ആന്ധ്രയിൽ ക്വാറി ഇടിഞ്ഞ് അപകടം; ആറ് തൊഴിലാളികൾക്ക് ദാരുണാന്ത്യം

ഹൈദരാബാദ് : ആന്ധ്രപ്രദേശിൽ ക്വാറി ഇടിഞ്ഞുണ്ടായ അപകടത്തിൽ ആറ് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ ബപട്‌ല ജില്ലയിലെ ഗ്രാനൈറ്റ് ക്വാറിയിലാണ് അപകടമുണ്ടായത്. ഒഡിഷയിൽ നിന്നുള്ള ആറ് തൊഴിലാളികളാണ് മരിച്ചത്. ബല്ലികുറാവയ്ക്ക് സമീപമുള്ള സത്യകൃഷ്ണ ഗ്രാനൈറ്റ് ക്വാറിയിലാണ് സംഭവം. ക്വാറിയുടെ ഒരു ഭാഗം ഇടിഞ്ഞുവീണ് പാറക്കല്ലുകൾ തൊഴിലാളികളുടെ മേൽ പതിച്ചാണ് അപകടമുണ്ടായത്.
അപകടം നടക്കുമ്പോൾ പതിനാറ് തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു. ഇതുവരെ ആറ് മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെടുത്തു. സംഭവസ്ഥലത്തു വച്ചു തന്നെയാണ് 6 പേർ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ എട്ട് തൊഴിലാളികളെ വിദഗ്ധ ചികിത്സയ്ക്കായി നരസറോപേട്ട് ആശുപത്രിയിലേക്ക് മാറ്റി. ചിലരുടെ നില ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടർമാർ പറഞ്ഞു. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ക്വാറിയിൽ മതിയായ സുരക്ഷാ പ്രോട്ടോക്കോളുകൾ നിലവിലുണ്ടോ എന്ന് ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്. പരിമിതമായ സംരക്ഷണമാണ് ക്വാറിയിലുണ്ടായിരുന്നതെന്നും ഇതാണ് അപകടകാരണമെന്നുമാണ് പ്രാഥമിക വിവരം. ദുരന്തത്തിൽ മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല.









0 comments