തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്തി ആന്ധ്രാ സർക്കാർ; പരമാവധി ജോലി സമയം 10 മണിക്കൂർ ആയി ഉയർത്തി

labour

labour

വെബ് ഡെസ്ക്

Published on Jun 07, 2025, 04:17 PM | 2 min read

വിജയവാഡ: തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്തി ആന്ധ്രാ സർക്കാർ. സ്വകാര്യ സ്ഥാപനങ്ങളിലും ഫാക്ടറികളിലും നിർബന്ധിത ജോലി സമയം ഒമ്പതിൽ നിന്ന് പത്ത് മണിക്കൂറായി ഉയർത്തി. തൊഴിൽ നിയമങ്ങൾ ഭേദഗതി ചെയ്യാൻ ആന്ധ്രാപ്രദേശിലെ ടിഡിപി നേതൃത്വത്തിലുള്ള സർക്കാർ അം​ഗീകാരം നൽകി. കൂടുതൽ നിക്ഷേപങ്ങളെയും വ്യവസായങ്ങളെയും ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ തീരുമാനമെന്നാണ് ചന്ദ്രബാബു നായിഡു സർക്കാറിന്റെ അവകാശവാദം. എന്നാൽ ഈ നീക്കം തൊഴിലാളികളെ "അടിമകളാക്കി" മാറ്റുമെന്ന് ട്രേഡ് യൂണിയനുകൾ വിമർശനം ഉന്നയിച്ചിട്ടുണ്ട്.


ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ തൊഴിൽ നിയമത്തിലെ പുതിയ ഭേദഗതികൾക്ക് കഴിഞ്ഞ ദിവസമാണ് അംഗീകാരം നൽകിയത്. തൊഴിൽ- വിശ്രമ സമയങ്ങൾ തമ്മിൽ സന്തുലിതാവസ്ഥ വേണമെന്ന് തൊഴിലാളികൾ ആവശ്യമുന്നയിക്കുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ നിർണായക നീക്കം. അഞ്ച് മണിക്കൂർ തുടർച്ചയായി ജോലി ചെയ്താൽ ഒരു മണിക്കൂർ വിശ്രമം എന്നത് ആറ് മണിക്കൂർ ജോലി ചെയ്താൽ ഒരു മണിക്കൂർ വിശ്രമം എന്നാക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി.


ഓവർടൈം, രാത്രി ഷിഫ്റ്റ് എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങൾ ഭേദഗതി ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു. വനിതാ തൊഴിലാളികൾക്ക് ഇപ്പോൾ രാത്രി ഷിഫ്റ്റുകൾ അനുവദനീയമാണ്. ഓവർടൈം ഷെഡ്യൂൾ 75 മണിക്കൂറിൽ നിന്ന് 144 മണിക്കൂറായി വർദ്ധിപ്പിച്ചു. അതിനാൽ 144 മണിക്കൂർ ജോലി ചെയ്താൽ മാത്രമേ തൊഴിലാളികൾക്ക് അധിക വേതനം ലഭിക്കാൻ അർഹതയുണ്ടാകു.


ബിസിനസ് ചെയ്യുന്നത് എളുപ്പമുള്ളതാക്കാനുള്ള (EoDB) നയത്തിന്റെ ഭാഗമായാണ് തൊഴിൽ നിയമ വകുപ്പുകൾ ഭേദഗതി ചെയ്യാൻ സർക്കാർ തീരുമാനിച്ചത്. നിയമങ്ങളിലെ ഇളവ് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാൻ സഹായിക്കും എന്നാണ് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് മന്ത്രി കെ പാർത്ഥസാരഥി പറഞ്ഞത്.


സർക്കാരിന്റെ നീക്കത്തെ സിപിഎം ആന്ധ്ര സംസ്ഥാന സെക്രട്ടറി വി ശ്രീനിവാസ റാവു അപലപിച്ചു. തൊഴിൽ സമയം നീട്ടുന്ന ഭേദ​ഗതി പിൻവലിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. "വൻകിട വ്യവസായികളെ പ്രീണിപ്പിക്കുന്നതിനായി നിയമങ്ങൾ ഭേദഗതി ചെയ്യാൻ സംസ്ഥാന സർക്കാരിൽ കേന്ദ്രം സമ്മർദ്ദം ചെലുത്തുന്നു. ഈ ഭേദഗതികൾ തൊഴിലാളികളെ അടിമകളാക്കുകയേയുള്ളൂ"- ശ്രീനിവാസ റാവു പറഞ്ഞു. തൊഴിൽ നിയമ ഭേദഗതികൾക്കെതിരെ രാജ്യത്തെ മുഴുവൻ തൊഴിലാളികളും ജൂലൈ 9 ന് പണിമുടക്കിന് തയ്യാറെടുക്കുമ്പോഴാണ് ആന്ധ്ര സർക്കാറിന്റെ പുതിയ തീരുമാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.



deshabhimani section

Related News

View More
0 comments
Sort by

Home