ആര്‍സിബി വിജയാഘോഷത്തിനിടെ അപകടം: കർണാടക ഹൈക്കോടതി സ്വമേധയ കേസെടുത്തു

ബംഗളൂരു : റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ കർണാടക ഹൈക്കോടതി സ്വമേധയ കേസെടുത്തു. ഇന്ന് ഉച്ചയ്ക്കു ശേഷം കേസ് കോടതി പരിഗണിക്കുമെന്നാണ് വിവരം. അപകടത്തിൽ 50ലേറെ പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസമാണ് 18 വർഷത്തെ കാത്തിരിപ്പിനു ശേഷം ഐപിഎൽ കിരീടമണിഞ്ഞ ആർസിബിയുടെ വിജയാഘോഷം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്നത്. വിരാട് കോഹ്‍ലിയടക്കമുള്ള താരങ്ങളെ കാണാൻ ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തിയ ആരാധകരുടെ തിക്കിലും തിരക്കിലുംപെട്ട് ആറുവയസുകാരി ഉൾപ്പെടെ 11 പേരാണ് മരിച്ചത്. 40,000 പേർക്ക് പ്രവേശിക്കാൻ സാധിക്കുന്ന ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നിൽ 2 ലക്ഷത്തോളം പേരാണ് തടിച്ചുകൂടിയത്.
ടീം സ്റ്റേഡിയത്തിൽ പ്രവേശിക്കുമെന്ന് കരുതിയ ഗേറ്റ് നമ്പർ മൂന്നിന് മുന്നിലാണ് വൈകിട്ട് തിക്കുംതിരക്കുമുണ്ടായത്. വൻ ആളപായമുണ്ടായെന്ന് ബോധ്യപ്പെട്ടിട്ടും സ്റ്റേഡിയത്തിനുള്ളിൽ ടീമിനുള്ള സ്വീകരണം തുടർന്നു. മന്ത്രിമാരടക്കം പരിപാടിയിൽ പങ്കെടുത്തു. കർണാടക ക്രിക്കറ്റ് അസോസിയേഷനും കർണാടക സർക്കാരുമാണ് സ്വീകരണമൊരുക്കിയത്. പൊലീസിന്റെ സുരക്ഷാമുന്നറിയിപ്പ് മറികടന്നാണ് പരിപാടി നടത്തിയതെന്ന് റിപ്പോർട്ടുണ്ട്. സെക്രട്ടറിയറ്റും നിയമസഭയും ഉൾക്കൊള്ളുന്ന വിധാൻസൗധയിൽനിന്ന് വൈകിട്ട് അഞ്ചോടെ ചിന്നസ്വാമി സ്റ്റേഡിയം വരെ തുറന്ന ബസ്സിൽ വിക്ടറി പരേഡ് നടത്തുമെന്ന് ക്രിക്കറ്റ് അസോസിയേഷൻ പ്രഖ്യാപിച്ചിരുന്നു. ബുധൻ രാവിലെതന്നെ സ്റ്റേഡിയത്തിലും വിധാൻസഭയ്‌ക്ക് മുന്നിലും പതിനായിരങ്ങളൊഴുകിയെത്തി. ബംഗളൂരു മെട്രോയും സ്റ്റേഡിയത്തിന് സമീപത്തെ റോഡും ഗതാഗതക്കുരുക്കിൽപ്പെട്ടു. സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞു. തിരക്കിൽ പലരും കുഴഞ്ഞുവീണു. ആരാധകർ വിധാൻസൗധയുടെ ഗേറ്റിനുമുകളിലും ബസുകൾക്ക് മുകളിലും മരങ്ങളിലും നിലയുറപ്പിച്ചു. തിരക്ക് നിയന്ത്രണാതീതമായതോടെ പൊലീസ് ലാത്തിവീശി.
പകൽ 1.30ഓടെ എച്ച്എഎൽ വിമാനത്താവളത്തിലിറങ്ങിയ ടീമിനെ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ഇവിടെയും വൻ ആൾക്കൂട്ടമായിരുന്നു. തുടർന്ന് വിധാൻസൗധയിൽ ഗവർണർ താവർചന്ദ് ഗെലോട്ട്, മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയവർ രജത് പട്ടിദാറിന്റെ നേതൃത്വത്തിലുള്ള ടീമിനെ സ്വീകരിച്ചു. തിരക്ക് കൈവിട്ടതോടെ വിക്ടറി പരേഡ് ഉപേക്ഷിച്ച് ടീമിനെ സ്റ്റേഡിയത്തിലെത്തിക്കുകയായിരുന്നു. ദുരന്തമറിഞ്ഞിട്ടും ആഘോഷപ്രകടനം തുടർന്നതും ആർസിബി ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിൽ വിജയാഘോഷത്തിന്റെ വീഡിയോ പങ്കുവച്ചതും ഏറെ വിവാദമായിരുന്നു.









0 comments