ജനവാസമേഖലയിലേക്ക് ആക്രമണം

DRONE JAMMU

ഹിമാചൽപ്രദേശ് ധരംശാലയിൽ പതിച്ച മിസൈലിന്റേതെന്ന് സംശയിക്കുന്ന അവശിഷ്ടം

avatar
സ്വന്തം ലേഖകൻ

Published on May 11, 2025, 12:46 AM | 2 min read

ന്യൂഡൽഹി : ജമ്മു കശ്‌മീർ മുതൽ ഗുജറാത്തിലെ കച്ചിലെ അതിർത്തി പ്രദേശമായ നാലിയ വരെ 26 കേന്ദ്രങ്ങളിൽ വ്യോമാതിർത്തി ലംഘിച്ച്‌ ആക്രമണം നടത്താൻ പാകിസ്ഥാൻ ശ്രമിച്ചതായി ഇന്ത്യൻ സേനയും വിദേശമന്ത്രാലയവും വാർത്താസമ്മേളനത്തിൽ അറിയിച്ചു. ശ്രീനഗർ, അവന്തിപുർ, ഉധംപുർ എന്നിവിടങ്ങളിൽ ആശുപത്രികൾ, സ്‌കൂളുകൾ എന്നിവ പാകിസ്ഥാൻ ലക്ഷ്യമിട്ടു. ഫിറോസ്‌പുരിലും ജലന്ധറിലും സിവിലിയൻ കേന്ദ്രങ്ങളിലേക്ക് ആക്രമണമുണ്ടായി.

പാക്‌ ആക്രമണത്തിൽ ഉധംപുർ, ഭുജ്, പത്താൻകോട്ട്, ഭട്ടിൻഡ വ്യോമസേന കേന്ദ്രങ്ങളില്‍ ഉപകരണനാശമുണ്ടായെന്ന് വിദേശ സെക്രട്ടറി വിക്രം മിസ്രി, വിങ്‌ കമാൻഡർ വ്യോമിക സിങ്‌, കേണൽ സോഫിയ ഖുറേഷി എന്നിവർ അറിയിച്ചു. നിയന്ത്രണരേഖയിൽ പോർവിമാനങ്ങളും ഡ്രോണുകളും ഉപയോഗിച്ച്‌ ഒന്നിലേറെതവണ ആക്രമണ ശ്രമമുണ്ടായി. ഇവയെല്ലാം പ്രതിരോധിക്കാനായി. ശക്തമായി തിരിച്ചടിച്ച ഇന്ത്യൻ സേന പാകിസ്ഥാന്റെ വ്യോമതാവളങ്ങൾആക്രമിച്ചു.

പഞ്ചാബിലെ ആദംപുരിലുള്ള മിസൈൽ പ്രതിരോധ സംവിധാനം എസ്‌–-400, ഹരിയാനയിലെ സിർസ, രാജസ്ഥാനിലെ സൂറത്ത്‌ഗഡ്‌ വ്യോമസേന കേന്ദ്രങ്ങൾ, നഗ്രോട്ടയിലെ ബ്രഹ്മോസ് സംഭരണ ​​കേന്ദ്രം, ചണ്ഡിഗഡിലെ ആയുധ ഡിപ്പോ തുടങ്ങിയവ തകർത്തുവെന്ന പാകിസ്ഥാന്റെ അവകാശവാദം പച്ചക്കള്ളമാണ്‌. ഈ കേന്ദ്രങ്ങളുടെ ഏറ്റവുംപുതിയ ചിത്രങ്ങളും പുറത്തുവിട്ടു. പവർ ഗ്രിഡുകൾ, സൈബർ നെറ്റ്‌വർക്കുകൾ എന്നിവയുൾപ്പെടെ ഇന്ത്യയുടെ നിർണായക അടിസ്ഥാന സൗകര്യങ്ങൾ സുരക്ഷിതം. ഇന്ത്യൻ മിസൈലുകൾ അഫ്ഗാനിസ്ഥാനിൽ പതിച്ചുവെന്ന പരിഹാസ്യമായ നുണ പാകിസ്ഥാൻ ആവർത്തിക്കുകയാണെന്നും കേണൽ സോഫിയ ഖുറേഷി പറഞ്ഞു.

പാകിസ്ഥാൻ ഉപയോഗിച്ചത്‌ ഫത്താ 2 മിസൈൽ

ന്യൂഡൽഹി: പാകിസ്ഥാൻ ഫത്താ 2 മിസൈൽ ഉപയോഗിച്ചാണ്‌ ശനിയാഴ്‌ച പുലർച്ചെ വ്യോമാതിർത്തി ലംഘിച്ച ഇന്ത്യൻ വ്യോമതാവളങ്ങൾക്ക്‌ നേരെ ആക്രമണത്തിന്‌ ശ്രമിച്ചത്‌. പാകിസ്ഥാൻ തദ്ദേശീയമായി നിർമിച്ച ഗൈഡഡ് ആർട്ടിലറി റോക്കറ്റ് സംവിധാനമാണ് ഫത്താ- 2. 2021 ഡിസംബറിലാണ്‌ ഔദ്യോഗികമായി പരീക്ഷിച്ചത്‌. ഫത്താ-1 ന്റെ പരിഷ്‌കരിച്ച പതിപ്പാണിത്‌. പരമ്പരാഗത യുദ്ധമുനകൾ വഹിക്കാൻ ഇതിനാകും.

സൈനിക താവളങ്ങൾ, റഡാർ സംവിധാനങ്ങൾ, ലോജിസ്റ്റിക്കൽ സൗകര്യങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവ ആക്രമിക്കുകയാണിതിന്റെ ലക്ഷ്യം. മിസൈലിൽ സജ്ജീകരിച്ച ടെർമിനൽ ഗൈഡൻസ് സിസ്റ്റം പറക്കലിന്റെ അവസാനഘട്ടത്തിൽ അതിന്റെ പാത ക്രമീകരിക്കാൻ ഇതിനെ സഹായിക്കുന്നു. നൂതന ഏവിയോണിക്‌സും ഇനേർഷ്യൽ സാറ്റലൈറ്റ് നാവിഗേഷൻ സിസ്റ്റങ്ങളും കൊണ്ട് സജ്ജീകരിച്ചിരിക്കുന്നതാണിതിന്റെ മാർഗനിർദേശക സംവിധാനം. 10 മീറ്ററിൽ താഴെയുള്ള ഒരു സർക്കുലർ എറർ പ്രോബബിൾ (സിഇപി) ഉപയോഗിക്കുന്നതിനാൽ ഫത്താ 2ന്റെ ലക്ഷ്യസ്ഥാനത്തിന്റെ 10 മീറ്ററിനുള്ളിൽ പതിക്കാനാകും.

ദൂരപരിധി 250–- 400 കിലോമീറ്റർ. പാകിസ്ഥാൻ പഞ്ചാബ്‌ അതിർത്തിയിലേക്ക്‌ തൊടുത്തുവിട്ട കാമികാസെ ഡ്രോണുകളെയും വ്യോമസേന നിർവീര്യമാക്കി. അമൃത്‌സറിലേക്ക്‌ ശനിയാഴ്‌ച പുലർച്ചെ അഞ്ചിന്‌ നിയന്ത്രണരേഖ കടന്നെത്തിയ ഉഗ്ര സ്‌ഫോടനശേഷിയുള്ള ഡ്രോണുകളെയാണ്‌ പരാജയപ്പെടുത്തിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Home