'ലേഡി സൂപ്പര്‍സ്റ്റാര്‍' സരോജാദേവി വിടവാങ്ങി

ബംഗളൂരു
അറുപതുകളിലും എഴുപതുകളിലും തെന്നിന്ത്യന്‍ സിനിമ വ്യവസായത്തിന്റെ നെടുംതൂണായിരുന്ന "ലേഡി സൂപ്പര്‍സ്റ്റാര്‍' ബി സരോജാദേവി (87) വിടവാങ്ങി. തിങ്കളാഴ്‌ച ബംഗളൂരു മല്ലേശ്വരത്തെ വീട്ടിലായിരുന്നു അന്ത്യം. തമിഴ്, തെലുഗു, കന്നഡ, ഹിന്ദി ഭാഷകളിലായി ഇരുന്നൂറിലധികം സിനിമകളില്‍ വേഷമിട്ടു. 1955 മുതല്‍ 29 വര്‍ഷം തുടര്‍ച്ചയായി 161 ചിത്രങ്ങളില്‍ നായികാവേഷം ചെയ്‌തത് റെക്കോഡാണ്. എംജി ആറിനൊപ്പം 26ചിത്രങ്ങളിലും ശിവാജി ഗണേശനൊപ്പം 22 ചിത്രത്തിലും നായികയായി.
ഹിന്ദിയില്‍ ദിലീപ്‌കുമാർ, ഷമ്മി കപൂർ തുടങ്ങിയവർക്കൊപ്പവും തെലുഗുവില്‍ എന്‍ ടി രാമറാവുവിന് ഒപ്പവും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. കന്നഡ, തെലുഗു സിനിമകളിൽ ദശകങ്ങളോളം ഏറ്റവും ഉയര്‍ന്ന പ്രതിഫലം പറ്റുന്ന നടിയായി അറിയപ്പെട്ടു. അവരുടെ വസ്‌ത്രധാരണവും കേശാലങ്കാരവും അറുപതുകളില്‍ പുതിയ ഫാഷന്‍തരംഗം സ-ൃഷ്‌ടിച്ചു. ‘അഭിനയ സരസ്വതി’ എന്നും ‘കന്നഡത്തു പൈങ്കിളി’ എന്നും അറിയപ്പെട്ടു. ബംഗളൂരുവിൽ 1938 ജനുവരി ഏഴിന് ഭൈരപ്പ–-രുദ്രമ്മ ദമ്പതികളുടെ മകളായി ജനിച്ചു. 1955ൽ മഹാകവി കാളിദാസ എന്ന കന്നഡ സിനിമയിലൂടെ പതിനേഴാം വയസ്സിൽ സിനിമയിലെത്തി.
കന്നഡയില്‍ കിത്തൂർ ചെന്നമ്മ, ഭക്ത കനകദാസ, നാഗകന്നികെ, കസ്തൂരി നിവാസ എന്നിവയും തമിഴിൽ നാടോടി മന്നന്‍, തിരുമണം, തെലുഗുവിൽ പാണ്ഡുരംഗ മാഹാത്മ്യം, ഭൂകൈലാസ് തുടങ്ങിയ സിനിമകളിലൂടെ തെന്നിന്ത്യൻ സിനിമയിലെ തിരക്കേറിയ നായികനടിയായി.
മല്ലമാന പാവട, നയ്യാവേ ദേവരു, സ്‌കൂൾ മാസ്‌റ്റർ, എങ്ക വീട്ടുപിള്ളൈ, പൈഗം, അൻപേ വാ, അഞ്ചൽപെട്ടി 520, അരുണോദയം തുടങ്ങിയവ ശ്രദ്ധേയചലച്ചിത്രങ്ങൾ. 2019ൽ പുറത്തിറങ്ങിയ നാട്ടസാർവഭൗമ അവസാനചിത്രം. 1969ൽ പത്മശ്രീയും 1992ൽ പത്മഭൂഷണും നൽകി രാജ്യം ആദരിച്ചു. തമിഴ്‌നാട് സർക്കാരിന്റെ കലൈമാമാണി പട്ടം ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ തേടിയെത്തി. പരേതനായ ശ്രീഹർഷ ആണ് ഭർത്താവ്.









0 comments