അഖിലേന്ത്യ പണിമുടക്ക് തുടങ്ങി; തൊഴിലാളിദ്രോഹ നയങ്ങൾക്ക് താക്കീത്

ഉത്തര്‍പ്രദേശിലെ ഷാഹിബാബദില്‍ സിഐടിയു പ്രവർത്തകരുടെ പ്രകടനം | ഫോട്ടോ: പി വി സുജിത്
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ തൊഴിലാളിദ്രോഹ, കർഷകദ്രോഹ നയങ്ങൾക്കെതിരെയുള്ള അഖിലേന്ത്യ പണിമുടക്കിൽ ഒരേമനസ്സോടെ അണിനിരന്ന് നാട്. സംയുക്ത ട്രേഡ് യൂണിയൻ സമിതി നേതൃത്വത്തിൽ നടത്തുന്ന പണിമുടക്ക് ചൊവ്വ രാത്രി 12നാണ് ആരംഭിച്ചത്. കേരളത്തിൽ പണിമുടക്ക് സമ്പൂർണമാണ്. അസംഘടിത വിഭാഗത്തിലേതുൾപ്പെടെയുള്ള തൊഴിലാളികളും ജീവനക്കാരും വ്യാപാരികളും പണിമുടക്കി പ്രതിഷേധിക്കുകയാണ്. ബുധൻ രാത്രി 12 വരെയാണ് പണിമുടക്ക്.
ഹൈദരാബാദ് സിബിഎല്ലിൽ നടത്തിയ പ്രതിഷേധം
റെയിൽവേ, ഗതാഗതം, ഇൻഷുറൻസ്, ബാങ്കിങ്, തപാൽ, പ്രതിരോധം, ഖനി, നിർമാണം, ഉരുക്ക്, ടെലികോം, വൈദ്യുതി മേഖലകളിലെ തൊഴിലാളികൾ കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിക്കാൻ രംഗത്തിറങ്ങുകയാണ്.
ഉത്തർപ്രദേശിലെ ഷാഹിബാബദിൽ സിഐടിയു പ്രവർത്തകർ ലിങ്ക് റോഡ് ഉപരോധിക്കുന്നു | ഫോട്ടോ: പി വി സുജിത്
ആശ, അങ്കണവാടി, ഉച്ചഭക്ഷണ തൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ, ഓട്ടോ–-ടാക്‌സി ഡ്രൈവർമാർ, ബീഡി തൊഴിലാളികൾ തുടങ്ങിയവരും പണിമുടക്കിൽ പങ്കെടുക്കുന്നു.

തൊഴിലാളികളുടെ അവകാശങ്ങൾ ഹനിക്കുന്ന പുതിയ തൊഴിൽച്ചട്ടങ്ങൾ റദ്ദാക്കണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചുള്ള പണിമുടക്കിന് കർഷകരും കർഷകത്തൊഴിലാളികളും യുവജന–-വിദ്യാർഥി സംഘടനകളും ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
സംയുക്ത ട്രേഡ് യൂണിയൻ സമിതി എറണാകുളം പാലാരിവട്ടം ബൈപാസിൽ നടത്തിയ പ്രകടനം
സംയുക്ത കിസാൻ മോർച്ചയും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചു. ബിഎംഎസ് ഒഴികെ രാജ്യത്തെ എല്ലാ പ്രമുഖ ട്രേഡ്‌യൂണിയനുകളുടെയും മേഖലാതല ഫെഡറേഷനുകളുടെയും അസോസിയേഷനുകളുടെയും ആഭിമുഖ്യത്തിലാണ് പണിമുടക്ക്.
കോഴിക്കോട് നഗരത്തിൽ നടന്ന സഐടിയു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന പ്രകടനം
ന്യൂഡൽഹിയിലെ ജന്തർമന്തറിൽ തൊഴിലാളികളും കർഷകരും യുവജനങ്ങളും മാർച്ച് സംഘടിപ്പിക്കും. സംസ്ഥാനങ്ങളിൽ പ്രകടനങ്ങളും പൊതുയോഗങ്ങളും മറ്റ് പരിപാടികളും നടക്കുന്നുണ്ട്.









0 comments