എന്തുകൊണ്ട് അമൃത്‌സർ; പഞ്ചാബ് മുഖ്യമന്ത്രിക്ക് അതൃപ്‌തി

ചണ്ഡീഗഡ് : അമേരിക്കയിൽനിന്ന് കയറ്റിഅയക്കുന്ന ഇന്ത്യക്കാരെ വഹിച്ചുള്ള സൈനികവിമാനങ്ങൾക്ക് ഇറങ്ങാൻ തുടർച്ചയായി അമൃത്‌സർ വിമാനത്താവളം തന്നെ തെരഞ്ഞെടുക്കുന്ന കേന്ദ്രസർക്കാർ നടപടിയിൽ കടുത്ത അതൃപ്‌തി പ്രകടിപ്പിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. എല്ലാ അനധികൃത കുടിയേറ്റക്കാരും പഞ്ചാബികളാണെന്ന് ചിത്രീകരിച്ച് സംസ്ഥാനത്തെ കരിവാരിത്തേക്കാനുള്ള ആസൂത്രിത നീക്കമാണിതെന്ന് അദ്ദേഹം വിമർശിച്ചു.
ഈ വിഷയത്തിൽ പഞ്ചാബിന്റെ കടുത്ത പ്രതിഷേധം വിദേശ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. അവർ ഇതുവരെ പ്രതികരിച്ചിട്ടില്ല. സ്വാതന്ത്ര്യസമരപ്രക്ഷോഭങ്ങളിൽ ചരിത്രപരമായ പങ്കാളിത്തമുള്ള സംസ്ഥാനമാണ് പഞ്ചാബ്. രാജ്യത്തിന്റെ ഭക്ഷ്യകലവറ കൂടിയാണ്. അങ്ങനെയുള്ള സംസ്ഥാനത്തെ അവഹേളിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ല. വിമാനത്തിലുള്ളവരിൽ അധികവും പഞ്ചാബുകാരാണെന്ന വാദം അംഗീകരിക്കാനാകില്ല. അതാണ് മാനദണ്ഡമെങ്കിൽ, അമേരിക്കയിൽ നിന്നെത്തിയ ആദ്യ വിമാനത്തിൽ 33 പേർ ഗുജറാത്തികളായിരുന്നു. എന്നിട്ടും വിമാനം അമൃത്‌സറിലാണ് ഇറക്കിയത് ഭഗവന്ത് മൻ ചൂണ്ടിക്കാട്ടി.









0 comments