കന്യാസ്ത്രീകളുടെ അറസ്റ്റ്: പാർലമെന്റിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ്

ന്യൂഡൽഹി: ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾ ആരോപിച്ച് അറസ്റ്റ് ചെയ്ത സംഭവത്തിൽ ചർച്ച ആവശ്യപ്പെട്ട് പാർലമെന്റിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. സിപിഐ എം കോൺഗ്രസ്- എംപിമാരാണ് നോട്ടീസ് നൽകിയത്. വിഷയത്തിന്റെ ഗുരുതര സ്വഭാവം കണക്കിലെടുത്ത് സഭ നിർത്തിവെച്ച് വിഷയം ചർച്ചചെയ്യണമെന്നും ആവശ്യപ്പെട്ടു.
പാർലമെന്റ് കവാടത്തിന് മുമ്പിൽ ഇന്ത്യസഖ്യം പ്രതിഷേധിക്കും. സിപിഐ എം പ്രതിഷേധ പ്രകടനം നടത്തും. വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായിക്ക് കത്തയച്ചിട്ടുണ്ട്. കന്യാസ്ത്രീകളെ ഉടൻ മോചിപ്പിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. അടിയന്തിര നടപടി ആവശ്യപ്പെട്ട് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
ദുർഗ് റെയിൽവേ സ്റ്റേഷനിൽവെച്ച് അറസ്റ്റിലായ കന്യാസ്ത്രീകളായ സി പ്രീതി മേരി, സി വന്ദന ഫ്രാൻസിസ് എന്നിവരെ റിമാൻഡ് ചെയ്ത് ജയിലിൽ അടച്ചിരിക്കയാണ്. ബജ്റംഗ്‌ദൾ പ്രവർത്തകർ കന്യാസ്ത്രീകളെ വളഞ്ഞ് ആക്രമിച്ചാണ് പൊലീസിൽ ഏല്പിച്ചത്. ഇവർ യാത്ര ചെയ്യാൻ എത്തിയപ്പോൾ സ്റ്റേഷനകത്തെ ടിക്കറ്റ് പരിശോധകൻ തന്നെ വർഗ്ഗീയ സംഘടനകൾക്ക് വിവരം കൈമാറി എന്നാണ് പരാതി.
ഞായറാഴ്ചയായതിനാൽ ജാമ്യാപേക്ഷ നൽകാനായിട്ടില്ല. ഇതു കാരണം ഇവർ ജയിലിൽ തുടരേണ്ട സാഹചര്യം സൃഷ്ടിച്ചു.
കന്യാസ്ത്രീകൾക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടും നേരിട്ട് ഇടപെടണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. കസ്റ്റഡിയിലെടുത്തശേഷം ഇവരുമായി ആശയവിനിമയം നടത്താൻ കഴിഞ്ഞിട്ടില്ലെന്നുള്ള ബന്ധുക്കളുടെ പരാതിയിലും പ്രധാനമന്ത്രിയുടെ അടിയന്തിര ശ്രദ്ധ ആവശ്യപ്പെട്ടു.
സിറോ മലബാർ സഭ, കെസിബിസി ജാഗ്രതാ കമ്മിഷൻ എന്നിവരും പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്.
വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യിപ്പിച്ചു
ജൂലൈ 26 ശനിയാഴ്ച ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ വെച്ച് അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (എഎസ്എംഐ) യിലെ രണ്ട് കത്തോലിക്കാ കന്യാസ്ത്രീകളെയും നാരായൺപൂർ നിവാസിയായ സുഖ്മാൻ മാണ്ഡവി എന്ന യുവാവിനെയും 18 നും 19 നും ഇടയിൽ പ്രായമുള്ള മൂന്ന് യുവതികളെയുമാണ് ബജ്രങ്ദൾ പ്രവർത്തകർ തടഞ്ഞത്. ഇവരുടെ നിർബന്ധത്തെ തുടർന്ന് ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), 1968 ലെ ഛത്തീസ്ഗഡ് മതസ്വാതന്ത്ര്യ നിയമം എന്നിവ പ്രകാരം മനുഷ്യക്കടത്ത്, മതപരിവർത്തനം എന്നീ കുറ്റങ്ങൾ ചുമത്തി.
നാരായൺപൂർ നിവാസിയായ സുഖ്മാൻ മാണ്ഡവി, പ്രീതി മേരി, വന്ദന ഫ്രാൻസിസ് എന്നീ രണ്ട് കന്യാസ്ത്രീകൾ എന്നിവരെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന സംഘത്തെ റെയിൽവേ ടിക്കറ്റ് പരിശോധകൻ ചോദ്യം ചെയ്തതിനെ പിന്നാലെയാണ് സംഭവത്തിന്റെ തുടക്കം. പെൺകുട്ടികളും ഒരു പുരുഷനും കന്യാസ്ത്രീകൾ കാത്തുനിന്നിരുന്ന പ്ലാറ്റ്‌ഫോമിലേക്ക് കയറി. പരീക്ഷകൻ അവരുടെ ടിക്കറ്റുകളെക്കുറിച്ച് ചോദിച്ചു. കന്യാസ്ത്രീകളുടെ പക്കൽ ടിക്കറ്റുകളുണ്ടെന്ന് അവർ പറഞ്ഞു. ഉടൻ തന്നെ പരിശോധകൻ പ്രാദേശിക ബജ്‌റംഗ്ദൾ അംഗങ്ങളെ വിവരം അറിയിച്ചു.
കന്യാസ്ത്രീകൾ യുവതികളെ ആഗ്രയിലെ കോൺവെന്റുകളിൽ വീട്ടുജോലിക്ക് നിയമിക്കുന്നതിനായി അനുഗമിക്കുകയായിരുന്നു. "ഈ സ്ത്രീകൾക്ക് 8,000 മുതൽ 10,000 രൂപ വരെ പ്രതിമാസ ശമ്പളമുള്ള അടുക്കള സഹായികളായി ജോലി വാഗ്ദാനം ചെയ്തിരുന്നു. അവർക്ക് മാതാപിതാക്കളിൽ നിന്നുള്ള സമ്മതപത്രങ്ങൾ ഉണ്ടായിരുന്നു, എല്ലാവരും 18 വയസ്സിന് മുകളിലുള്ളവരായിരുന്നു," എന്ന് റായ്പൂർ അതിരൂപതയുടെ വികാരി ജനറൽ ഫാദർ സെബാസ്റ്റ്യൻ പൂമറ്റം വ്യക്തമാക്കി.
യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (യുസിഎഫ്) സമാഹരിച്ച ഡാറ്റ പ്രകാരം, ക്രിസ്ത്യാനികളെ ലക്ഷ്യം വച്ചുള്ള റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവങ്ങൾ 2014-ൽ 127 കേസുകൾ ആയിരുന്നത് 2024- എത്തിയപ്പോൾ 834 ആയി വർദ്ധിച്ചു.









0 comments