രേഖകൾ ഇല്ലാത്തവർ പിന്നീട്‌ നൽകിയാൽ മതിയെന്നും ഉദ്യോഗസ്ഥൻ അന്വേഷിച്ച്‌ തീരുമാനമെടുക്കുമെന്നും ബിഹാർ പത്രങ്ങളിൽ പരസ്യം

ബിഹാർ വോട്ടർപ്പട്ടികയിലെ പൗരത്വ പരിശോധന ; രേഖ നൽകാന്‍ സാവകാശം

Electoral Roll Revision
വെബ് ഡെസ്ക്

Published on Jul 07, 2025, 04:17 AM | 2 min read


ന്യൂഡൽഹി

ബിഹാറിൽ പൗരത്വ രജിസ്റ്ററിന്‌ സമാനമായി വോട്ടർ പട്ടികയുടെ തീവ്ര പുനഃപരിശോധനയില്‍ പ്രതിഷേധം കനക്കവെ ഇളവുകൾ പ്രഖ്യാപിച്ച്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ. ആവശ്യമായ രേഖകൾ കൈവശമില്ലാത്ത വോട്ടർമാർ തൽക്കാലം അപേക്ഷ പൂരിപ്പിച്ച്‌ എത്രയും വേഗം ഉദ്യോഗസ്ഥർക്ക്‌ കൈമാറാനാണ്‌ സംസ്ഥാന ചീഫ്‌ ഇലക്‌ട്രൽ ഓഫീസറു(സിഇഒ)ടെ നിർദേശം. അത്തരം അപേക്ഷകൾ ബൂത്ത്‌തല ഉദ്യോഗസ്ഥർ സ്വീകരിച്ച്‌ അപ്‌ലോഡ്‌ ചെയ്യണം. രേഖകൾ പിന്നീട്‌ സമർപ്പിച്ചാൽ മതിയാകുമെന്നും സിഇഒ അറിയിച്ചു. മതിയായ രേഖകൾ ഇല്ലാത്തവരുടെ കാര്യത്തിൽ ഇലക്‌ട്രൽ രജിസ്‌ട്രാർ ഓഫീസർ പ്രാദേശികതലത്തിൽ വിശദമായി അന്വേഷിച്ച്‌ ഉചിതമായ തീരുമാനമെടുക്കുമെന്നും അറിയിച്ചു.


ബിഹാറിലെ വോട്ടർപട്ടികയിൽ തുടരാൻ പൗരത്വം തെളിയിക്കാനുള്ള 11 രേഖകളിൽ ആധാറോ, വോട്ടർ ഐഡിയോ, റേഷൻ കാർഡോ ഇല്ല. ഇതോടെ, ദരിദ്രരും ദുർബല ജനവിഭാഗങ്ങളും ദുരിതത്തിലാകും. മൂന്ന്‌ കോടി വോട്ടർമാർ പട്ടികയിൽനിന്ന്‌ പുറത്താകുമെന്ന സ്ഥിതിയുണ്ട്. ശക്തമായ എതിർപ്പുമായി പ്രതിപക്ഷ പാർടികൾ രംഗത്തെത്തിരുന്നു. ജനങ്ങൾ കടുത്ത ആശങ്കയിലാണെന്നതും പ്രതിപക്ഷ പ്രതിഷേധവും കണക്കിലെടുത്താണ്‌ കമീഷൻ ഇളവുനൽകിയത്‌. ബിഹാറിലെ പത്രങ്ങളിൽ ഇത്‌ വ്യക്തമാക്കി കമീഷൻ പരസ്യം നൽകി.


