‘മാറിടം സ്‌പർശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും ബലാത്സംഗമല്ല’; വിചിത്ര വിധിയുമായി അലഹാബാദ് ഹൈക്കോടതി

അലഹബാദ് ഹെെക്കോടതി, രാം മനോഹര്‍ നായാരണ്‍ മിശ്ര
അലഹബാദ്: പെൺകുട്ടിയുടെ മാറിടം സ്‌പർശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും നീർചാലിലൂടെ വലിച്ചിഴയ്‌ക്കുന്നതും ബലാത്സംഗമോ ബലാത്സംഗ ശ്രമമോ ചുമത്താൻ തക്കതായ കുറ്റമല്ലെന്ന് അലഹാബാദ് ഹൈക്കോടതി. ബലാത്സംഗവും അതിനുള്ള തയ്യാറെടുപ്പും തമ്മിലുള്ള വ്യത്യാസം വിശദീകരിച്ച് കൊണ്ടാണ് കോടതിയുടെ വാദം. കീഴ്‌കോടതി ചുമത്തിയ ബലാത്സംഗ കുറ്റത്തിനെതിരെ നൽകിയ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് രാം മനോഹര്‍ നായാരണ്‍ മിശ്ര ഈ വിചിത്ര വാദം ഉന്നയിച്ചത്. കീഴ്കോടതി ചുമത്തിയ കുറ്റങ്ങളില്‍ മാറ്റങ്ങള്‍ വരുത്തണമെന്നും അലഹബാദ് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
പവൻ, ആകാശ് എന്നിവർക്കെതിരെ കാസ്ഗഞ്ച് കോടതിയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ ലൈംഗികാതിക്രമം, പോക്‌സോ വകുപ്പുകള്‍ ചുമത്തിയത്. 2021ലായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് വാഹനത്തിൽ കയറ്റിയ പ്രതികൾ ലൈംഗികാതിക്രമത്തിന് ശ്രമിച്ചതായാണ് കേസ്.
പെൺകുട്ടിയുടെ പൈജാമയുടെ ചരടുകൾ പൊട്ടിച്ചെന്നും നീർച്ചാലിലൂടെ വലിച്ചിച്ചെന്നുമാണ് ആകാശിനെതിരായ ആരോപേണം. എന്നാൽ ഇതിന് മതിയായ തെളിവുകൾ ഇല്ലെന്നാണ് കോടതിയുടെ നിരീക്ഷണം. പെണ്‍കുട്ടിയെ നഗ്നയാക്കിയതായോ വസ്ത്രം അഴിച്ചതായോ സാക്ഷികള്‍ പറയുന്നില്ല എന്നതാണ് കോടതി ഇതിന് കാരണമായി പറയുന്നത്. പ്രതികൾ പെനട്രെറ്റിവ് സെക്സ് നടത്തിയതിന് തെളിവില്ലെന്ന് പറഞ്ഞാണ് ബലാത്സംഗവും ബലാത്സംഗ ശ്രമവും ചാർജുകൾ ഒഴിവാക്കാൻ ജസ്റ്റിസ് രാം മനോഹര്‍ നായാരണ്‍ മിശ്ര വിധിയിൽ പറഞ്ഞത്.
നേരത്തെയും ഈ തരത്തിലുള്ള വിവാദ ഉത്തരവുകൾ അലഹാബാദ് ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. ബലാത്സംഗ കേസ് ഇരയെ പ്രതി നിർബന്ധമായി വിവാഹം കഴിക്കണമെന്നതുൾപ്പെടെയുള്ള വിചിത്ര വിധി അലഹാബാദ് ഹൈക്കോടതിയാണ് പുറപ്പെടുവിച്ചത്. പ്രതി നരേഷ് മീണ ഇരയെ വിവാഹം കഴിച്ചോളാം എന്നറിയിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു വിചിത്ര വിധി. കേസിൽ നിന്നും മോചിതനായാൽ മൂന്ന് മാസത്തിനുള്ളിൽ പ്രതി ഇരയെ വിവാഹം കഴിക്കണമെന്ന ഉത്തരവ് ഫെബ്രുവരി 20 ന് ജസ്റ്റിസ് കൃഷൻ പഹാലാണ് പുറപ്പെടുവിച്ചത്.









0 comments