മോദിയുമായുള്ള ഫോൺസംഭാഷണത്തിന് പിന്നാലെയാണ് അസിം മുനീറിനെ വൈറ്റ്‌ഹൗസിൽ ട്രംപ് സ്വീകരിച്ചത്
പാക് സൈനികമേധാവിക്ക് ട്രംപിന്റെ വിരുന്ന് ; മോദി സർക്കാരിന് മൗനം

എം പ്രശാന്ത്
Published on Jun 20, 2025, 02:00 AM | 1 min read
ന്യൂഡൽഹി
ഭീകരസംഘടനകളെ പിന്തുണയ്ക്കുന്നുവെന്ന് ഇന്ത്യ ആരോപിക്കുന്ന പാക് സൈനികമേധാവി അസിം മുനീറിനെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ്‌ഹൗസിൽ സ്വീകരിച്ചത് മോദി സർക്കാരിന്റെ നയതന്ത്രത്തിനേറ്റ കനത്ത തിരിച്ചടിയായി. അസിം മുനീറുമായുള്ള കൂടിക്കാഴ്‌ചയെ താനൊരു ആദരവായി കാണുന്നുവെന്നാണ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്. അസിം മിടുക്കനായ വ്യക്തിയാണെന്നും അദേഹം യുദ്ധം അവസാനിപ്പിച്ചതിൽ തനിക്ക് നന്ദിയുണ്ടെന്നും ട്രംപ് പറഞ്ഞു.
വൈറ്റ്‌ഹൗസിൽ ഉച്ചവിരുന്നൊരുക്കിയാണ് മുനീറിനെ ട്രംപ് സ്വീകരിച്ചത്. ഇതിനോട് പ്രതികരിക്കാൻ മോദി സർക്കാർ തയ്യാറായിട്ടില്ല. മറ്റ് രാജ്യങ്ങളിലെ സൈനികമേധാവികളുമായി അമേരിക്കൻ പ്രസിഡന്റുമാർ കൂടിക്കാഴ്‌ച നടത്തുന്ന പതിവില്ല. സൈനികഭരണമുള്ള രാജ്യങ്ങളിലെ ഭരണാധികാരികളെ മാത്രമാണ് സാധാരണ അമേരിക്കൻ പ്രസിഡന്റുമാർ കാണാറുള്ളത്. ഇത് തെറ്റിച്ചാണ് മുനീറിനെ വൈറ്റ്‌ഹൗസിലേക്ക് ക്ഷണിച്ച് വിരുന്നൊരുക്കിയത്. പാക് പ്രസിഡന്റായിരുന്ന ഘട്ടത്തിൽ ജനറൽ പർവേസ് മുഷാറഫുമായി 1996ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷ് കൂടിക്കാഴ്‌ച നടത്തി. അതിനുശേഷം ആദ്യമായാണ് ഒരു പാക് സേനാതലവനുമായുള്ള കൂടിക്കാഴ്‌ച.
പാകിസ്ഥാൻ കേന്ദ്രീകരിച്ചുള്ള ഭീകരസംഘടനകൾക്ക് പിന്തുണ നൽകുന്നത് അസിം മുനീറാണെന്ന ആരോപണം ഇന്ത്യ മുന്നോട്ടുവെച്ചിരുന്നു. ഈ വാദത്തോട് അമേരിക്ക യോജിക്കുന്നില്ല എന്നതിന് തെളിവാണ് കൂടിക്കാഴ്‌ച.
കാനഡയിൽ ജി–-7 ഉച്ചകോടിയ്‌ക്കിടെ ട്രംപിനെ കാണാൻ മോദി താൽപ്പര്യപ്പെട്ടിരുന്നു. ഇത് ഒഴിവാക്കിയാണ് ട്രംപ് വാഷിങ്‌ടണിലേക്ക് മടങ്ങിയത്. ഫോണിൽ സംസാരിക്കാൻ മാത്രമാണ് താൽപ്പര്യപ്പെട്ടത്. മോദി–- ട്രംപ് ഫോൺസംഭാഷണത്തിന് പിന്നാലെയാണ് മുനീർ വൈറ്റ്‌ഹൗസിലെത്തിയത്. മുനീറിനെ കണ്ടതിന് ശേഷം ട്രംപ് മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങളിൽനിന്ന് തന്നെ പഹൽഗാം ആക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ മുന്നോട്ടുവയ്ക്കുന്ന വാദങ്ങളോട് അമേരിക്കക്ക് യോജിപ്പില്ലെന്ന് തെളിഞ്ഞു. മോദിയുടെ വാദംതള്ളി ഇന്ത്യ–-പാക് വെടിനിർത്തലിന്റെ ക്രെഡിറ്റ് തനിക്കാണെന്ന് ട്രംപ് ആവർത്തിക്കുകയുംചെയ്‌തു.









0 comments