അന്വേഷണവുമില്ല, നവീകരണവുമില്ല; ഡൽഹിയിൽ വിമാന സർവ്വീസ് കൂട്ടത്തോടെ മുടങ്ങിയത് അന്വേഷിക്കണമെന്ന് എടിസി ഗിൽഡ്

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിലെ ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിംഗ് സിസ്റ്റത്തിന്റെ (AMSS) കൂട്ടത്തകരാർ അന്വേഷിക്കണമെന്ന് എയർ ട്രാഫിക് കൺട്രോളേഴ്‌സ് ഗിൽഡ് സിവിൽ ഏവിയേഷൻ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. മറ്റ് പ്രധാന വിമാനത്താവളങ്ങളിലെ സിസ്റ്റം അപ്‌ഗ്രേഡുകൾ അവലോകനം ചെയ്യണമെന്നും ആവശ്യപ്പെട്ടു. ലോകത്തിലെ തന്നെ അപൂർവ്വമായ കൂട്ടത്തകരാറിൽ കേന്ദ്രസർക്കാർ മൗനം തുടരുന്നതിനിടെയാണ് എടിസി ഗിൽഡ് ആവശ്യവുമായി എത്തിയിരിക്കുന്നത്.
എയർ ട്രാഫിക് കൺട്രോളിന്റെ ഫ്ലൈറ്റ് പ്ലാനിംഗ് പ്രക്രിയയെ പിന്തുണയ്ക്കുന്ന AMSS-ലെ സാങ്കേതിക പ്രശ്‌നം വലിയ പ്രതിസന്ധിയായിരുന്നു. വ്യാഴം വെള്ളി ദിവസങ്ങളിൽ ഡൽഹി വിമാനത്താവളത്തിൽ 800-ലധികം വിമാനങ്ങൾ വൈകുകുന്നതിന് ഇടയാക്കി. 46 വിമാന സർവ്വീസുകൾ റദ്ദാക്കുകയും ചെയ്യേണ്ടി വന്നു. നേരത്തെ ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത പ്രശ്നമാണ്.
എഎഐയുടെ കമ്മ്യൂണിക്കേഷൻ, നാവിഗേഷൻ ആൻഡ് സർവൈലൻസ് (സിഎൻഎസ്) വിഭാഗത്തിന്റെ കാര്യക്ഷമത, ഉത്തരവാദിത്തം, ഘടനാപരമായ യുക്തി എന്നിവ വിലയിരുത്തണമെന്ന് എയർ ട്രാഫിക് കൺട്രോളേഴ്‌സ് (എടിസി) ഗിൽഡ് ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ് (എഎഐ) എയർ ട്രാഫിക് കൺട്രോളും സിഎൻഎസ് സേവനങ്ങളും നൽകുന്നത്. ഇതിന്റെ ഉത്തരവാദിത്തവും അവർക്കാണ്.
എഎംഎസ്എസ് പരാജയത്തെക്കുറിച്ച് മന്ത്രാലയം അന്വേഷണം നടത്തണമെന്ന് ഗിൽഡ് ആവശ്യപ്പെട്ടു. ഏവിയേഷൻ മന്ത്രി കെ. റാംമോഹൻ നായിഡു സാങ്കേതിക തകരാറിനെക്കുറിച്ച് വിശദമായ വിശകലനം നടത്താനും ബാക്കപ്പ് സെർവറുകൾ സ്ഥാപിക്കാനും നിർദ്ദേശിച്ചിരുന്നു. എന്നാൽ അന്വേഷണത്തിന് മുതിർന്നില്ല.
മുംബൈ, ബാംഗ്ലൂർ, തുടങ്ങി മെട്രോ വിമാനത്താവളങ്ങളിൽ പോലും ഓട്ടോമേഷൻ സംവിധാനത്തിന് നിലവിലെ കനത്ത ഗതാഗത ഭാരം കൈകാര്യം ചെയ്യാൻ പറ്റാത്ത അവസ്ഥ തുടരുകയാണെന്ന് ഗിൽഡ് കത്തിൽ ചൂണ്ടികാട്ടി. ഇവിടെയൊന്നും നവീകരണ നീക്കമില്ല. പുറത്തു നിന്നുള്ള സിഗ്നൽ ഇടപെടലുകളും അടുത്ത കാലത്ത് പതിവായി.
"സുരക്ഷിതമായ വ്യോമ ഗതാഗത സേവനങ്ങൾക്കായി ഗതാഗത ഭാരം കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിന് സിസ്റ്റം നവീകരണങ്ങൾ അത്യാവശ്യമാണ്," എന്ന് ഗിൽഡ് ചൂണ്ടികാട്ടി. കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ വർഷങ്ങളായി അലംഭാവം കാണിക്കുന്ന സാഹചര്യമാണ്. എടിസികൾ വിമാന സർവ്വീസ് നിയന്ത്രണത്തിലെ നിർണ്ണായക ഘടകങ്ങളാണ്.
രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ദേശീയ തലസ്ഥാനത്തെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (IGIA), എയർ ട്രാഫിക് കൺട്രോളർമാർ പ്രതിദിനം 2,500-ലധികം വിമാന ചലനങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഇപ്പോഴും പഴഞ്ചൻ സംവിധാനങ്ങൾ പിന്തുടരുന്നതിൽ ഗിൽഡ് ആശങ്ക പ്രകടിപ്പിച്ചു.
ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സിവിൽ ഏവിയേഷൻ വിപണികളിൽ ഒന്നാണ് ഇന്ത്യ.









0 comments