കന്യാസ്ത്രീകളുടെ അറസ്റ്റ്: എൽഡിഎഫ് എംപിമാര്‍ ഛത്തീസ്ഗഡിലേക്ക്

ഫോട്ടോ: പി വി സുജിത്
ന്യൂഡൽഹി: മതപരിവർത്തനവും മനുഷ്യക്കടത്തും നടത്തിയെന്ന് ആരോപിച്ച് മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായതിനെ തുടർന്ന് എൽഡിഎഫ് എംപിമാരും മുതിർന്ന സിപിഐ എം നേതാവ് ബൃന്ദ കാരാട്ടും ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറി ആനി രാജയും ഛത്തീസ്ഗഡിലേക്ക്. സിപിഐ എം ലോക്‌സഭാ നേതാവ് കെ രാധാകൃഷ്‌ണൻ, രാജ്യസഭാ അംഗങ്ങളായ എ എ റഹീം, പി പി സുനീർ, ജോസ് കെ മാണി എന്നിവരാണ് സംഘത്തിലുള്ളത്. ഉച്ചയ്ക്ക് 12ന് ഡൽഹിയിൽ നിന്ന് സംഘം പുറപ്പെട്ടു.
അതേസമയം അറസ്റ്റ് ചെയ്ത് നാലാംദിവസവും കന്യാസ്ത്രീകളെ സഭാ അധികൃതരുമായി ബന്ധപ്പെടാൻ പോലും പൊലീസ് അധികൃതർ അനുവദിച്ചില്ല. ‘നിർബന്ധിത മതപരിവർത്തനം’ ആരോപിച്ച് ചത്തീസ്‌ഗഡ് മതസ്വാതന്ത്ര നിയമത്തിലെ നാലാം വകുപ്പ്, മനുഷ്യക്കടത്തിന് ഭാരതീയ ന്യായ സംഹിതയിലെ 143 വകുപ്പുകൾ ചുമത്തിയാണ് കന്യാസ്ത്രീകളായ പ്രീതിമേരിയെ ഒന്നാംപ്രതിയാക്കിയും വന്ദനാഫ്രാൻസിസിനെ രണ്ടാം പ്രതിയാക്കിയും കേസെടുത്തിട്ടുള്ളത്. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ബിഎൻഎസിലെ 152ാം വകുപ്പും ചുമത്തി. പരമാവധി പത്തുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് കന്യാസ്‌ത്രീകൾക്ക് എതിരെ ചുമത്തിയിട്ടുള്ളത്.
നിലവിൽ റിമാൻഡിലുള്ള കന്യാസ്‌ത്രീകൾ തിങ്കളാഴ്‌ച്ച ദുർഗ് ജില്ലാകോടതിയിൽ ജാമ്യാപേക്ഷ നൽകുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ, എഫ്‌ഐആറിലെ ചില ഗുരുതര പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജാമ്യാപേക്ഷ പിന്നീട് നൽകിയാൽ മതിയെന്ന് തീരുമാനിച്ചു. മാതാപിതാക്കളുടെ അനുമതിയോടെ വീട്ടുജോലികൾക്കായി എത്തിയ പെൺകുട്ടികളെയും ബന്ധുവിനെയും കൂട്ടാനെത്തിയ കന്യാസ്‌ത്രീകളെയാണ് ബജ്‌റംഗ്‌ദൾ നേതാക്കളായ രത്തൻയാദവിന്റെയും ജ്യോതിശർമയുടെയും ശർമയുടെ നേതൃത്വത്തിലുള്ള ഗുണ്ടകൾ കൈയ്യേറ്റം ചെയ്‌തത്. ബജ്‌റംഗ്‌ദൾ പ്രവർത്തകർ തന്നെയാണ് ‘മതപരിവർത്തനം’ ആരോപിച്ച് പൊലീസിനെ വിളിച്ചുവരുത്തിയത്.









0 comments