരുന്നു. ബംഗളൂരു സെൻട്രലിലെ മഹാദേവപുര നിയമസഭ മണ്ഡലത്തിൽമാത്രം ഒരു ലക്ഷത്തിലേറെ വ്യാജവോട്ടർമാർ ഉൾപ്പെട്ടതായും ആരോപണമുയർന്നു. കേന്ദ്രസർക്കാരിന്റെയും ബിജെപിയുടെയും നിർദേശാനുസരണമാണ് കമീഷൻ പ്രവർത്തിക്കുന്നതെന്ന ആക്ഷേപവും പ്രതിപക്ഷ പാർടികൾ ഉയർത്തുന്നുണ്ട്. ഇൗ വിഷയങ്ങളിലൊക്കെ കമീഷൻ പ്രതികരിക്കുമോയെന്നാണ് അറിയേണ്ടത്.









0 comments