പാർലമെന്റാണ് മുകളിലെന്ന കാഴ്‌ചപ്പാട് ശരിയല്ല , ജനാധിപത്യത്തിന്റെ മൂന്നു തൂണുകളും ഭരണഘടനയ്‌ക്ക് കീഴിൽ
ഭരണഘടനയാണ് പരമോന്നതം : ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി
ജനാധിപത്യ സംവിധാനത്തിൽ പരമോന്നതം ഭരണഘടനയാണെന്നും പാർലമെന്റല്ലെന്നും ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്. ഭരണഘടന ഭേദഗതിചെയ്യാൻ പാർലമെന്റിന് അധികാരമുണ്ടെങ്കിലും അടിസ്ഥാന സ്വഭാവം മാറ്റാനാവില്ലെന്ന് കേശവാനന്ദ ഭാരതി കേസ് ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. ജന്മനാടായ മഹാരാഷ്‌ട്രയിലെ അമരാവതിയിലെ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്.
‘പാർലമെന്റാണ് ഏറ്റവും ഉന്നതമെന്നാണ് പലരുടെയും പക്ഷം. എന്നാൽ, എന്റെ അഭിപ്രായത്തിൽ ഭരണഘടനയാണ് പരമോന്നതം. എക്‌സിക്യൂട്ടീവ്, ലെജിസ്ലേച്ചർ, ജുഡീഷ്യറി എന്നിവ ഭരണഘടനയ്‌ക്ക് കീഴിലാണ്. ഭരണഘടന നിർണയിച്ച പരിധികൾക്കപ്പുറം രാഷ്‌ട്രത്തിന്റെ ഒരു സ്ഥാപനത്തിനും പ്രവർത്തിക്കാനാകില്ലെന്ന് അടിസ്ഥാന തത്വം ഉറപ്പാക്കുന്നുണ്ട്. പൗരാവകാശങ്ങളുടെയും ഭരണഘടനാ മൂല്യങ്ങളുടെയും തത്വങ്ങളുടെയും സംരക്ഷകരാണ് ജഡ്‌ജിമാരെന്ന് എപ്പോഴും ഓർക്കണം– ചീഫ് ജസ്റ്റിസ് പറഞ്ഞു. പാർലമെന്റാണ് പരമോന്നതമെന്ന് ഉപരാഷ്‌ട്രതി ജഗദീപ് ധൻകർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ചീഫ് ജസ്‌റ്റീസിന്റെ പരാമർശം അതിനു മുറുപടിയായി മാറി.
ബുൾഡോസർരാജിനെ തടഞ്ഞ വിധി പരാമർശിച്ച അദ്ദേഹം പാർപ്പിടം മൗലികാവകാശമാണെന്ന് ചൂണ്ടിക്കാട്ടി. പൊതുജനാഭിപ്രായം വിധിയെ സ്വാധീനിക്കാൻ പാടില്ല. ആളുകൾ എന്തുപറയുന്നു എന്നത് വിധിയെ ബാധിക്കരുത്. ജഡ്‌ജിമാർ സ്വതന്ത്രമായി ചിന്തിക്കണം. ആർക്കിടെക് ആകാനായിരുന്നു താൽപര്യമെങ്കിലും സ്വതന്ത്ര്യസമര സേനാനിയായിരുന്ന അച്ഛനെ ജയിലടച്ചതോടെ താൻ നിയമവഴി തെരഞ്ഞെടുക്കുകയായിരുന്നു –-അദ്ദേഹം പറഞ്ഞു.









0 comments