ബംഗളൂരുവിൽ യുവ പ്രൊഫഷണലിന്റെ ആത്മഹത്യ: ഉടൻ അന്വേഷണം പ്രഖ്യാപിക്കണം- എ എ റഹീം

ന്യൂഡൽഹി: ബംഗളൂരു ഓലയിലെ എഞ്ചിനീയർ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രത്യേക അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എ എ റഹീം എംപി കേന്ദ്ര തൊഴിൽ മന്ത്രിക്ക് കത്തയച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാഗമായ ക്രുട്രിമിലെ മെഷീൻ ലേണിങ് എഞ്ചിനീയരായ നിഖിൽ ജോലി സമ്മർദ്ദം മൂലമാണ് ആത്മഹത്യ ചെയ്തത്. ഇന്ത്യയിലെ സ്വകാര്യമേഖലയിൽ തൊഴിൽ ചൂഷണം വർദ്ധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ആത്മഹത്യ ചെയ്ത നിഖിൽ സോമവൻഷിയും തൊഴിൽ ചൂഷണം മൂലമുള്ള മാനസിക സമ്മർദ്ദങ്ങൾ അനുഭവിച്ചിരുന്നു. എറണാകുളത്തെ അന്നാ സെബാസ്ററ്യൻ എന്ന യുവതിയും സമാന സാഹചര്യത്തിലാണ് മരണപ്പെട്ടത്. പാർലമെൻ്റിൽ നിരവധി തവണ ഈ വിഷയം ഉന്നയിച്ചിരുന്നെങ്കിലും, അത് പഠിക്കാനോ നിയമ നിർമ്മാണം നടത്താനോ കേന്ദ്ര സർക്കാർ തയാറാവുന്നില്ല. സർക്കാരിൻ്റെ ഈ കുറ്റകരമായ മൗനം ചൂഷണത്തിനുള്ള അനുമതി നൽകലാണ്. റൈറ്റ് ടു ഡിസ്‌കണക്ട് നിയമ നിർമ്മാണത്തിലൂടെ ഉടൻ അവകാശമായി പ്രഖ്യാപിക്കണം.
മരണത്തിനിടയാക്കിയ തൊഴിൽ നയങ്ങളും മറ്റ് ജോലി സാഹചര്യങ്ങളും കൃത്യമായി അന്വേഷിക്കണമെന്നും, കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കത്തിലൂടെ എ എ റഹീം എംപി ആവശ്യപ്പെട്ടു.









0 comments