ഭീകരതയുടെ അപകടം ലോകത്തെ അറിയിക്കണം : ജോൺ ബ്രിട്ടാസ്
സർവകക്ഷി സംഘങ്ങൾ ഇന്ന് പര്യടനം തുടങ്ങും


എം അഖിൽ
Published on May 21, 2025, 12:18 AM | 2 min read
ന്യൂഡൽഹി
പഹൽഗാം ഭീകരാക്രമണവും തുടർന്നുണ്ടായ ഓപ്പറേഷൻ സിന്ദൂറും ലോകരാജ്യങ്ങളെ ബോധ്യപ്പെടുത്താനുള്ള സർവകക്ഷി പ്രതിനിധി സംഘങ്ങൾ ബുധനാഴ്ച മുതൽ പര്യടനം തുടങ്ങും. ബുധനാഴ്ച ആദ്യസംഘം യുഎഇയിൽ എത്തും.
സിപിഐ എം രാജ്യസഭാകക്ഷി നേതാവ് ജോൺ ബ്രിട്ടാസ് അംഗമായ സംഘം ബുധൻ രാവിലെ ബാങ്കോക്ക് വഴി ജപ്പാൻ തലസ്ഥാനമായ ടോക്യോയിലേക്ക് പുറപ്പെടും. നാല് ദിവസങ്ങളിൽ മൊത്തം ഏഴ് സംഘങ്ങൾ മുപ്പതിലധികം രാജ്യങ്ങൾ സന്ദർശിക്കും.
ജനപ്രതിനിധികൾ, നയരൂപീകരണസംഘങ്ങൾ, മാധ്യമങ്ങൾ, അതത് രാജ്യങ്ങളിലെ ഇന്ത്യൻ സമൂഹങ്ങൾ തുടങ്ങിയവരുമായി ചർച്ചകൾ നടത്തും. പഹൽഗാമിലെ ഭീകരാക്രമണവും പാകിസ്ഥാനിലെ ഭീകരത്താവളങ്ങൾക്കുനേരെ ഇന്ത്യ നടത്തിയ ആക്രമണങ്ങളും പാകിസ്ഥാനില്‍നിന്നുണ്ടായ പ്രകോപനങ്ങളും ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയും സർവകക്ഷി സംഘങ്ങൾ വിശദീകരിക്കും. ഒരു രാജ്യത്ത് പരമാവധി രണ്ട് ദിവസം തങ്ങി ദിവസം എട്ട് പരിപാടികളിൽവരെ പങ്കെടുക്കും. അടുത്തരാജ്യത്തേക്കുള്ള യാത്ര രാത്രിയിലാവും.
അംഗങ്ങളുടെ ഉറക്കവും വിശ്രമവും വിമാനങ്ങളിലായിരിക്കും. മുൻ വിദേശകാര്യമന്ത്രിമാർ, മുൻ അംബാസഡർമാർ, വിദേശമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരുമുണ്ട്.
യുഎൻ രക്ഷാസമിതി സ്ഥിരാംഗങ്ങളായ രാജ്യങ്ങളും താൽക്കാലിക അംഗങ്ങളായ രാജ്യങ്ങളും സമീപഭാവിയിൽ അംഗങ്ങളാകാൻ പോകുന്ന രാജ്യങ്ങളും സന്ദർശിക്കും. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപറേഷനിൽ (ഒഐസി) അംഗങ്ങളായ സൗദി അറേബ്യ, ഖത്തർ, ബഹ്‌റൈൻ, ഖത്തർ, കുവൈറ്റ് എന്നിവിടങ്ങളിലും സന്ദർശനം നടത്തും.
പാകിസ്ഥാൻ ജൂലൈയിൽ രക്ഷാകൗൺസിൽ അധ്യക്ഷസ്ഥാനത്ത് എത്തുന്ന സാഹചര്യത്തിൽ കൗൺസിലിലെ സ്ഥിരം അംഗങ്ങളുടെയും താൽക്കാലിക അംഗങ്ങളുടെയും ഭാവി അംഗങ്ങളുടെയും പിന്തുണ അത്യാവശ്യമാണ്.
ഭീകരസംഘടനകൾക്കും ഭീകരർക്കും എതിരെ ആഗോളതലത്തിൽ നടപടി സ്വീകരിക്കുന്ന രക്ഷാകൗൺസിലിന്റെ 1267–-ാം പ്രമേയം പ്രകാരമുള്ള സമിതി, ഫിനാൻഷ്യൽ ആക്‍ഷൻ ടാസ്‌ക് ഫോഴ്‌സ് (എഫ്‌എടിഎഫ്) സമിതി എന്നിവിടങ്ങളിൽ ഇന്ത്യൻ നിലപാടുകൾക്ക് അംഗരാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമങ്ങളും നടത്തും.
ഭീകരതയുടെ അപകടം ലോകത്തെ അറിയിക്കണം : ജോൺ ബ്രിട്ടാസ്
പതിറ്റാണ്ടുകളായി ഇന്ത്യ നേരിടുന്ന ഭീകരതയുടെ അപകടത്തെക്കുറിച്ച് ലോകരാജ്യങ്ങളിൽ അവബോധമുണ്ടാക്കേണ്ടത് അനിവാര്യമാണെന്ന് സിപിഐ എം രാജ്യസഭാകക്ഷി നേതാവ് ജോൺ ബ്രിട്ടാസ്. ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാനുള്ള സർവകക്ഷി സംഘത്തിന്റെ വിവിധ രാജ്യങ്ങളിലെ സന്ദർശനത്തിന് മുന്നോടിയായി വിദേശ സെക്രട്ടറിയുടെ വിശകലനയോഗത്തിൽ പങ്കെടുത്തശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയെയും പാകിസ്ഥാനെയും ഒരേ തലത്തിൽ വച്ചുകെട്ടാനാണ് അമേരിക്കയുൾപ്പെടെയുള്ള ലോകരാജ്യങ്ങൾ ശ്രമിക്കുന്നത്. ഭീകരാക്രമണത്തിന്റെ തിക്താനുഭവങ്ങൾ നേരിടുന്ന രാജ്യമാണ് നമ്മുടേത്. ഇന്ത്യ മതാധിഷ്ഠിത രാജ്യമല്ലെന്നും വൈവിധ്യങ്ങളും ബഹുസ്വരതയും ജനാധിപത്യപ്രക്രിയയും നിലനിൽക്കുന്ന രാഷ്ട്രമാണെന്നും മറ്റു രാജ്യങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. നയതന്ത്ര ആശയവിനിമയത്തിന് അപ്പുറം മറ്റുരാജ്യങ്ങളിലെ അക്കാദമിക് സമൂഹം, വിദഗ്ധ സംഘങ്ങൾ, പൗരപ്രമുഖർ, മാധ്യമപ്രവർത്തകർ തുടങ്ങിയവരുമായി വിശാലമായ ആശയവിനിമയമാണ് ഉദ്ദേശിക്കുന്നത്–- അദ്ദേഹം പറഞ്ഞു.
ജോൺ ബ്രിട്ടാസ് ഉൾപ്പെടുന്ന ആദ്യ സംഘം ബുധൻ പകൽ 11ന് ജപ്പാനിലേക്ക് യാത്രതിരിക്കും. ദക്ഷിണ കൊറിയ, ഇന്ത്യോനേഷ്യ, സിംഗപ്പുർ, മലേഷ്യ തുടങ്ങിയ അഞ്ചു രാജ്യങ്ങൾ സന്ദർശിച്ച് ജൂൺ മൂന്നിന് തിരിച്ചെത്തും.









0 comments