ഡൽഹിയിൽ റെയിൽവേ പരീക്ഷയ്ക്ക് എത്തിയ അസം സ്വദേശിയുടെ മൃതദേഹം ഉത്തരാഖണ്ഡിൽ

rosmita hojai
വെബ് ഡെസ്ക്

Published on Jun 11, 2025, 02:22 PM | 1 min read

ന്യൂഡൽഹി : ഡൽഹിയിൽ പരീക്ഷയ്ക്കെത്തിയ ശേഷം കാണാതായ അസം സ്വദേശിയുടെ മൃതദേഹം ഉത്തരാഖണ്ഡിൽ നിന്നും കണ്ടെത്തി. അസം ദിമ ഹസാവോ ജില്ലയിലെ സോന്തില ഹോജായ് ​ഗ്രാമത്തിൽ നിന്നുള്ള റോസ്മിത ഹോജായ് (20) യെയാണ് കാണാതായത്. അഞ്ച് ദിവസമായി റോസ്മിതയെ കാണാനില്ലായിരുന്നു. കഴിഞ്ഞ ദിവസമാണ് ഉത്തരാഖണ്ഡിൽ ദുരൂഹ സാഹചര്യത്തിൽ മൃതദേഹം കണ്ടെത്തിയത്.


ഈ മാസം ആദ്യമാണ് റെയിൽവേ റിക്രൂട്ട്‌മെൻ്റ് ബോർഡ് (ആർആർബി) പരീക്ഷ എഴുതാൻ റോസ്മിത അസമിൽ നിന്ന് ഡൽഹിയിലെത്തിയത്. ജൂൺ 5 ന് ഡൽഹിയിൽ എത്തിയ ശേഷം കുടുംബത്തിന് റോസ്മിതയുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി പൊലീസ് പറഞ്ഞു. ആർആർബി പരീക്ഷ എഴുതിയ ശേഷം റോസ്മിത രണ്ട് സുഹൃത്തുക്കളോടൊപ്പം ഉത്തരാഖണ്ഡിലേക്ക് പോയതായി റിപ്പോർട്ടുണ്ട്. 6 ന് റോസ്മിത മുൻ സഹപാഠിയായ ഹേമന്ത് ശർമ്മയ്ക്കും മറ്റൊരു സുഹൃത്തിനും ഒപ്പം ഋഷികേശിൽ എത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മൂവരും ശിവപുരിയിൽ ഒരു ക്യാമ്പിംഗ് യാത്ര പ്ലാൻ ചെയ്തിരുന്നുവെന്നും എന്നാൽ വൈകിട്ടോടെ കാണാതാവുകയായിരുന്നു എന്നാണ് വിവരം


കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളാണ് ഉത്തരാഖണ്ഡിലെ ശിവപുരി പൊലീസ് സ്റ്റേഷനിൽ റോസ്മിതയെ കാണാതായതായി അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൗരിയിലെ ഗംഗാ തീരത്തു നിന്ന് മൃതദേഹം കണ്ടെത്തി. മൃതദേഹം കണ്ടെടുത്തതായി ഉത്തരാഖണ്ഡ് പൊലീസ് സ്ഥിരീകരിച്ചെങ്കിലും മരണകാരണം വ്യക്തമാക്കിയിട്ടില്ല. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം കൃത്യമായി നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home