കേരളത്തിൽ എസ്ഐആർ നടപടി മാറ്റിവയ്‌ക്കണമെന്ന് സിഇഒ ഡോ. രത്തൻ ഖേൽക്കർ
print edition രാജ്യവ്യാപക എസ്‌ഐആർ നവംബറിൽ

ന്യൂഡൽഹി
ബിഹാർ മാതൃകയിൽ രാജ്യവ്യാപകമായുള്ള വോട്ടർപ്പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധന (എസ്‌ഐആർ) നവംബർ ആദ്യം തുടങ്ങും. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഘട്ടംഘട്ടമായി എസ്‌ഐആർ നടപടികൾ പൂർത്തിയാക്കും. തെരഞ്ഞെടുപ്പ് അടുത്ത സംസ്ഥാനങ്ങളിൽ ആദ്യഘട്ടത്തിൽ നടപടികളാരംഭിക്കും. നവംബറിൽ തുടങ്ങി മൂന്നുമാസത്തിനകം വോട്ടർപ്പട്ടിക പൂർണമായും പരിഷ്‌കരിക്കാനാണ് ആലോചിക്കുന്നത്. ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ അന്തിമ വോട്ടർപ്പട്ടിക പുറത്തുവിട്ടേക്കും.
എസ്‌ഐആർ നടപടികളുടെ പുരോഗതി വിലയിരുത്താൻ തെരഞ്ഞെടുപ്പ് കമീഷൻ വിളിച്ച ചീഫ് ഇലക്‌ടറൽ ഓഫീസർ(സിഇഒ)മാരുടെ ദ്വിദിന സമ്മേളനം ഡൽഹിയിൽ സമാപിച്ചു. ഒരോ സംസ്ഥാനങ്ങളിലും എസ്‌ഐആർ ഒരുക്കങ്ങൾ വേഗത്തിലാക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ നിർദേശം നൽകി. തെരഞ്ഞെടുപ്പ് അടുത്ത സംസ്ഥാനങ്ങളിലെ സിഇഒമാരുമായി തെരഞ്ഞെടുപ്പ് കമീഷൻ പ്രത്യേക കൂടിക്കാഴ്‌ച നടത്തി.
കേരളത്തിൽ എസ്ഐആർ നടപടി മാറ്റിവയ്‌ക്കണമെന്ന ആവശ്യം ശക്തമാണെന്ന് സിഇഒ ഡോ. രത്തൻ ഖേൽക്കർ ചൂണ്ടിക്കാട്ടി. ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) പുറത്തിറക്കിയശേഷം എസ്‌ഐആർ നടപടികൾ തുടങ്ങിയാൽ മതിയെന്ന് അസം ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് അടുത്ത സംസ്ഥാനങ്ങളിൽ എത്രയും വേഗം എസ്‌ഐആർ പൂർത്തിയാക്കണമെന്നാണ് നിലപാടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌കുമാർ അറിയിച്ചു. കേരളവും അസമും ഉന്നയിച്ച ആവശ്യങ്ങളിൽ അന്തിമതീരുമാനം പിന്നീട് അറിയിക്കാമെന്നും വ്യക്തമാക്കി. ആവശ്യം അംഗീകരിച്ചാൽ കേരളത്തെയും അസമിനെയും ഒന്നാംഘട്ടത്തിൽനിന്നും ഒഴിവാക്കിയേക്കും.
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്കൊപ്പം തെരഞ്ഞെടുപ്പ് കമീഷണർമാരായ ഡോ. എസ് എസ് സന്ധു, ഡോ. വിവേക് ജോഷി എന്നിവരും സിഇഒമാരുമായി ആശയവിനിമയം നടത്തി. ഒരോ സംസ്ഥാനങ്ങളിലെയും സാഹചര്യം പരിഗണിച്ച് എസ്‌ഐആർ ഷെഡ്യൂൾ തയ്യാറാക്കുമെന്നും അത് ഉടൻ പുറത്തുവിടുമെന്നും തെരഞ്ഞെടുപ്പ് കമീഷൻ വൃത്തങ്ങൾ അറിയിച്ചു.









0 comments