ഈ മാസം 26നാണ്‌ അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാനതിയതി. ബിഹാറിൽ ആകെയുള്ള 7.89 കോടി വോട്ടർമാരിൽ 2003 ജനുവരി ഒന്നിന്‌ വോട്ടർപ്പട്ടികയിലുള്ള 4.96 കോടി വോട്ടർമാർക്ക്‌ വോട്ടർപട്ടികയിൽ പേരുകൾ നിലനിർത്താൻ അപേക്ഷകൾ പൂരിപ്പിച്ച്‌ നൽകിയാൽ മതിയാകും. ബാക്കിയുള്ള 2.93 കോടി (37 ശതമാനം) പേർക്ക്‌ അപേക്ഷകളോടൊപ്പം പൗരത്വം തെളിയിക്കുന്ന രേഖകളും ഹാജരാക്കണം. ജനനതിയതിയും സ്ഥലവും വ്യക്തമാക്കുന്ന രേഖകൾ ഹാജരാക്കണമെന്നാണ്‌ അധികൃതരുടെ നിർദേശം. 1987 ജൂലൈ ഒന്നിന്‌ മുമ്പ്‌ ജനിച്ചരാണെങ്കിൽ ജനനതിയതി, സ്ഥലം എന്നിവ വ്യക്തമാക്കുന്ന രേഖകൾ കൈമാറണം.


1987 ജൂലൈ ഒന്നിനും 2004 ഡിസംബർ രണ്ടിനും ഇടയിൽ ജനിച്ചവർ സ്വന്തം ജനനതിയതിയും സ്ഥലവും വ്യക്തമാക്കുന്ന രേഖകൾക്കൊപ്പം മാതാപിതാക്കളിൽ ഒരാളുടെ ജനനരേഖകളും കൈമാറണം.


2004 ഡിസംബർ രണ്ടിന്‌ ശേഷം ജനിച്ചവർ അവരവരുടെ ജനനരേഖയ്‌ക്ക്‌ ഒപ്പം മാതാപിതാക്കളുടെ ജനനരേഖകൾ കൂടി ഹാജരാക്കണം.


സുപ്രീംകോടതിയിൽ 
കൂടുതൽ ഹര്‍ജികള്‍

പൗരത്വ രജിസ്റ്ററിന് സമാനമായുള്ള ബിഹാറിലെ വോട്ടർ പട്ടികയുടെ തീവ്ര പുനപരിശോധനക്കെതിരെ കൂടുതൽ ഹർജികൾ സുപ്രീംകോടതിയിൽ. ആര്‍ജെഡിയും പൊതുപ്രവർത്തകരായ യോഗേന്ദ്ര യാദവ്‌, മഹുവ മൊയ്‌ത്ര എംപി എന്നിവരാണ്‌ ഹർജി നൽകിയത്‌. അസോസിയേഷൻ ഓഫ്‌ ഡെമോക്രാറ്റിക്ക്‌ റൈറ്റ്‌സ്‌(എഡിആർ) കഴിഞ്ഞ ദിവസം ഹർജി ഫയൽ ചെയ്‌തിരുന്നു. ജൂലൈ 14നുശേഷം സുപ്രീംകോടതി ഹർജികൾ പരിഗണിച്ചേക്കും.


ആദ്യഘട്ടം
 പൂർത്തിയായി

ബിഹാറിൽ വോട്ടർപട്ടിക തീവ്ര പുനഃപരിശോധനയുടെ ആദ്യഘട്ടം പൂർത്തിയായതായി തെരഞ്ഞെടുപ്പ്‌ കമീഷൻ. മൊത്തം ഏഴ്‌ കോടി വോട്ടർമാരുള്ളതിൽ 1.69 കോടി വോട്ടർമാർ (21.46 ശതമാനം) അപേക്ഷകൾ പൂരിപ്പിച്ച്‌ നൽകി. ആഗസ്‌ത്‌ ഒന്നിന്‌ കരട്‌ വോട്ടർ പട്ടിക പുറത്തുവിടും. ഈ മാസം 25ന്‌ മുമ്പ്‌ വോട്ടർമാർക്ക്‌ അപേക്ഷകൾ സമർപ്പിക്കാം.



deshabhimani section

Related News

View More
0 comments
Sort by

Home