ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം: വീടുകൾ ഒലിച്ചുപോയി; 10 പേരെ കാണാനില്ല

uttarakhand cloudburst

PHOTO CREDIT: X

വെബ് ഡെസ്ക്

Published on Sep 18, 2025, 10:14 AM | 1 min read

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം. ചമോലി ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ മേഘവിസ്ഫോടനത്തിൽ 10 പേരെ കാണാതായെന്നാണ് റിപ്പോർട്ട്. മിന്നൽ പ്രളയത്തിലും മലവെള്ളപ്പാച്ചിലിലും ആറ് കെട്ടിടങ്ങൾ തകർന്നു. നിരവധി വീടുകൾ ഒലിച്ചുപോയി. കാണാതായവർക്കായി തിരച്ചിൽ ആരംഭിച്ചു. ദേശീയ ദുരന്ത നിവാരണ സേന (എൻ‌ഡി‌ആർ‌എഫ്) പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്.


നന്ദ ന​ഗറിൽ ബുധനാഴ്ച രാത്രിയാണ് മേഘവിസ്ഫോടനം ഉണ്ടായത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ രണ്ട് പേരെ രക്ഷപ്പെടുത്തി. ഇവരെ ഉടൻ തന്നെ മെഡിക്കൽ സംഘം ആശുപത്രിയിലേക്ക് മാറ്റി. കുന്ത്രി ലഗ ഫലി ഗ്രാമത്തിൽ നിന്നും ആറ് പേരെയും, സർപാണിയിൽ നിന്നും രണ്ട് പേരെയും, ധർമയിൽ നിന്നും രണ്ട് പേരെയുമാണ് കാണാതായത്. 10 വയസുകാരനും 75കാരനും കാണാതായവരിൽ ഉൾപ്പെടുന്നു.



ചിലർ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിലും വിടുകൾക്കുള്ളിലും കുടുങ്ങിക്കിടക്കുകയാണെന്ന് പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തിനും തിരച്ചിലിനും വെല്ലുവിളി ഉയർത്തുന്നു. ചമോലിയിൽ കനത്ത മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഡെറാഡൂണിൽ നാല് ദിവസങ്ങൾക്ക് മുമ്പുണ്ടായ മേഖവിസ്ഫോടനത്തിൽ 13 പേർ മരിച്ചു. റോഡുകളും, കടകളും, വീടുകളും തകർന്നിരുന്നു.


ഡെറാഡൂണിലെ രണ്ട് വലിയ പാലങ്ങൾ കഴിഞ്ഞ ദിവസം തകർന്നു. സമീപ പ്രദേശങ്ങളെ ഡെറാഡൂൺ ന​ഗരവുമായി ബന്ധിപ്പിക്കുന്ന പാലമാണ് തകർന്നത്. ഡെറാഡൂൺ, ചമ്പാവത്, ഉദ്ധം സിംഗ് നഗർ എന്നിവിടങ്ങളിൽ സെപ്തംബർ 20 വരെ അതിശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാൽ സംസ്ഥാന സർക്കാർ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മണ്ണിടിച്ചിലിനും, അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുണ്ടാകാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Home