മണ്ഡല പുനർനിർണയം, ത്രിഭാഷാനയം ; മറുപടിയില്ലാതെ അമിത് ഷാ

ന്യൂഡൽഹി : മണ്ഡല പുനർനിർണയം നടപ്പാക്കിയാൽ ദക്ഷിണേന്ത്യക്ക് ലോക്‌സഭയിൽ നിലവിലുള്ള ആനുപാതിക പ്രാതിനിധ്യമായ 24 ശതമാനത്തിൽ കുറവുണ്ടാകില്ലെന്ന് ഉറപ്പുനൽകുമോയെന്ന ചോദ്യത്തിന് മറുപടി നൽകാതെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് രാജ്യസഭയിൽ നടന്ന ചർച്ചയിൽ ജോൺബ്രിട്ടാസ് എംപിയാണ് ചോദ്യമുന്നയിച്ചത്. രണ്ടുമണിക്കൂർ നീണ്ട മറുപടിപ്രസംഗത്തിൽ ഇതുൾപ്പടെ ബ്രിട്ടാസ് ഉന്നയിച്ച നിരവധി ചോദ്യങ്ങൾക്ക് അമിത്‌ഷാ മറുപടി നൽകിയില്ല.
കേരളത്തിന്റെ എട്ട് ബില്ലും തമിഴ്‌നാടിന്റെ 11 ബില്ലുമാണ് ഗവർണർമാർ തടഞ്ഞുവെച്ചിരിക്കുകയാണ്. പിഎം ശ്രീ നടപ്പാക്കിയില്ലെന്ന പേരിൽ കേരളത്തിന് അവകാശപ്പെട്ട 849 കോടി രൂപയും തമിഴ്‌നാടിനുള്ള 2152 കോടിയും വിതരണം ചെയ്‌തിട്ടില്ല. ത്രിഭാഷാ നയം നടപ്പാക്കണമെന്ന് വാശി പിടിക്കുന്ന കേന്ദ്രസർക്കാർ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ദക്ഷിണേന്ത്യൻ ഭാഷകൾ പഠിപ്പിക്കാൻ തയ്യാറാകുമോയെന്നും ബ്രിട്ടാസ് ചോദിച്ചു. ഔറംഗസേബിന്റെ പേരിൽ പ്രശ്‌നങ്ങളുണ്ടാക്കാനുള്ള നീക്കത്തിന്റെ പിന്നിലെ രാഷ്ട്രീയത്തെയും ബ്രിട്ടാസ് വിമർശിച്ചു. ഈ അവസരത്തിൽ അമിത്‌ഷാ ഇടപെട്ട് പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ചെങ്കിലും തന്ത്രം ഫലിച്ചില്ല.









0 comments