എടിഎമ്മുകൾ അടയ്ക്കില്ല; പ്രചരിക്കുന്നത് വ്യാജവാർത്ത

ന്യൂഡൽഹി : സംഘർഷ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ എടിഎമ്മുകളെല്ലാം അടച്ചിടുമെന്ന തരത്തിൽ വരുന്ന വാർത്തകൾ വ്യാജമെന്ന് മുന്നറിയിപ്പ്. 3 ദിവസം എടിഎമ്മുകൾ അടച്ചിടുമെന്ന വാർത്തകളാണ് പ്രചരിച്ചത്. സൈബർ അറ്റാക്കിനെത്തുടർന്നായിരുന്നു എടിഎമ്മുകൾ അടയ്ക്കുന്നത് എന്നാണ് വാർത്തകൾ വന്നത്. എന്നാൽ ഇവയെല്ലാം വ്യാജമാണെന്ന് പ്രസ് ഇൻഫോർമേഷൻ ബ്യൂറോ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും ജനങ്ങളോട് സർക്കാർ അഭ്യർഥിച്ചു.
വാട്സാപ്പ് വഴിയാണ് സന്ദേശം വ്യാപകമായി പ്രചരിച്ചത്. നിലവിൽ എടിഎമ്മുകൾ അടയ്ക്കുന്ന സാഹചര്യം ഇല്ലെന്നും രാജ്യവ്യാപകമായി എടിഎമ്മുകൾ സാധാരണപോലെ പ്രവർത്തിക്കുമെന്നും അധികൃതർ വ്യക്തമാക്കി. സ്ഥിരീകരിക്കാത്ത വിവരങ്ങൾ പങ്കുവയ്ക്കരുതെന്നും പ്രസ് ഇൻഫോർമേഷൻ ബ്യൂറോ അറിയിച്ചു. എടിഎമ്മുകൾ അടയ്ക്കുകയാണെന്ന വാർത്ത പ്രചരിച്ചതോടെ ജനങ്ങൾ ആശങ്കയിലായിരുന്നു. പലയിടത്തും ബാങ്കുകളിൽ ആളുകൾ തള്ളിക്കയറുകയും ചെയ്തു.
ഡാൻസ് ഓഫ് ദ ഹിലരി എന്ന പേരിൽ പാകിസ്ഥാൻ ഇന്ത്യയ്ക്കെതിരെ സൈബർ ആക്രമണം നടത്തുന്നുണ്ടെന്നും ഈ വൈറസ് വഴി മൊബൈൽ ഫോണുകൾ ഫോർമാറ്റ് ചെയ്യപ്പെടുമെന്നും വ്യാജ വാർത്ത പ്രചരിച്ചിരുന്നു. സ്ഥിരീകരിക്കാത്ത വാർത്തകൾ വിശ്വസിക്കരുതെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും കേന്ദ്രം പറഞ്ഞിരുന്നു.
സോഷ്യൽ മീഡിയ വഴിയും പാകിസ്ഥാനിലെ മുഖ്യധാരാ മാധ്യമങ്ങളും വഴി ആക്രമണങ്ങൾ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതായി പ്രസ് ഇൻഫോർമേഷൻ ബ്യൂറോ വ്യക്തമാക്കിയിരുന്നു. ഇന്ത്യക്കാരെ ഭയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും ഇവയുടെ സാധുത നിരന്തരം പരിശോധിച്ച് വരികയാണെന്നും പിഐബി പറഞ്ഞു.
പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ മിസൈൽ ആക്രമണം നടത്തിയെന്ന അവകാശവാദവുമായി ഒരു പഴയ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. എന്നാൽ ഈ വീഡിയോ 2020ൽ ലെബനനിലെ ബെയ്റൂട്ടിൽ നടന്ന ആക്രമണത്തിന്റേതാണെന്ന് വ്യക്തമായി. ജമ്മു കശ്മീരിലെ രജൗറിയിൽ ചാവേറാക്രമണം നടന്നതായ വാർത്തയും വസ്തുതാവിരുദ്ധമാണെന്ന് തെളിഞ്ഞു. സൈനിക തയ്യാറെടുപ്പ് സംബന്ധിച്ച് കരസേനാ മേധാവി (CoAS) ജനറൽ വി കെ നാരായൺ വടക്കൻ കമാൻഡിലെ ആർമി ഓഫീസർക്ക് ഒരു കത്ത് കൈമാറിയതായും പ്രചരിച്ചിരുന്നു. എന്നാൽ പരിശോധനയിൽ ജനറൽ വി കെ നാരായൺ സിഒഎസ് അല്ലെന്ന് കണ്ടെത്തുകയും കത്ത് വ്യാജമാണെന്നും സ്ഥിരീകരിച്ചു.
അമൃത്സറിനെയും ഇന്ത്യൻ പൗരന്മാരെയും ആക്രമിക്കാൻ സൈന്യം അംബാല വ്യോമതാവളം ഉപയോഗിച്ചുവെന്ന് തരത്തിൽ സോഷ്യൽ മീഡിയയിൽ കുപ്രചരണം നടന്നിരുന്നു. ഈ അവകാശവാദം പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്നും തെറ്റായ വിവര പ്രചാരണത്തിന്റെ ഭാഗമാണെന്നും കണ്ടെത്തി. ഇന്ത്യയിലുടനീളമുള്ള വിമാനത്താവളങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ടെന്നതും വ്യാജമാണെന്ന് കണ്ടെത്തി. യുദ്ധ സംബന്ധമായ നിരവധി തെറ്റായ വാർത്തകൾ പ്രചരിക്കുന്നുണ്ട്. ജനങ്ങളിൽ തെറ്റിദ്ധാരണ പരത്താനും ഭയപ്പെടുത്താനുമാണ് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത്. ഇത്തരം നീക്കങ്ങൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചു.









0 comments