ഇവിടെ ബജ്‌രംഗ്‌ദൾ അഴിഞ്ഞാടുകയാണ്...

ദുർഗിൽനിന്ന് ‘ദേശാഭിമാനി’ ചീഫ് ഫോട്ടോഗ്രഫർ പി വി സുജിത്ത് എഴുതുന്നു
ദുർഗ് സെഷൻസ് കോടതിക്ക് ചുറ്റും ഭീകരാന്തരീക്ഷമായിരുന്നു. ‘‘ഇത് കേരളമല്ല, ചത്തീസ്‌ഗഢാണ്, ഞങ്ങളുടെ നാടാണ്’’ എന്ന മുദ്രാവാക്യവുമായി ബജ്‌രംഗ്‌ദൾ പ്രവർത്തകർ. കേരളത്തിൽനിന്ന് കുറെപ്പേർ വന്ന് കന്യാസ്‌ത്രീകളെ രക്ഷിക്കുന്നത് കാണട്ടേയെന്ന് അവർ പറയുന്നുണ്ടായിരുന്നു. രാവിലെ മുതൽ ആക്രോശത്തോടെ ഇവർ കോടതിക്ക് മുന്നിൽ നിലകൊണ്ടു. കന്യാസ്‌ത്രീകളുടെ നാട്ടിൽനിന്ന് എത്തിയ ബന്ധുക്കൾക്ക് ഇവരുടെ സാന്നിധ്യം കാരണം കോടതി പരിസരത്തേയ്‌ക്ക് എത്താനായില്ല.
കന്യാസ്‌ത്രീകൾക്ക് ജാമ്യം ലഭിക്കുന്നത് തടയാൻ ആസൂത്രിത ശ്രമങ്ങളാണ് നടന്നത്. സെഷൻസ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഒഴിവാക്കാൻ ആദിവാസി മനുഷ്യക്കടത്ത് വകുപ്പ് കൂടി കേസിൽ ഉൾപ്പെടുത്തി. സെഷൻസ് കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടർമാർക്ക് പുറമെ ബജ്‌രംഗ്‌ദൾ പക്ഷത്തുനിന്ന് അഞ്ച് അഭിഭാഷകർ ഹാജരായി. ഈ കേസ് സെഷൻസ്‌കോടതിയുടെ അധികാരപരിധിക്ക് പുറത്താണെന്നും എൻഐഎയാണ് കേസ് അന്വേഷിക്കേണ്ടതെന്നും അവർ വാദിച്ചു. ആദിവാസിവിഭാഗങ്ങളുടെ മനുഷ്യക്കടത്ത് കേസുകൾ കൈകാര്യം ചെയ്യേണ്ടത് പ്രത്യേക കോടതികളാണ്. ചത്തീസ്‌ഗഡിൽ ഇത് ബിലാസ്‌പുരിലെ എൻഐഎ കോടതിയാണ് പരിഗണിക്കേണ്ടതെന്നും ബജ്‌രംഗ്‌ദൾ അഭിഭാഷകർ വാദിച്ചു. സർക്കാർ അഭിഭാഷകരും ഇതിനെ അനുകൂലിച്ചതോടെ കോടതിയിൽ ബജ്‌രംഗ്‌ദൾ വാദം അംഗീകരിക്കപ്പെട്ടു.
പൊലീസിന്റെ മെഗഫോൺ ഉപയോഗിച്ച് അനൗൺസ്‌മെന്റുകൾ നടത്തുന്ന ബജ്‌രംഗ്‌ദളുകാർ
അന്വേഷണം എൻഐഎയ്‌ക്ക് കൈമാറാൻ കോടതി നിർദേശിച്ചുവെന്ന് അറിഞ്ഞതോടെ പുറത്ത് ബജ്‌രംഗദൾ പ്രവർത്തകരുടെ ആഹ്ലാദപ്രകടനമായി. പുറത്തുവന്ന അഭിഭാഷകരെ അവർ മാലയിട്ട് സ്വീകരിച്ചു. പൊലീസുകാരും ബജ്‌രംഗ്‌ദൾ പ്രവർത്തകരും തമ്മിൽ ഹസ്‌തദാനം ചെയ്ത് സന്തോഷം പങ്കിടുന്നത് കാണാമായിരുന്നു. പൊലീസിന്റെ മെഗഫോൺ ഉപയോഗിച്ചാണ് ബജ്‌രംഗ്‌ദളുകാർ അനൗൺസ്‌മെന്റുകൾ നടത്തിയത്. ചുരുക്കത്തിൽ ബജ്‌രംഗ്‌ദളിന്റെ അഴിഞ്ഞാട്ടമാണ് നടക്കുന്നത്.









0 comments