നഗ്രോത്തയിലെ സൈനിക കേന്ദ്രത്തിന് നേരെയുള്ള ആക്രമണം സ്ഥിരീകരിച്ച് സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിലെ നഗ്രോത്തയിൽ സൈനിക കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണം സ്ഥിരീകരിച്ച് സൈന്യം. സംശായസ്പദമായ നീക്കം സൈനിക കേന്ദ്രത്തിന് നേരെ ഉണ്ടായി എന്നാണ് സൈന്യത്തിന്റെ വിഭാഗമായ വൈറ്റ് നൈറ്റ് കോർപ്സ് സ്ഥിരീകരിക്കുന്നത്. ശനിയാഴ്ച വെകിട്ടായിരുന്നു വെടിവയ്പ്പുണ്ടായത്. ആക്രമണ ശ്രമത്തെ സൈന്യം ശക്തമായി ചെറുത്തു. ആക്രമണത്തിൽ ഒരു ജവാന് പരിക്കേറ്റു. പരിക്ക് നിസാരമാണെന്നും ആക്രമിക്കായി പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്നും വൈറ്റ് നൈറ്റ് കോർപ്സ് എക്സിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.
അതീവ സുരക്ഷാ മേഖലയായ നഗ്രോത്തയിലെ സൈനിക കേന്ദ്രത്തിന് നേരെ തീവ്രവാദ ആക്രമണം ഉണ്ടായി എന്ന് നേരത്തെ വാർത്താ ഏജൻസി എൻഐ റിപ്പോർട്ട് ചെയ്തിരുന്നു. സൈനിക വേഷത്തിലെത്തിയ ഒരു ഭീകരൻ വെടിയുതിർത്തു എന്നായിരുന്നു റിപ്പോർട്ട്. പിന്നീട് ഏജൻസി തന്നെ ഈ വാർത്ത പിൻവലിച്ചു. എന്നാൽ ഉണ്ടായത് തീവ്രവാദ ആക്രമണം തന്നെയാണോ എന്ന് സേന നിലവിൽ സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, ആർഎസ്പുര മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പൊലീസ് വക്താവ് അറിയിച്ചു. സംശയാസ്പദമായ ഏതെങ്കിലും നീക്കം ശ്രദ്ധയില്‍പ്പെട്ടാല്‍ അത് പൊലീസിനെ അറിയിക്കണമെന്നും സമൂഹമാധ്യമങ്ങളിലൂടെ ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് തെളിവില്ലാത്ത വിവരങ്ങൾ പങ്കുവയ്ക്കരുതെന്നും പൊലീസ് വക്താവ് ആവശ്യപ്പെട്ടു. അനാവശ്യ ഭീതി സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.









0 comments