തൃണമൂലിനും വിയോജിപ്പ്; പഠാൻ പിൻമാറിയെന്ന്
സർവകക്ഷി സംഘം ; കോൺഗ്രസിൽ ഭിന്നത രൂക്ഷം

മനീഷ് തിവാരി

എം അഖിൽ
Published on May 20, 2025, 03:58 AM | 2 min read
ന്യൂഡൽഹി
ഓപ്പറേഷൻ സിന്ദൂർ സർവകക്ഷി സംഘത്തിന്റെ പേരിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം. ശശി തരൂരിന് പുറമേ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മനീഷ് തിവാരിയും നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് രംഗത്തെത്തി. കോൺഗ്രസ് ഇന്ത്യയുടെ ഭാഗമല്ലേയെന്ന് മനീഷ് സമൂഹമാധ്യമ കുറിപ്പിൽ ചോദിച്ചു.
കോൺഗ്രസ് ശുപാർശ ചെയ്യാതെതന്നെ തരൂരിനെയും തിവാരിയെയും കേന്ദ്രസർക്കാർ വിദേശത്തേക്കുള്ള സർവകക്ഷിസംഘങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു. തരൂരിനെ അമേരിക്കയിലേക്കുള്ള സംഘത്തിന്റെ തലവനാക്കി. മനീഷ് തിവാരിയെ ഈജിപ്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സംഘത്തിൽ അംഗമാക്കി. കോൺഗ്രസ് സർവകക്ഷി സംഘങ്ങളിലേക്ക് ശുപാർശചെയ്ത പേരുകൾ തള്ളിയായിരുന്നു കേന്ദ്രസർക്കാർ തീരുമാനം. ശുപാർശ ചെയ്യാത്ത സൽമാൻ ഖുർഷിദിനെയും സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗത്യന്തരമില്ലാതെ ഇവർക്ക് സർവകക്ഷി സംഘത്തിന്റെ ഭാഗമാകാൻ നേതൃത്വം അനുമതി നൽകി. ഇതിനുപിന്നാലെ, പലരും മനീഷ് തിവാരിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പോസ്‌റ്റുകളിട്ടു. കോൺഗ്രസും എഎപിയും സഹായിച്ചാണ് നിങ്ങൾ തെരഞ്ഞെടുക്കപ്പെട്ടതെന്ന് മറക്കരുതെന്ന്- വിശാൽ സിങ് എന്നയാൾ തിവാരിയെ ടാഗ് ചെയ്‌ത് എക്സിൽ കുറിച്ചു. എന്താ ഈ പാർടികൾ ഇന്ത്യയുടെ ഭാഗമല്ലേയെന്നായിരുന്നു തിവാരിയുടെ മറുപടി. കോൺഗ്രസിനെ അറിയിക്കാതെയും അനുമതി വാങ്ങാതെയുമാണ് തരൂർ സർവകക്ഷി സംഘത്തിൽ അംഗമായതെന്നാണ് നേതൃത്വത്തിന്റെ ആരോപണം. തരൂർ ഒറ്റയ്‌ക്കല്ലെന്ന് മനീഷ് തിവാരി സൂചിപ്പിക്കുന്നു.
വിഷയത്തിൽ കോൺഗ്രസും ബിജെപിയും രാഷ്ട്രീയവാഗ്വാദം തുടരുകയാണ്. സംഘത്തിലേക്ക് പേരുകൾ ശുപാർശ ചെയ്യാൻ കോൺഗ്രസിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവിന്റെ അവകാശവാദമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.
ഇത് കള്ളമാണെന്നും സംഘങ്ങളിലേക്ക് പേരുകൾ ശുപാർശ ചെയ്യാൻ 16ന് മന്ത്രി കോൺഗ്രസ് അധ്യക്ഷനോടും ലോക്‌സഭാ പ്രതിപക്ഷനേതാവിനോടും ആവശ്യപ്പെട്ടതായി എഐസിസി ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് പ്രതികരിച്ചു.
തൃണമൂലിനും വിയോജിപ്പ്; പഠാൻ പിൻമാറിയെന്ന്
ഓപ്പറേഷൻ സിന്ദൂർ സർവകക്ഷി സംഘത്തിൽനിന്ന് തൃണമൂൽ കോൺഗ്രസ് എംപി യൂസഫ് പത്താൻ പിന്മാറിയതായി റിപ്പോർട്ട്. പാർടിയുമായി കൂടിയാലോചിക്കാതെ യൂസഫ് പഠാനെ സമിതിയിൽ അംഗമാക്കിയ കേന്ദ്രസർക്കാർ നടപടിയിൽ തൃണമൂൽ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. പിന്നാലെയാണ് പഠാൻ പിന്മാറിയതായ വാർത്ത.
കേന്ദ്രസർക്കാരിന് എങ്ങനെ തൃണമൂൽ പ്രതിനിധിയെ തീരുമാനിക്കാൻ കഴിയുമെന്ന് പാർടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ചോദിച്ചു. പ്രതിപക്ഷവുമായി ചർച്ച നടത്തിയ ശേഷമേ സർക്കാർ ഇത്തരം വിഷയങ്ങളിൽ തീരുമാനമെടുക്കാവൂ എന്നും- അദ്ദേഹം പറഞ്ഞു.









0 comments