നഷ്ടം 13,000 കോടി: കേന്ദ്രം നൽകിയത് 1,600 കോടി മാത്രം- പഞ്ചാബ് മുഖ്യമന്ത്രി

ന്യൂഡൽഹി : പ്രളയം നാശം വിതച്ച പഞ്ചാബിന് സഹായമായി കേന്ദ്രം നൽകിയത് 1,600 കോടി രൂപ മാത്രമാണെന്ന് മുഖ്യമന്ത്രി ഭഗവന്ത് മൻ. കഴിഞ്ഞ ആഴ്ചകളിൽ പഞ്ചാബിലുണ്ടായ പ്രളയത്തിൽ ഏകദേശം 13,800 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് നിലവിൽ കണക്കാക്കുന്നത്. എന്നാൽ പ്രളയസഹായമെന്ന നിലയിൽ കേന്ദ്രം 1,600 കോടി മാത്രമാണ് നൽകിയതെന്നും ഇതുകൊണ്ട് എങ്ങനെ പ്രളയ ദുരിതാശ്വാസം നടത്തുമെന്നും ഭഗവന്ത് മൻ ചോദിച്ചു. വെള്ളപ്പൊക്കം പോലുള്ള ദുരന്തങ്ങളെ നേരിടാൻ സംസ്ഥാനങ്ങൾ ഉപയോഗിക്കേണ്ട സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ പഞ്ചാബ് സർക്കാരിന്റെ കൈവശം 12,000 കോടി രൂപ ഉപയോഗിക്കാതെ കിടക്കുന്നുണ്ടെന്ന ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വിമർശനത്തെ ഭഗവന്ത് മൻ തള്ളിക്കളഞ്ഞു.
"1,600 കോടി രൂപ കൊണ്ട് എന്തു ചെയ്യും? അവർ തമാശ പറയുകയാണോ? പ്രാരംഭ നഷ്ടം 13,800 കോടി രൂപയാണ്... 1,600 കോടി രൂപ സമുദ്രത്തിലേക്ക് വീഴുന്ന ഒരു തുള്ളി മാത്രമാണ്- മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ ഗ്രാമവികസന ഫണ്ടിനുള്ള 8,000 കോടി രൂപ കേന്ദ്രം തടഞ്ഞുവച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
റോഡുകളുടെ അറ്റകുറ്റപ്പണിക്കായും കർഷകരുടെ മൊത്തവ്യാപാര വിപണിയെ സഹായിക്കാനും വേണ്ടിയാണ് ആർഡിഎഫ് ഉപയോഗിക്കുന്നത്. ഇത് കാരണമില്ലാതെ ബിജെപി നിർത്തിവച്ചു. പ്രതിപക്ഷ സർക്കാരുകൾക്കും ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങൾക്കും ന്യായമായ ഫണ്ട് നൽകുന്നത് അവസാനിപ്പിക്കുകയാണ് ബിജെപി ഭരിക്കുന്ന കേന്ദ്രസർക്കാർ. ബിജെപിയുടെ 12,000 കോടി രൂപയുടെ അവകാശവാദത്തെ തള്ളിയ മുഖ്യമന്ത്രി എല്ലാ വർഷത്തെയും വരവു ചെലവ് കണക്കുകൾ കൃത്യമായി ഉണ്ടെന്നും കണക്കനുസരിച്ച് ബാക്കിയുള്ള തുക 2,000 കോടി രൂപയിൽ താഴെയാണെന്നും പറഞ്ഞു.
2010/ 11 കാലയളവിലാണ് എസ്ഡിആർഎഫ് ആരംഭിക്കുന്നത്. ഇതുവരെ 5,012 കോടി രൂപയാണ് അക്കൗണ്ടിലെത്തിയത്. അതിൽ 3,820 കോടി രൂപ ചെലവഴിച്ചു. ഇനി 1,200 കോടി രൂപ മാത്രമാണ് ബാക്കിയുള്ളത്. എവിടെ നിന്നാണ് ബിജെപിക്ക് 12,000 രൂപയുടെ കണക്കുകൾ കിട്ടിയത്. ശരിക്കുമുള്ള തുകയ്ക്ക് ഒപ്പം പൂജ്യങ്ങൾ കൂട്ടി പറയുകയാണ് ബിജെപി- ഭഗവന്ത് മൻ പറഞ്ഞു. പഞ്ചാബിന്റെ ചരക്ക് സേവന നികുതി വരുമാനത്തിന്റെ 50,000 കോടി രൂപ കേന്ദ്രം നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തിൽ നിന്ന് ഒരു പ്രത്യേക പാക്കേജും നൽകിയില്ലെങ്കിലും ന്യായമായി ലഭിക്കേണ്ട ഈ തുക നൽകിയാൽ മതിയെന്നും ഇത് ഉപയോഗിച്ച് വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്തുകൊള്ളാമെന്നും ഭഗവന്ത് മാൻ പറഞ്ഞു.
പഞ്ചാബിൽ പതിറ്റാണ്ടുകൾക്കിടെയുള്ള ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് നിലവിൽ ഉണ്ടായത്. സത്‌ലജ്, ബിയാസ്, രവി നദികൾ കരകവിഞ്ഞൊഴുകിയതും അരുവികളിൽ ഉണ്ടായതുമായ വെള്ളപ്പൊക്കവും കനത്ത മഴയുമാണ് പഞ്ചാബിനെ തകർത്തത്. 55 പേർ മഴക്കെടുതിയിൽ മരിച്ചു. സംസ്ഥാനവ്യാപകമായി ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾ തുടരുകയാണ്. ജലജന്യ രോഗങ്ങൾ പടരാനുള്ള സാധ്യത സംസ്ഥാനത്ത് നിലനിൽക്കുന്നുണ്ട്. 2,000-ത്തിലധികം ഗ്രാമങ്ങളെയും ഏകദേശം നാല് ലക്ഷത്തോളം ആളുകളെയും പ്രളയം ബാധിച്ചിട്ടുണ്ടെന്നാണ് കണക്ക്. 1.93 ലക്ഷം ഹെക്ടർ ഭൂമിയിലെ വിളകൾക്ക് നാശനഷ്ടമുണ്ടായതായി. കുറഞ്ഞത് 20,000 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.









0 comments