ജബൽപുരിൽ ക്രൈസ്തവ പുരോഹിതർക്ക് നേരെ ആക്രമണം; കേസെടുത്ത് പൊലീസ്: നടപടി നാല് ദിവസത്തിന് ശേഷം

JABALPUR ATTACK
വെബ് ഡെസ്ക്

Published on Apr 04, 2025, 07:24 PM | 1 min read

ജബൽപുര്‍: ജബൽപുരിൽ ക്രൈസ്തവ പുരോഹിതന്മാർക്ക് നേരെയുണ്ടായ ആക്രമണത്തിൽ കേസെടുത്ത് പൊലീസ്. സംഭവം നടന്ന് നാലു ദിവസത്തിന് ശേഷമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായ സംഹിത പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇതുവരെ ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ക്രൈസ്തവരെ ആക്രമിച്ച ആളുകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.


"ഭാരതീയ ന്യായ സംഹിത പ്രകാരം കേസിൽ ഞങ്ങൾ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോകളിൽ കാണുന്ന ആളുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്തിരിക്കുന്ന വകുപ്പുകൾ ഞാൻ പരിശോധിച്ചുവരികയാണ്"- സിറ്റി പോലീസ് സൂപ്രണ്ട് സതീഷ് കുമാർ സാഹു പിടിഐയോട് പറഞ്ഞു. എന്നാൽ കേസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ ഉദ്യോ​ഗസ്ഥർ തയാറായിട്ടില്ല.


ബിജെപിയും സംഘപരിവാറും ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് കഴിഞ്ഞ ദിവസം നടന്ന ആക്രമണമെന്ന് പ്രതിപക്ഷം ഇന്നലെ ലോക്‌സഭയിൽ വിഷയം ഉന്നയിക്കാൻ ശ്രമിച്ചിരുന്നു. വിഷയത്തിൽ ചർച്ച നടത്താൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ എംപിമാർ ലോക്‌സഭയിൽ നിന്ന് ഇന്നലെ വാക്ക്ഔട്ട് ചെയ്തിരുന്നു.‍


ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ ജബൽപുരിലെ പൊലീസ് സ്റ്റേഷനിൽ പൊലീസുകാര്‍ നോക്കിനിൽക്കെയാണ് മലയാളികളായ രണ്ട് കത്തോലിക്ക പുരോഹിതരെയടക്കം തീ​വ്ര ഹി​ന്ദു​ത്വ​വാ​ദി​കള്‍ തല്ലിച്ചതച്ചത്. രഞ്ചി പോലീസ് സ്റ്റേഷൻ പരിസരത്ത് വെച്ചാണ് ആക്രമണമുണ്ടായത്. ജബൽപുരിലെ വികാരി ജനറലായ ഫാ.ഡേവിസ് ജോര്‍ജ്, ഫാ. ടി ജോര്‍ജ് എന്നിവരെ ജയ് ശ്രീറാം വിളിച്ചെത്തിയ വിഎച്ച്പി, ബജ്‍രം​ഗദള്‍ പ്രവര്‍ത്തകര്‍ മര്‍ദിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. മണ്ട്‍ല മഹാരാജ്പുരിലെ അമ്പതിലേറെ ആദിവാസികളെ ക്രിസ്തുമതത്തിലേക്ക് മാറ്റാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയത്.


എപ്രിൽ ഒന്നിന് മ​ണ്ട്‍ല ഇ​ട​വ​ക​യി​ൽ ജൂബിലി 2025 ആ​ഘോഷത്തിന്റെ ഭാ​ഗമായി വി​ശ്വാ​സി​ക​ള്‍ ജ​ബ​ല്‍​പൂ​രി​ലെ വി​വി​ധ ക​ത്തോ​ലി​ക്ക പ​ള്ളി​ക​ളി​ലേക്ക് തീ​ര്‍​ഥാ​ട​നം ന​ട​ത്തു​ന്ന​തി​നി​ടെയാണ് സംഭവം. കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്ന സംഘത്തെ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് വിഎച്ച്പിക്കാര്‍ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോവുകയായിരുന്നു. അവരെ സഹായിക്കാനെത്തിയ വൈദികരെയാണ് മർദിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Home