ഷാഹി ഈദ്ഗാഹിനെ തർക്കമന്ദിരമെന്ന് വിളിക്കരുതെന്ന് അലഹബാദ് ഹൈക്കോടതി; ഹർജി തള്ളി

അലഹബാദ് : മഥുരയിലെ "ഷാഹി ഈദ്ഗാഹ് മസ്ജിദു"മായി ബന്ധപ്പെട്ട കേസിൽ ഷാഹി ഈദ്ഗാഹ് എന്നതിന് പകരം "തർക്കമന്ദിരം" എന്ന പദം ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി അലഹബാദ് ഹൈക്കോടതി. വിഷയം തീർപ്പാക്കുന്നതിന് മുമ്പ് ഇത്തരത്തിലുള്ള പ്രഖ്യാപനം മുൻധാരണ സൃഷ്ടിക്കുന്നതിന് തുല്യമാണെന്ന് വ്യക്തമാക്കിയാണ് കോടതി ഹർജി നൽകിയത്. മാർച്ചിൽ അഭിഭാഷകൻ മഹേന്ദ്ര പ്രതാപ് സിങ് ആണ് പ്രസ്തുത ആവശ്യം ഉന്നയിച്ച് ഹർജി നൽകിയത്. കേസ് പരിഗണിച്ച ജസ്റ്റിസ് റാം മനോഹർ നരേൻ മിശ്രയാണ് ആവശ്യം തള്ളുകയാണെന്ന് ഉത്തരവ് പുറപ്പെടുവിച്ചത്.
നിലവിൽ 18 കേസുകളാണ് മസ്ജിദുമായി ബന്ധപ്പെട്ട് കോടതിയിലുള്ളത്. ശ്രീകൃഷ്‌ണ ജന്മഭൂമിയിലാണ് പള്ളി നിർമിച്ചിരിക്കുന്നതെന്നും അത് നീക്കി അവിടെ ഹിന്ദുക്കൾക്ക് ആരാധനയ്‌ക്ക് അവസരം ഒരുക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്. തുടർന്ന് ഷാഹി ഈദ്ഗാഹ് പള്ളിയിൽ സർവേ നടത്തണമെന്ന് 2023 ഡിസംബർ 14നാണ് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടത്. ശ്രീകൃഷ്ണ ജന്മഭൂമിയിലെ ക്ഷേത്രം പൊളിച്ചുമാറ്റിയാണ് ഔറംഗസേബ് കാലഘട്ടത്തിൽ പള്ളി നിർമിച്ചതെന്ന് ആരോപിച്ചാണ് തീവ്ര ഹിന്ദു സംഘടനകൾ രംഗത്തെത്തിയത്. മധുര കോടതിയിലടക്കമുള്ള കേസുകളിൽ അലഹബാദ് ഹൈക്കോടതി വിധി പറഞ്ഞിട്ടില്ല.









0 comments