രാകേഷ് ടിക്കായത്തിനുനേരെ ആക്രമണം: എസ്‌കെഎം അപലപിച്ചു

മുസഫർനഗർ: കർഷക നേതാവ് രാകേഷ് ടിക്കായത്തിനുനേരെയുണ്ടായ ആൾക്കൂട്ട ആക്രമണത്തെ സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം) ശക്തമായി അപലപിച്ചു. ഉത്തർപ്രദേശിലെ മുസഫർനഗറിൽ പൊതു ചടങ്ങിനെത്തിയപ്പോഴാണ് ടിക്കായത്തിനെ തീവ്രഹിന്ദുത്വവാദികൾ ആക്രമിച്ചത്. പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനെതിരെ നടന്ന ആക്രോശ് റാലിയിൽ പങ്കെടുക്കുകയായിരുന്നു ടിക്കായത്ത്. ആക്രമണം നടത്തിയ എല്ലാവരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഉത്തർപ്രദേശിലെ ജംഗിൾ രാജ് അവസാനിപ്പിക്കണമെന്നും എസ്‌കെഎം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഭീകരാക്രമണത്തിനെതിരെ മുഴുവൻ ജനങ്ങളെയും ഒന്നിപ്പിക്കുന്നതിനുപകരം, 'മോദി മോദി' എന്ന് വിളിച്ചുകൊണ്ട് ഒരു കൂട്ടം ആളുകൾ ടിക്കായത്തിനെ കൈയേറ്റം ചെയ്യുകയായിരുന്നു. കൊടി കെട്ടിയ വടികൾകൊണ്ട് ടിക്കായത്തിനെ മാരകമായി ആക്രമിക്കുകയും അദ്ദേഹത്തിന്റെ തലപ്പാവ് സംഘർഷത്തിനിടെ താഴെ വീഴ്ത്തുകയും ചെയ്തു.
ആൾക്കൂട്ട ആക്രമണം തടയുന്നതിൽ സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ പരാജയപ്പെട്ടു. ഇത് ആർഎസ്‌എസ്-ബിജെപി കൂട്ടുകെട്ടിന്റെ ദേശവിരുദ്ധ, നവ-ഫാസിസ്റ്റ് സമീപനമാണ് തുറന്നുകാട്ടിയത്. എസ്‌കെഎം നേതാവിനെതിരായ ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും അപലപിക്കുകയോ കുറ്റവാളികളെ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പ് നൽകുകയോ ചെയ്തില്ല എന്നതും ശ്രദ്ധേയമാണ്.
ഭീകരാക്രമണത്തിനെതിരെ എല്ലാ വിഭാഗം ജനങ്ങളിലും നിലനിൽക്കുന്ന രോഷം മുതലെടുത്ത് ന്യൂനപക്ഷങ്ങൾ, കർഷകർ, തൊഴിലാളികൾ, ഇന്ത്യയുടെ മതനിരപേക്ഷ, ജനാധിപത്യ പാരമ്പര്യങ്ങൾ മുറുകെപ്പിടിക്കുന്ന പുരോഗമന വിഭാഗങ്ങൾ എന്നിവർക്കെതിരെയും വിദ്വേഷം വളർത്താൻ ആർഎസ്എസ്-ബിജെപി കൂട്ടുകെട്ട് ശ്രമിക്കുകയാണ്.
കർണാടകയിലെ മംഗലാപുരത്തും ഉത്തർപ്രദേശിലെ ആഗ്രയിലും രണ്ട് മുസ്ലീം യുവാക്കൾ സംഘപരിവാർ ഉൾപ്പെട്ട തീവ്ര വലതുപക്ഷ വർഗീയ സംഘടനകളാൽ ക്രൂരമായി കൊല്ലപ്പെട്ടു. ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ കശ്മീരി വിദ്യാർഥികളും വ്യാപാരികളും ജീവന് ഭീഷണി നേരിടുകയാണ്. ന്യൂനപക്ഷങ്ങൾക്കും കർഷകർക്കും അധ്വാനിക്കുന്ന ജന വിഭാഗങ്ങൾക്കും നേരെ ബിജെപി-ആർഎസ്എസ് കൂട്ടുകെട്ട് നടത്തുന്ന ഭിന്നിപ്പിക്കുന്നതും അക്രമാസക്തവുമായ പ്രചരണങ്ങൾ തുറന്നുകാട്ടാൻ എല്ലാ വിഭാഗം ജനങ്ങളോടും എസ്‌കെഎം ആഹ്വാനം ചെയ്തു.
സാമ്രാജ്യത്വവും അന്താരാഷ്ട്ര ഭീകര ശക്തികളും ആർഎസ്‌എസ്-ബിജെപി കൂട്ടുകെട്ടിന്റെ കീഴിലുള്ള നവ-ഫാസിസ്റ്റ് ശക്തികളും ദേശീയ ഐക്യത്തിന് ഗുരുതരമായ ഭീഷണി ഉയർത്തുന്ന ഈ ഘട്ടത്തിൽ എല്ലാ വിഭാഗങ്ങളിലെയും ബഹുജന-വർഗ സംഘടനകൾ ഒരുമിച്ചു പ്രവർത്തിക്കണമെന്നും സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടു. ഇന്ത്യയിലെ ജനങ്ങളുടെ മതനിരപേക്ഷവും ജനാധിപത്യപരവുമായ സ്വഭാവം സംരക്ഷിക്കുന്നതിനും ജനങ്ങളുടെ ഐക്യം ഊട്ടിയുറപ്പിക്കുന്നതിനുമായി, ഗ്രാമീണ-നഗര തലങ്ങളിൽ എല്ലാ വിഭാഗങ്ങളുമായി കൈകോർത്ത് ക്യാമ്പയിനുകൾ സംഘടിപ്പിക്കുമെന്നും എസ്‌കെഎം പ്രസ്താവനയിൽ അറിയിച്ചു.









0 comments