ഉത്തരകാശിയിൽ കുടുംബങ്ങൾ പ്രതിഷേധിക്കുന്നു
ധരാലിയിൽ ദുരന്തബാധിതർക്ക് വാഗ്ദാനം ചെയ്തത് അഞ്ച് ലക്ഷം, നൽകിയത് 5,000

ഉത്തരാഖണ്ഡ് സർക്കാരിനെതിരെ പ്രതിഷേധവുമായി മേഘ വിസ്ഫോടനത്തെത്തുടർന്ന് തകർന്ന ധരാലി ഗ്രാമത്തിലെ ദുരിതബാധിതർ. അടിയന്തര സഹായമായി പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ 5,000 ആയതോടെയാണ് ദുരിത ബാധിതർ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങേണ്ടി വന്നത്. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ നേതൃത്വത്തിലുള്ള സർക്കാർ തങ്ങളുടെ നഷ്ടത്തിന്റെ വ്യാപ്തി കുറച്ചുകാണുന്നുവെന്ന് ഗ്രാമവാസികൾ ആരോപിച്ചു.
അഞ്ച് ലക്ഷം മാധ്യമങ്ങൾ മുൻപാകെ പ്രഖ്യാപിച്ചു വെറും 5000 രൂപയാണ് ഇത്രയും വലിയ ദുരന്തത്തിന് ഇരയായി നിസ്സഹായരായി കഴിയുന്നവർക്ക് നൽകിയത്. ചെക്ക് സ്വീകരിക്കാൻ അവർ തയാറായില്ല.
ധരാലി നിവാസികൾ 5,000 രൂപയുടെ സർക്കാർ ചെക്കുകൾ നിരസിച്ചു. 5,000 രൂപ താൽക്കാലിക സഹായം മാത്രമാണെന്ന് പറഞ്ഞുകൊണ്ട് ഉത്തരകാശി ജില്ലാ മജിസ്‌ട്രേറ്റ് പ്രശാന്ത് ആര്യ ഈ നീക്കത്തെ ന്യായീകരിച്ചു. പ്രതിഷേധം ഉയർന്നതോടെ മുഴുവൻ നഷ്ടവും വിലയിരുത്തിയ ശേഷം വിശദമായ റിപ്പോർട്ട് തയ്യാറാക്കി ശരിയായ നഷ്ടപരിഹാരം നൽകും എന്ന് വിശദീകരിച്ചു.
മുഖ്യമന്ത്രി പറഞ്ഞതും ചെയ്തതും
വീടുകൾ ഇല്ലാതായവർക്കും ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിനും അടിയന്തരമായി അഞ്ച് ലക്ഷം രൂപ നൽകുമെന്നാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചത്. ദുരിതാശ്വാസ, പുനരധിവാസ നടപടികൾ മുൻഗണനാടിസ്ഥാനത്തിൽ സ്വീകരിച്ചുവരികയാണെന്നും ദുരിതബാധിതരുടെ ക്ഷേമവും പുനരുജ്ജീവനവും ഉറപ്പാക്കാൻ ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും സർക്കാർ ആവർത്തിക്കയും ചെയ്തു. എന്നാൽ അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാൻ തികയാത്ത തുക മാത്രമാണ് വിതരണം ചെയ്തത്.
ദുരന്തത്തിന് ഇരയായി മരിച്ചവരുടെ മൃതദേങ്ങൾ തെരച്ചിൽ നടത്തി കണ്ടുപിടിക്കുന്നതിൽ പോലും സംസ്ഥാന ബിജെപി സർക്കാർ പരാജയപ്പെട്ടു. ഇപ്പോഴും മരണപ്പെട്ടവരുടെയോ കണാതായവരുടെയോ കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. അഞ്ച് പേർ മരിച്ചതായും രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തതായും 49 പേരെ ഇപ്പോഴും കാണാനില്ലെന്നുമാണ് ഔദ്യോഗിക കണക്കുകൾ. ദുരന്തബാധിത മേഖലയിൽ നിന്ന് ഇതുവരെ 1,000-ത്തിലധികം പേരെ ഒഴിപ്പിച്ചു. വൈദ്യുതി, മൊബൈൽ കണക്റ്റിവിറ്റി, റോഡ് സൗകര്യം എന്നിവ പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. ദുരന്തബാധിതർക്ക് ഭക്ഷണം, വസ്ത്രം, അവശ്യവസ്തുക്കൾ എന്നിവ നൽകുന്നതിനായി കമ്മ്യൂണിറ്റി അടുക്കളകൾ പ്രഖ്യാപിച്ചിട്ടുണ്ട്.









0 comments