ബുൾഡോസർ രാജിനെതിരെ വീണ്ടും രൂക്ഷവിമർശം
എക്‌സിക്യൂട്ടീവ് തന്നെ ജഡ്‌ജിയായാൽ അധികാര വിഭജനം തകരും: ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്

ന്യൂഡൽഹി
എക്‌സിക്യൂട്ടീവ് തന്നെ ജഡ്‌ജിയായാൽ ഭരണഘടനാദത്തമായ അധികാര വിഭജനം എന്ന ആശയത്തെ ആക്രമിക്കുന്നതിന് തുല്യമാണെന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്. ബിജെപി സംസ്ഥാനങ്ങൾ മുഖമുദ്രയാക്കിയ ബുൾഡോസർ രാജിനെ വിമർശിച്ചായിരുന്നു പരാമർശം. എന്നാൽ, മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പുറത്താക്കാൻ വ്യവസ്ഥ ചെയ്യുന്ന വിവാദ ഭരണഘടന ഭേദഗതി ബിൽ കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചതിനു പിന്നാലെയുള്ള പ്രതികരണം വലിയ ചർച്ചയായി. ഗോവ ഹൈക്കോടതി ബാർ അസോസിയേഷൻ സംഘടിപ്പിച്ച അനുമോദന ചടങ്ങിലായിരുന്നു പരാമർശം.
എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി, ലജിസ്‌ലേച്ചർ എന്നിവയ്‌ക്ക് അധികാര വിഭജനമെന്ന ആശയം ഭരണഘടന അംഗീകരിക്കുന്നു. എക്‌സിക്യൂട്ടീവിന് ജഡ്‌ജിയാകാൻ അനുവാദമുണ്ടെങ്കിൽ അധികാരവിഭജനമാകും ആക്രമിക്കപ്പെടുക. നിയമപരമായ നടപടിക്രമം പാലിക്കാതെയാണ് വീടുകൾ പൊളിച്ചുമാറ്റുന്നത്. പ്രതികൾ മാത്രമല്ല വീടുകളിൽ താമസിക്കുന്നത്. ശിക്ഷിക്കപ്പെടുന്നയാൾക്കും നിയമപരമായ അവകാശങ്ങൾക്ക് അർഹതയുണ്ട്. ബുൾഡോസർ രാജിനെതിരായ മാർഗനിർദേശം നടപ്പാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ജസ്റ്റിസുമാരായ ബി ആർ ഗവായ്, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് 2024ലാണ് സർക്കാരുകൾ നിയമവിരുദ്ധമായി ഇടിച്ചുനിരത്തൽ നടത്തുന്ന ബുൾഡോസർ രാജിന് തടയിട്ടത്. പട്ടികജാതി വിഭാഗങ്ങളുടെ ഉപവർഗീകരണത്തെ സംബന്ധിച്ച വിധിയിൽ സ്വന്തം സമുദായത്തിൽനിന്ന് തന്നെ കടുത്ത വിമർശനം നേരിട്ടുവെന്നും ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് പറഞ്ഞു.









0 comments