ഒഡിഷയിൽ ക്രൈസ്തവര്‍ക്കുനേരെ അതിക്രമം തുടരുന്നു ; കന്യാസ്ത്രീ നേരിട്ടത് ക്രൂരമായ അധിക്ഷേപം

ബജ്രംഗദൾ പ്രവർത്തകരിൽനിന്ന് അതിക്രമം നേരിട്ട സിസ്റ്റർ രചന നായിക്ക് ഖോര്‍ധ റോഡ് റെയിൽവെ പൊലീസ് സ്റ്റേഷനില്‍
ഭുവനേശ്വർ
മതപരിവർത്തനം ആരോപിച്ച് ഒഡിഷ ബെറാംപുരിനടുത്ത് ബജ്രംഗദൾ പ്രവർത്തകരിൽനിന്ന് കന്യാസ്ത്രീയും ഒപ്പമുണ്ടായിരുന്ന കുട്ടികളും നേരിട്ടത് ക്രൂരമായ അധിക്ഷേപവും വധഭീഷണിയും. തുടർച്ചയായി ക്രൈസ്തവർക്കുനേരെ അതിക്രമം നടക്കുമ്പോഴും ബിജെപി സർക്കാർ നടപടിയെടുക്കാത്തതിൽ പ്രതിഷേധം ശക്തം.
രാജ്യറാണി എക്സ്പ്രസ് ട്രെയിനിൽ യാത്രചെയ്യവേ ഹോളി ഫാമിലി സന്യാസിനീ സഭാംഗവും മധ്യപ്രദേശ് ഭോപ്പാലിലെ കോൺവന്റ് അംഗവുമായ സിസ്റ്റർ രചന നായിക്കി (29)നും കൂടെയുണ്ടായിരുന്ന സഹോദരനടക്കം രണ്ട് ആൺകുട്ടികൾക്കും നാല് പെൺകുട്ടികൾക്കും നേരെയായിരുന്നു അതിക്രമം. ശനിയാഴ്ച രാത്രി ഭുവനേശ്വറിൽനിന്ന് 20 കിലോമീറ്റർ അകലെയുള്ള ഖൊർധ റോഡ് റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം.
മുപ്പതോളം ബജ്രംഗദൾ പ്രവർത്തകർ ട്രെയിനിൽ ഇരച്ചുകയറുകയും കന്യാസ്ത്രീയെയും വിദ്യാർഥികളെയും അസഭ്യം പറയുകയും ട്രെയിനിൽനിന്നു വലിച്ചിറക്കുകയുമായിരുന്നു. റായ്പുരിലെ പരിശീലനകേന്ദ്രത്തിൽ വിദ്യാഭ്യാസ, തൊഴിൽ പരിശീലനത്തിനുപോകുന്ന കുട്ടികൾക്ക് തുണ പോയതായിരുന്നു രചന. കുട്ടികളിലൊരാൾ കരയുന്നതു കണ്ട ബജ്രംഗ് ദൾ പ്രവർത്തകർ മതപരിവർത്തനം ആരോപിച്ച് വിവരം പ്രചരിപ്പിക്കുകയായിരുന്നു. സ്ഥലത്തെത്തിയ റെയിൽവേ പൊലീസ് കന്യാസ്ത്രീയെയും കുട്ടികളെയും കസ്റ്റഡിയിലെടുത്ത് 18 മണിക്കൂർ സ്റ്റേഷനിലിരുത്തി. പൊലീസിനു മുന്നിലും അക്രമിസംഘം വധഭീഷണി മുഴക്കി. ആരോപണം വ്യാജമാണെന്നു തെളിഞ്ഞിട്ടും ഞായറാഴ്ച വൈകിട്ട് ആറോടെയാണ് ഇവരെ വിട്ടയച്ചത്.
കർമലീത്ത സഭ മഞ്ഞുമ്മൽ പ്രോവിൻസിനുകീഴിൽ ഒഡിഷയിലെ കുച്ചിൻഡയിൽ രണ്ടു മലയാളി വൈദികരെ അടുത്തിടെ തീവ്രഹിന്ദുത്വവാദികൾ ക്രൂരമായി മർദിച്ച് കെട്ടിയിട്ടിരുന്നു.









0 comments