അഹമ്മദാബാദ് വിമാനാപകടത്തിന് രണ്ടുമാസം മുമ്പേ പാർലമെന്ററി സമിതി നല്‍കിയ റിപ്പോര്‍ട്ട് കേന്ദ്രം അവഗണിച്ചു
ആളും പണവും നൽകാതെ കേന്ദ്രം ; വ്യോമസുരക്ഷ അപകടത്തില്‍ , മുന്നറിയിപ്പ് തള്ളി

ന്യൂഡൽഹി
അഹമ്മദാബാദ് വിമാനാപകടത്തിന് രണ്ടുമാസം മുമ്പേ രാജ്യത്തെ വ്യോമസുരക്ഷ അപകടത്തിലാണെന്ന് പാർലമെന്ററി സമിതി നൽകിയ മുന്നറിയിപ്പ് കേന്ദ്രം അവഗണിച്ചു. വിമാനയാത്രയുടെ സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കാൻ നിയോഗിക്കപ്പെട്ട ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ) അടക്കം പ്രധാന ഏജൻസികളിൽ വേണ്ടത്ര ഉദ്യോഗസ്ഥരില്ലെന്ന റിപ്പോർട്ട് ഇരുസഭകളിലും സമർപ്പിച്ചു.
ജെഡിയു നേതാവ് സഞ്ജയ് ഝാ ചെയർമാനായ ഗതാഗതം, ടൂറിസം, സാംസ്‌കാരികം സ്റ്റാൻഡിങ് കമ്മിറ്റിയാണ് മാർച്ചിൽ റിപ്പോർട്ട് സമർപ്പിച്ചത്. സുരക്ഷാ, അടിസ്ഥാന സൗകര്യങ്ങൾക്കായി വെറും 35 കോടി മാത്രം അനുവദിച്ചതും സമിതി ചോദ്യംചെയ്‌തു.
വിമാനാപകട അന്വേഷണ ബ്യൂറോ(എഐഎബി)ക്ക് 20 കോടിയും ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിക്ക് 15 കോടിയും മാത്രമാണ് നൽകിയത്. ജീവനക്കാരുടെ കുറവ് സുരക്ഷയെ ബാധിക്കുമെന്നതിനാൽ ഉടന്‍ നിയമനങ്ങള്‍ നടത്തണമെന്ന ശുപാർശയും കേന്ദ്രം തള്ളി.
ഡിജിസിഎയില്‍ 879 ഒഴിവ്
വിമാന സർട്ടിഫിക്കേഷൻ, പൈലറ്റ്–- ക്രൂ ലൈസൻസിങ്, എയർലൈൻ പ്രവർത്തനം, ഫ്ലൈറ്റ് സ്‌കൂൾ, വ്യോമയാന നിയമം എന്നിവ ഉറപ്പാക്കാൻ നിയോഗിക്കപ്പെട്ട ഡിജിസിഎയിൽ 53 ശതമാനത്തിലധികം തസ്‌തിക ഒഴിഞ്ഞുകിടക്കുന്നു.1633 ഉദ്യോഗസ്ഥർ വേണമെന്നിരിക്കേ യുള്ളത് 754പേർ. നികത്താത്ത ഒഴിവ് 879.
ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി
ഷെഡ്യൂൾ ചെയ്‌ത എയർലൈനുകൾ സർവീസ് നടത്തുന്നത് ഉറപ്പാക്കൽ, സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പാക്കൽ, ഹൈജാക്കിങ്, അട്ടിമറി തുടങ്ങിയവ തടയൽ പ്രധാന ഉത്തരവാദിത്വം. 598 ഉദ്യോഗസ്ഥർ വേണമെന്നിരിക്കേ ആകെയുള്ളത് 208 പേർ മാത്രം.
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ
അടിസ്ഥാന സൗകര്യങ്ങൾ, പ്രാദേശിക കണക്‌ടിവിറ്റി, വിമാനങ്ങളുടെ സുഗമസഞ്ചാരം തുടങ്ങിയവ ഉറപ്പാക്കേണ്ട ഏജൻസി. 19,269 ഉദ്യോഗസ്ഥർ വേണ്ടയിടത്ത് 16004 പേർ മാത്രം. ഒഴിവ് 17ശതമാനം. അപേക്ഷ ക്ഷണിച്ചത് 309 തസ്‌തികയിലേക്ക് മാത്രം.









0 comments